തൃശൂര്‍: തൃശൂര്‍ പൂരത്തിന് ആനകളുടെ എഴുന്നള്ളിപ്പിനുള്ള നിയന്ത്രണവുമായി ബന്ധപ്പെട്ട് വനംവകുപ്പ് പുറത്തിറക്കിയ ഉത്തരവ് ഭേദഗതി ചെയ്യുമെന്ന് മന്ത്രി കെ. രാജൻ. ഇതിനുള്ള നിര്‍ദേശം സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. പൂരം നടത്തിപ്പില്‍ ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു.ഇതുപ്രകാരം, വെറ്റിനറി സംഘത്തിന്റെ പരിശോധനക്ക് ശേഷം ആനകളെ വീണ്ടും പരിശോധിക്കില്ല. വനംവകുപ്പിന്റെ ഉത്തരവിൽ നിന്നും ഇത് ഉടൻ ഒഴിവാക്കി പുതിയത് ഉടൻ പുറത്തിറങ്ങും. പൂരം നല്ല രീതിയിൽ നടത്താൻ സർക്കാർ ഒപ്പമുണ്ടെന്നും അദ്ദേഹം അറിയിച്ചു.
പൂരപ്രേമികളുമായും സംഘാടകരുമായി അതതു സമയങ്ങളില്‍ ആലോചിച്ച് ഏതെങ്കിലും പ്രയാസങ്ങളുണ്ടെങ്കില്‍ അതു പരിഹരിച്ച് പൂരം നല്ലതുപോലെ നടത്തണമെന്നാണ് സര്‍ക്കാരിന്റെ ധാരണ. റീ വെരിഫിക്കേഷന് പ്രായോഗികമായ കാര്യമല്ല. നേരത്തെ കുടമാറ്റാനുള്ള ആളുകള്‍ അണിനിരക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നം നേരത്തെ പരിഹരിച്ചിരുന്നു. സുരക്ഷ ഉണ്ടാകണമെന്ന കാര്യത്തില്‍ ആര്‍ക്കും എതിരഭിപ്രായമില്ല. അതിനാല്‍ കോടതി ഉത്തരവുകളെല്ലാം അംഗീകരിച്ചുകൊണ്ടു തന്നെ പൂരം നടത്തുമെന്നും മന്ത്രി പറഞ്ഞു.
വനംവകുപ്പിന്റെ സര്‍ക്കുലറില്‍ പറഞ്ഞിട്ടുള്ള 12-ാമത്തെ കാര്യമായ റീ വെരിഫിക്കേഷന് ഓഫ് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് എന്ന ഭാഗം പൂര്‍ണമായി മാറ്റാനാണ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുള്ളത്. ആനകളുടെ രണ്ടാം വട്ട ഫിറ്റ്നസ് പരിശോധന ഒഴിവാക്കുമെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രനും അറിയിച്ചു.വെറ്ററിനറി ഡോക്ടറുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കിലും വനംവകുപ്പിന്റെ ഡോക്ടര്‍ വീണ്ടും പരിശോധിക്കണമെന്ന നിബന്ധനയ്ക്കെതിരെ ആന ഉടമകളും ദേവസ്വങ്ങളും പ്രതിഷേധിച്ചതിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ ഇടപെടല്‍. വനംവകുപ്പിന്റെ കടുത്ത തീരുമാനത്തിനു പിന്നാലെ തൃശൂർ പൂരത്തിനു ആനകളെ നൽകാൻ കഴിയില്ലെന്ന് ആന ഉടമകൾ ദേവസ്വങ്ങളെ അറിയിച്ചിരുന്നു. വനംവകുപ്പ് മന്ത്രിയുമായി വിഷയം സംസാരിച്ചിരുന്നുവെന്നും മന്ത്രി കെ. രാജൻ പറഞ്ഞു.