മുംബൈ: ഐപിഎല്ലിലെ ഇംപാക്ട് പ്ലെയർ നിയമത്തിനെതിരെ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമ. ഐപിഎലിലെ ഇംപാക്ട് പ്ലെയർ നിയമം ഓൾറൗണ്ടർമാരുടെ ഭാവിയെ ബാധിക്കുമെന്ന് രോഹിത് ശർമ പറഞ്ഞു. ‘‘ഐപിഎലിലെ ഇംപാക്ട് പ്ലെയർ നിയമം ഓൾറൗണ്ടർമാരുടെ പ്രകടനത്തെയും ഭാവിയെയും ദോഷമായി ബാധിക്കുമെന്നാണ് എന്റെ അഭിപ്രായം. ക്രിക്കറ്റ് 11 പേരുടെ കളിയാണ്, 12 പേരുടേതല്ല.’’– രോഹിത് ശർമ പറഞ്ഞു.
‘‘ഐപിഎലിൽ വാഷിങ്ടൺ സുന്ദർ, ശിവം ദുബെ തുടങ്ങിയവർക്കു വേണ്ടത്ര ബോളിങ് അവസരം കിട്ടുന്നില്ല ഇപ്പോൾ. ഇത് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഭാവിക്ക് നല്ലതല്ല. ഇംപാക്ട് പ്ലെയര്‍ നിയമം ഉപയോഗിച്ച് ഐപിഎൽ ടീമുകൾ ബാറ്റർമാരെയും ബോളർമാരെയും അവസരത്തിനൊത്ത് ടീമിൽനിന്നു മാറ്റുന്നുണ്ട്. ഇത് ഓൾ റൗണ്ടർമാരുടെ കരിയറിന് ദോഷമാകുമെന്ന് രോഹിത്ത് പറഞ്ഞു.
ട്വന്റി20 ലോകകപ്പിൽ ഇന്ത്യൻ ടീമിലേക്ക് ഓൾ റൗണ്ടർ ശിവം ദുബെയെ പരിഗണിച്ചേക്കുമെന്ന് വിവരമുണ്ട്. ഐപിഎല്ലിൽ ബാറ്റിങ്ങിൽ ചെന്നൈ സൂപ്പർ കിങ്സിനായി താരം മികച്ച ഫോമിലാണ് കളിക്കുന്നത്. പക്ഷേ ബോളിങ്ങിൽ താരത്തിനു കാര്യമായ അവസരങ്ങൾ ലഭിക്കുന്നില്ല. താരത്തിന്റെ ലോകകപ്പ് ടീം സിലക്ഷനെ ഇത് ബാധിക്കുമെന്ന് ആശങ്കയുണ്ട്.