ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വീണ്ടും ആഞ്ഞടിച്ച് മുതിർന്ന ബി.ജെ.പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സുബ്രമണ്യൻ സ്വാമി. ചൈനയുടെ അതിർത്തി കൈയേറ്റത്തിൽ മോദിയുടേത് അയഞ്ഞ സമീപനമാണെന്നും അദ്ദേഹം ഭാരത മാതാവിനെ വഞ്ചിച്ചെന്നും സുബ്രമണ്യൻ സ്വാമി വിമർശിച്ചു. മോദി ബി.ജെ.പിയുടെ വിശ്വാസ്യതയ്ക്ക് ബാധ്യതയാകുമെന്നും അദ്ദേഹം പറഞ്ഞു.
”ചൈനയ്ക്കുമുന്നിൽ മുട്ടിലിഴഞ്ഞ് മോദി ഭാരത മാതാവിനെ വഞ്ചിച്ചിരിക്കുകയാണ്. 2020നുശേഷം 4,065 ചതുരശ്ര കി.മീറ്റർ ഭൂമിയാണ് ലഡാക്കിൽ നഷ്ടപ്പെട്ടത്. ബി.ജെ.പി മോദിയെ മാറ്റിനിർത്തി ഭൂരിപക്ഷം നേടാൻ നോക്കണം. പാർട്ടിയുടെ വിശ്വാസ്യതയ്ക്ക് മോദിയൊരു ബാധ്യതയാണ്.”-സുബ്രമണ്യൻ സ്വാമി എക്സിൽ വിമർശിച്ചു. ബി.ജെ.പി എം.പിയായിരിക്കെ ഉൾപ്പെടെ സുബ്രമണ്യൻ സ്വാമി നരേന്ദ്ര മോദിയെ വിമർശിച്ചു പലതവണ രംഗത്തെത്തിയിട്ടുണ്ട്. ഇത്തവണ ബി.ജെ.പി വമ്പൻ വിജയം നേടുമെങ്കിലും മോദി മാജിക്കൊന്നും നിലവിലില്ലെന്നുമാണ് കഴിഞ്ഞ ഫെബ്രുവരിയിൽ അദ്ദേഹം വിമർശിച്ചത്. ”തെരഞ്ഞെടുപ്പിലെ ഇതുവരെയുള്ള പ്രകടനങ്ങളെയെല്ലാം ഇത്തവണ ബി.ജെ.പി മറികടക്കുമെന്നാണ് ഞാനും കരുതുന്നത്. ഹിന്ദുക്കൾ സ്വന്തം സ്വത്വത്തിൽ അഭിമാനം കൊള്ളുന്നതാണ് അതിനു കാരണം. നെഹ്റുവിന്റെ കാലത്ത് അടിച്ചേൽപ്പിച്ച ആത്മവിശ്വാസക്കുറവ് ഇപ്പോൾ അവർക്കില്ല. എന്നാൽ, ഇതൊക്കെ തങ്ങൾ കാരണമാണ് സംഭവിച്ചതെന്നാണു ചിലർ കരുതുന്നത്. അത്തരം കാര്യങ്ങൾക്കൊന്നും വലിയ പ്രാധാന്യം നൽകേണ്ടതില്ല.”
മോദി മാജിക് എന്നൊരു സംഗതിയേ ഉണ്ടെന്ന് താൻ കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയിലും ആർ.എസ്.എസ്സിലും വ്യക്തികളെ പീഠത്തിൽ ഇരുത്താറില്ല. അത് കോൺഗ്രസ് സംസ്കാരമാണെന്നും സുബ്രമണ്യൻ സ്വാമി ആക്ഷേപിച്ചു.കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കും മോദിക്കുമെതിരെ അദ്ദേഹം ഗുരുതരമായ ആരോപണങ്ങളും ഉയർത്തിയിട്ടുണ്ട്. രാഹുലിനെതിരായ ലൈംഗിക ആരോപണത്തിൽ മോദി നിയമനടപടി സ്വീകരിക്കുന്നില്ലെന്നാണ് മുൻ രാജ്യസഭാ അംഗത്തിന്റെ ആരോപണം. യൂത്ത് കോൺഗ്രസ് ഭാരവാഹിയായിരുന്ന യുവതിയെ 2006ൽ അമേത്തിയിൽ വച്ച് മൂന്ന് വിദേശികൾക്കൊപ്പം കൂട്ട ബലാത്സംഗം ചെയ്ത കുറ്റത്തിൽ പങ്കാളിയായ രാഹുൽ ഗാന്ധിക്കെതിരെ മോദി നടപടി സ്വീകരിക്കാത്തത് എന്തുകൊണ്ടാണെന്ന് സുബ്രമണ്യൻ സ്വാമി ചോദിച്ചു. സംഭവത്തിന്റെ രേഖകൾ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പക്കലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ബലാത്സംഗത്തിനുശേഷമുള്ള യുവതിയുടെ ദൃശ്യങ്ങൾ ദേശീയ മാധ്യമമായ ‘ടൈംസ് നൗ’വിലുണ്ടെന്നും സുബ്രമണ്യൻ സ്വാമി എക്സിൽ വാദിച്ചു. 2012ല്‍ സുപ്രിംകോടതി തള്ളിയ കേസ് ഉയര്‍ത്തിയാണ് സുബ്രമണ്യന്‍ സ്വാമിയുടെ ആരോപണം.