ന്യൂഡൽഹി : എറണാകുളത്തുനിന്നും കൊലപാതകം വരെ ട്രെയിൻ. ബോർഡ് കണ്ടവർ ഞെട്ടി. സംഭവം മനസിലായതോടെ ഇന്ത്യൻ റെയിൽവേയ്ക്ക് സോഷ്യൽ മീഡിയയിൽ ട്രോൾ മഴ. എറണാകുളത്തുനിന്ന് റാഞ്ചിയിലെ ഹാട്ടിയയിലേക്ക് ആഴ്ചയിലൊരിക്കല്‍ സര്‍വീസ് നടത്തുന്ന ഹാട്ടിയ- എറണാകുളം എക്സ്പ്രസിനാണ് വിവർത്തനത്തിൽ വന്ന പിശകിനെത്തുടർന്ന് പണി കിട്ടിയത്. ഇംഗ്ലീഷിലും ഹിന്ദിയിലും ഹാട്ടിയ എന്നും മലയാളത്തിൽ കൊലപാതകം എന്നുമാണ് ട്രെയിനിന്റെ ബോർഡിൽ എഴുതിയിരിക്കുന്നത്.
ഗൂഗിൾ ട്രാൻസ്ലേഷനിൽ വന്ന പിശകാവാം കാരണമെന്നാണ് കരുതുന്നത്. ഹാട്ടിയ എന്നതിന്റെ മലയാള വിവർത്തനം നോക്കിയപ്പോൾ കൊലപാതകം എന്നർഥം വരുന്ന ഹത്യ എന്ന ഹിന്ദി പദത്തിന്റെ മലയാള വിവര്‍ത്തനം ലഭ്യമായിട്ടുണ്ടാകുമെന്നും അത് ബോർഡിൽ ചേർത്തിരിക്കാം എന്നുമാണ് കരുതുന്നത്. ഹത്യ എന്ന ഹിന്ദി പദവും കൊലപാതകമെന്ന അതിന്റെ മലയാള അര്‍ഥവും ഉണ്ടാക്കിയ ആശയക്കുഴപ്പമാണ് തെറ്റ് സംഭവിക്കാൻ ഇടയാക്കിയതെന്ന് റാഞ്ചി ഡിവിഷനിലെ സീനിയര്‍ ഡിവിഷണല്‍ കൊമേഴ്സ്യല്‍ മാനേജര്‍ (സീനിയര്‍ ഡിസിഎം) അറിയിച്ചു. അമളി മനസിലാക്കിയ ഉടൻ തന്നെ റെയിൽവേ ബോർഡ് തിരുത്തിയെങ്കിലും സോഷ്യൽ മീഡിയയിൽ ബോർഡിന്റെ ചിത്രങ്ങൾ വ്യാപകമായി പ്രചരിക്കുകയാണ്.