കലിംഗ: ഇന്ത്യൻ സൂപ്പർ ലീഗിൽ ഇനി ഫൈനൽ റൗണ്ട് ആവേശം. ആദ്യ പ്ലേ ഓഫിൽ കേരള ബ്ലാസ്റ്റേഴ്സ് ഒഡീഷ എഫ്സിയെ നേരിടും. ഒഡീഷയുടെ മൈതാനമായ കലിംഗ സ്റ്റേഡിയത്തിലാണ് മത്സരം. ലീഗിൽ ഒഡീഷ നാലാം സ്ഥാനത്തും ബ്ലാസ്റ്റേഴ്സ് അഞ്ചാം സ്ഥാനത്തുമായിരുന്നു. പ്ലേ ഓഫിൽ തോറ്റാൽ പുറത്താകുമെന്നതിനാൽ മത്സരം ഇരു ടീമുകൾക്കും നിർണായകമാണ്. ജയിച്ചാൽ സെമിയിൽ മോഹൻ ബഗാനാണ് എതിരാളികളായി വരിക. പരിക്കിൽ നിന്ന് മുക്തനായ സൂപ്പർ താരം അഡ്രിയൻ ലൂണ തിരിച്ച് വരുമ്പോൾ ദിമിത്രിയോസ് ഡയമന്റകോസ് കളിക്കാൻ സാധ്യതയില്ല. ലൂണ-ദിമി സഖ്യത്തെ വീണ്ടും കാണാനാവുമെന്ന കാത്തിരിപ്പിനു നീളം കൂടുമെന്ന് ചുരുക്കം. 13 ഗോളുകളോടെ ടോപ് സ്കോറർ പട്ടികയിൽ ഇപ്പോഴും ഒന്നാമനാണ് ഡയമന്റകോസ്.
റോയ് കൃഷ്ണ, മുർത്താദ ഫോൾ, അഹമ്മദ് ജാഹു, ഡിയേഗോ മൗറീഷ്യോ എന്നിങ്ങനെ ഐഎസ്എലിലെ എക്കാലത്തെയും മികച്ച താരങ്ങളുള്ള ടീമാണ് ഒഡീഷ. കലിംഗ സ്റ്റേഡിയത്തിൽ ഈ സീസണിൽ കളിച്ച 11 മത്സരങ്ങളിൽ ഒന്നു പോലും തോറ്റില്ല എന്ന ഹോം ഗ്രൗണ്ട് ആനുകൂല്യവും ഒഡീഷയ്ക്കുണ്ട്. നാളെ നടക്കുന്ന രണ്ടാം പ്ലേ ഓഫിൽ ഗോവ, ചെന്നൈയിൽ എഫ്സിയെ നേരിടും.