തൃശൂര്‍: കേരളത്തില്‍ നിന്ന് ബിജെപിക്ക് എംപി വേണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശത്തില്‍ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്. മോഹം എല്ലാവര്ക്കും ഉണ്ടാകാം. അത് സാധാരണ ബിജെപി പ്രവര്‍ത്തകനുമാകാം നരേന്ദ്രമോദി വരെയുള്ള പ്രധാനമന്ത്രിക്കുമാകാം. കേരളത്തില്‍ ഏതെങ്കിലും ഒരുസീറ്റില്‍ പോലും രണ്ടാം സ്ഥാനത്തുപോലും ബിജെപിയുണ്ടാകില്ല. മാരീച വേഷത്തില്‍ വന്ന് കേരളത്തെ മോഹിപ്പിക്കാമെന്ന് ആരും കരുതരുതെന്നും മുഖ്യമന്ത്രി പറഞ്ഞു
‘പ്രധാനമന്ത്രി ഇന്ന് കേരളത്തില്‍ വന്ന് നമ്മുടെ സംസ്ഥാനത്തോട് തങ്ങള്‍ക്ക് ഒരു അവസരം നല്‍കണമെന്നാണ് അഭ്യര്‍ഥിച്ചിരിക്കുന്നത്. കേരളം ഒരവസരം നല്‍കണമെന്ന് പറയുമ്പോള്‍ അദ്ദേഹം ഉദ്ദേശിക്കുന്നത് പാര്‍ലമെന്റില്‍ ഇത്തവണ അവരുടെതായ ഒരു പ്രതിനിധി ഉണ്ടാവണമെന്നാണ്. മോഹം ആര്‍ക്കും ഉണ്ടാകാം. അത് സാധാരണ ബിജെപി പ്രവര്‍ത്തകനുമാകാം നരേന്ദ്രമോദി വരെയുള്ള പ്രധാനമന്ത്രിക്കുമാകാം. ഒരു വസ്തുത മനസിലാക്കിക്കൊള്ളണം. കേരളത്തില്‍ ഏതെങ്കിലും ഒരുസീറ്റില്‍ രണ്ടാം സ്ഥാനത്തുപോലും ബിജെപിയുണ്ടാകില്ല. ഇതാണ് കേരളത്തില്‍ സംഭവിക്കാന്‍ പോകുന്നത്’- മുഖ്യമന്ത്രി പറഞ്ഞു.
ജാതിയും മതവുമില്ലാതെ എല്ലാവരും സോദരത്വനേ ജീവിക്കുന്ന നാടാണിത്. ശ്രീനാരായണ ഗുരുവിനെ മോദി പ്രകീര്‍ത്തിച്ചുപറഞ്ഞത് നല്ലത്. പക്ഷേ ഈ നാട് നാരായണ ഗുരു അടക്കമുള്ള നവോത്ഥാന നായകര്‍ ഉയര്‍ത്തിയ നവോത്ഥാന മൂല്യങ്ങള്‍ സ്വാംശീകരിച്ച് മുന്നേറിയ നാടാണ്. ഭ്രാന്താലായത്തെ മനുഷ്യാലയം ആക്കിയ ഈ നാട് ഇന്ന് രാജ്യത്തെ ഏത് സംസ്ഥാനത്തിന് മാതൃകയാണ്. അതുകൊണ്ട് വെറുപ്പിന്റെ പ്രത്യയശാസ്ത്രത്തെ ഒരുതരത്തിലും അംഗീകരിക്കാനാകില്ല. അതാണ് ബിജെപിയെ സ്വീകരിക്കാതിരിക്കുന്നതിന് കാരണമെന്നും പിണറായി പറഞ്ഞു
ഇവിടെ വന്ന് ഒരുപാട് കാര്യങ്ങള്‍ അദ്ദേഹം പറഞ്ഞു. അതിലൊന്ന് ആവാസ് പരിപാടിയുടെ ഭാഗമായി വീടുകള്‍ നല്‍കുമെന്നാണ്. ലൈഫ് മിഷന്റെ ഭാഗമായി ഇവിടെ നല്കുന്ന വീടുകള്‍ക്ക് നല്കേണ്ടുന്ന കേന്ദ്രം വിഹിതമെങ്കിലും നല്കിയാല് മതിയായിരുന്നുവെന്നും പിണറായി പറഞ്ഞു. കേരളം ബുദ്ധിമുട്ടില്‍ ആയപ്പോഴെല്ലാം തിരിഞ്ഞുനോക്കാത്തവരാണ് ഇപ്പോള്‍ വന്ന് പ്രഖ്യാപനങ്ങള്‍ നടത്തുന്നതെന്നും പിണറായി വിജയന് പറഞ്ഞു.