ചെന്നൈ : ആദ്യഘട്ടത്തിൽ തന്നെ പോളിംഗ് പൂർത്തിയാകുന്ന തമിഴ്നാട്ടിൽ പതിനൊന്നു മണിവരെ 23.8% പോളിംഗ്. കൃഷ്ണഗിരി ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെടുന്ന കടവരഹള്ളി ഗ്രാമത്തിലെ വോട്ടർമാർ സമ്പൂർണമായി വോട്ട് ബഹിഷ്ക്കരിച്ചു. ഗ്രാമത്തിലേക്ക് വേണ്ട സംവിധാനങ്ങൾ ഒരുക്കുന്നതിൽ രാഷ്ട്രീയ നേതൃത്വം കാട്ടിയെന്ന് ആരോപിച്ചാണ് ഗ്രാമീണർ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുന്നത് .9 മണിയായിട്ടും ഒരൊറ്റ വോട്ട് പോലും പോൾ ചെയ്യാതെ ഇരുന്നതോടെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ഗ്രാമീണരുമായി ചർച്ച നടത്തുന്നുണ്ട്.
ചെന്നൈയിലെ മൂന്നു മണ്ഡലങ്ങളിലും തണുത്ത പ്രതികരണമാണ്. കള്ളക്കുറിച്ചി മണ്ഡലത്തിലാണ് ഇതുവരെ കൂടുതൽ പോളിങ്. അഞ്ചോളം ഇടങ്ങളിൽ ഇവിഎം തകരാറിനെ തുടർന്ന് 20 മിനിറ്റോളം വോട്ടെടുപ്പു വൈകി. മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ, പ്രതിപക്ഷ നേതാവ് എടപ്പാടി കെ.പളനിസാമി, നടൻ രജനികാന്ത്, അജിത്ത്, ധനുഷ് ഉൾപ്പെടെയുള്ളവർ രാവിലെ വോട്ടു ചെയ്തു. അക്രമ സംഭവങ്ങൾ ഇതുവരെയില്ല. തമിഴ്നാട്ടിലെ 39 മണ്ഡലങ്ങളിലേക്കും പുതുച്ചേരിയിലെ 1 മണ്ഡലത്തിലേക്കുമാണു തിരഞ്ഞെടുപ്പ്. കോൺഗ്രസ് എംഎൽഎയായിരുന്ന വിജയധരണി രാജിവച്ചതോടെ ഒഴിവു വന്ന കന്യാകുമാരിയിലെ വിളവങ്കോട് മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പും ഇതോടൊപ്പം നടക്കുന്നുണ്ട്.