മുംബൈ : ആറ് മാസത്തിനും രണ്ട് വയസിനും ഇടയിൽ പ്രായമായ കുട്ടികൾക്ക് നെസ്ലെയുടെ മുൻനിര ബേബി ഫുഡ് ബ്രാൻഡുകൾ കൊടുക്കുന്നതിനെതിരെ റിപ്പോർട്ട്. കുട്ടികൾക്കുള്ള സെറലാക്ക്, ഒന്ന് മുതൽ മുകളിലുള്ള കുട്ടികൾക്കായി ഉപയോഗിക്കാൻ ഉദ്ദേശിച്ചുള്ള ഫോളോ-അപ്പ് മിൽക്ക് ഫോർമുല ബ്രാൻഡായ നിഡോ എന്നിവയിൽ ഉയർന്ന അളവിൽ പഞ്ചസാരയും തേനും അടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
സ്വിസ് അന്വേഷണ സംഘടനയായ പബ്ലിക് ഐ പറയുന്നതനുസരിച്ച്, താഴ്ന്നതും ഇടത്തരം വരുമാനവുമുള്ള രാജ്യങ്ങളിൽ പ്രമോട്ട് ചെയ്യുന്ന നെസ്ലെയുടെ ബ്രാൻഡുകളിലാണ് പഞ്ചസാരയുടെ അംശം കണ്ടെത്തിയത്. അമിതവണ്ണവും വിട്ടുമാറാത്ത രോഗങ്ങളും തടയാൻ ലക്ഷ്യമിട്ടുള്ള അന്താരാഷ്ട്ര മാർഗ്ഗനിർദ്ദേശങ്ങൾക്ക് വിരുദ്ധമായ ചേരുവകകളാണ് ഇതിൽ നിന്ന് കണ്ടെത്തുന്നത്. ഇന്ത്യ, ബ്രസീൽ, ദക്ഷിണാഫ്രിക്ക, തായ്ലൻഡ്, എത്യോപ്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ള സാമ്പിളിലാണ് അനുവദനീയമായതിലും കൂടുതൽ പഞ്ചസാര ചേർത്തതായി കണ്ടെത്തിയിട്ടുള്ളത്.
2022-ൽ വിൽപ്പന 250 മില്യൺ ഡോളർ കടന്ന ഇന്ത്യയിലെ എല്ലാ സെറിലാക് ബേബി ധാന്യങ്ങളിലും പഞ്ചസാര അടങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്. ഒരു സെർവിംഗിൽ ശരാശരി 3 ഗ്രാമാണ് ഉള്ളിലേയ്ക്ക് എത്തുന്നതെന്നും പഠനം വ്യക്തമാക്കുന്നു. നെസ്ലെയുടെ യുകെ ഉൾപ്പെടെയുള്ള പ്രധാന യൂറോപ്യൻ വിപണികളിലെ കൊച്ചുകുട്ടികൾക്കുള്ള ഫോർമുലകളിൽ പഞ്ചസാര ചേർത്തിട്ടില്ലെന്നും ഫലം കണ്ടെത്തി.പ്രായമായ കുട്ടികളെ ലക്ഷ്യമിട്ടുള്ള ചില ധാന്യങ്ങളിൽ പഞ്ചസാര ചേർത്തതായി കണ്ടെത്തിയെങ്കിലും, ആറ് മാസത്തിനും ഒരു വർഷത്തിനും ഇടയിലുള്ള കുഞ്ഞുങ്ങളെ ലക്ഷ്യമിട്ടുള്ള ഉൽപ്പന്നങ്ങളിൽ ഒന്നും കണ്ടെത്തിയില്ല.
പബ്ലിക് ഐയിൽ നിന്ന് ഏഷ്യ, ആഫ്രിക്ക, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിൽ വിൽക്കുന്ന സ്വിസ് മൾട്ടിനാഷണലിൻ്റെ ബേബി-ഫുഡ് ഉൽപ്പന്നങ്ങളുടെ സാമ്പിളുകൾ ബെൽജിയൻ ലബോറട്ടറിയിലേക്ക് പരിശോധനയ്ക്കായി അയച്ചതിന് ശേഷമാണ് ഫലങ്ങൾ കണ്ടെത്തിയത്. യൂറോപ്യൻ മേഖലയ്ക്കുള്ള ലോകാരോഗ്യ സംഘടനയുടെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, മൂന്ന് വയസ്സിന് താഴെയുള്ള കുട്ടികൾക്കുള്ള ഭക്ഷണത്തിൽ പഞ്ചസാരയോ മധുരപലഹാരങ്ങളോ ചേർക്കാൻ പാടില്ല.