തിരുവനന്തപുരം: കെ-റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതി അട്ടിമറിക്കാന്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് 150 കോടി രൂപ കോഴ വാങ്ങിയെന്ന ആരോപണത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി തിരുവനന്തപുരം വിജിലന്‍സ് കോടതി തള്ളി. പൊതുപ്രവര്ത്തകന് എ.എച്ച്. ഹഫീസ് സമര്‍പ്പിച്ച ഹര്‍ജിയാണ് തള്ളിയത്. “ഹര്‍ജി തള്ളുന്നു’ എന്ന് ഒറ്റവരിയില്‍ കോടതി വ്യക്തമാക്കി.
ഹർജിയിൽ ഉള്ളത് സംസഥാനത്തിന് പുറത്ത് നിന്നുള്ള സാമ്പത്തിക തട്ടിപ്പ് ആരോപണമാണെന്നും, പരാതിക്കാരന് മറ്റ് സാമ്പത്തിക അന്വേഷണ ഏജൻസികളെ സമീപിക്കാമെന്നും കോടതി വിലയിരുത്തി. ആരോപണത്തിൽ എ എച്ച് ഹാഫിസ് നൽകിയ ഹർജി വിജിലൻസ് കോടതി തള്ളി. അതേസമയം, തട്ടിപ്പ് മുൻനിർത്തി ഇ ഡി ക്ക് പരാതി നൽകുമെന്ന് പരാതിക്കാരൻ എ എച്ച് ഹാഫിസ് പറഞ്ഞു.
നേരത്തെ, കെ-റെയില്‍ പദ്ധതി അട്ടിമറിക്കാന്‍ സതീശന് ഇതരസംസ്ഥാന ലോബികളില്‍ നിന്നും കൈക്കൂലി വാങ്ങിയെന്ന് നിലമ്പൂര്‍ എംഎല്‍എ പി.വി. അന്‍വര്‍ നിയമസഭയില്‍ ആരോപിച്ചിരുന്നു. കെ -റെയില്‍ വന്നിരുന്നെങ്കില്‍ കേരളത്തിലെ ഐടി രംഗം കുതിച്ചുയരുകയും ഹൈദരാബാദിലെയും ബംഗളുരുവിലെയും ഐടി തകര്‍ന്നു പോകുമായിരുന്നു. 2050 ആകുമ്പോള്‍ കമ്പനികള്‍ പൂട്ടിപ്പോകുമെന്ന് മനസിലാക്കിയ ഐടി കമ്പനിക്കാര് സതീശന് 150 കോടി രൂപ നല്‍കിയെന്നാണ് അന്‍വര്‍ ഉന്നയിച്ചത്.
അന്‍വറിന്റെ ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ ഹഫീസ് വിജിലന്‍സ് ഡയറകര്‍ക്ക് പരാതി നല്‍കിയിരുന്നു. വിജിലന്‍സ് അന്വേഷണം നടത്താതെ വന്നതോടെ പരാതിക്കാരന് കോടതിയെ സമീപിക്കുകയായിരുന്നു. ആരോപണം കേട്ട് ഞാന്‍ ചിരിക്കണോ അതോ മുഖ്യമന്ത്രിയുടെ ഗതികേട് ഓര്‍ത്ത് കരയണോ എന്നായിരുന്നു വിഷയത്തില്‍ സതീശന്റെ നേരത്തെയുള്ള പ്രതികരണം. ഇത്തരം ഒരു ആരോപണം നിയമസഭയില്‍ അവതരിപ്പിക്കാന്‍ അനുവാദം കൊടുത്തവരോട് തനിക്ക് സഹതാപം തോന്നുന്നുവെന്നും സതീശന് പറഞ്ഞിരുന്നു.