തൃശൂരില്‍ എംപിയാകാന്‍ ഫിറ്റായ ആള് സുരേഷ് ഗോപിയാണെന്നുള്ള മേയര്‍ എംകെ വര്‍ഗീസിന്റെ വെളിപാട് ഇടതുകേന്ദ്രങ്ങളെ തെല്ലൊന്നുമല്ല എടങ്ങേറിലാക്കുന്നത്. കേന്ദ്രഏജന്‍സികളുടെ അന്വേക്ഷണത്തിൽ നിന്നും രക്ഷപെടാന്‍ തൃശൂരില്‍ സുരേഷ് ഗോപിയെ ജയിപ്പിക്കാനുളള നീക്കമാണ് സിപിഎം നടത്തുന്നതെന്ന ആരോപണം യുഡിഎഫ് നേരത്തെ തന്നെ ഉയര്‍ത്തിയിരുന്നു. കോണ്‍ഗ്രസില്‍ നിന്നും ഇടതിലെത്തി മേയര്‍ ആയ ആളാണ് എംകെ വര്‍ഗീസ്. താന്‍ സ്വതന്ത്രനാണെന്നും തനിക്ക് തോന്നിയത് പറയാന്‍ ആരുടെയും അനുവാദം ആവശ്യമില്ലെന്നും അദ്ദേഹം പറയുന്നു.
‘എംപിയാകുക എന്നു പറഞ്ഞാല്‍ ആര്‍ക്കും പറ്റുന്ന ഒരു സംഭവമല്ല. അതിനു കുറേ ഗുണങ്ങള്‍ വേണം. ജനമനസ്സിലേക്ക് ഇറങ്ങിച്ചെല്ലണം, ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കണം, അവരുടെ കൂടെ നില്‍ക്കണം. അവരുടെ ആവശ്യങ്ങള്‍ തിരിച്ചറിയണം. അങ്ങനെയുള്ളവരെ ആണല്ലോ നമ്മള് പൊതുവേ തെരഞ്ഞെടുത്തു വിടുന്നത്. ഇതെല്ലാം സുരേഷ് ഗോപിക്കുണ്ട്. അദ്ദേഹം എംപിയാകാന്‍ ഫിറ്റായ വ്യക്തിയാണ്’ ഇതാണ് വര്‍ഗീസ് പറഞ്ഞതിന്റെ ചുരുക്കം. ഇടതുപക്ഷത്തെ മേയര്‍ ഇങ്ങനെ പറയുമ്പോള്‍ എൽഡിഎഫ് സ്ഥാനാര്‍ത്ഥിയായി മുന്‍മന്ത്രി വിഎസ് സുനില്‍കുമാര്‍ മല്സരിക്കുന്നതെന്തിനെന്ന ചോദ്യം ഇടതുമുന്നണിയിലെ ചിലര്‍ ഉയര്‍ത്തുന്നുണ്ട്.
സിപിഎം ജില്ലാ കമ്മിറ്റിക്ക് വേണ്ടപ്പെട്ടയാളാണ് മേയര്‍ വര്‍ഗീസ്. കോണ്‍ഗ്രസിന്റെ ഒല്ലൂക്കര ബ്ലോക്ക് സെക്രട്ടറിയായിരുന്നയാള്‍. സ്വതന്ത്രനായി മല്‍സരിച്ചു ജയിച്ചപ്പോള്‍ സിപിഎം ഇടപെട്ട് മേയറുമാക്കി. വേറെ പാര്ട്ടിക്കാര് ഇല്ലാഞ്ഞിട്ടല്ല. തൃശൂരിലെ സിപിഎം കോര്‍പ്പറേറ്റുവല്‍ക്കരണത്തിന്റെ പാതയില്‍ ആയതുകൊണ്ട് പഴയ സഖാക്കളെയൊന്നും പാര്‍ട്ടിയിലെ പ്രമാണിമാർക്ക് പഥ്യമല്ല. അതുകൊണ്ടാണ് കോണ്‍ഗ്രസ് വിട്ടു സ്വതന്ത്രനായി മല്സരിച്ചയാളെത്തന്നെ തൃശൂരിന്റെ മേയറാക്കിയത്.
കേരള സിപിഎം നിരവധി പ്രതിസന്ധികളിലൂടെ കടന്ന് പോവുകയാണ്. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ തലക്ക് മുകളില്‍ വട്ടമിട്ട് പറക്കുന്നു. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ തൃശൂര്‍ ജില്ലാ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയേറ്റംഗവും ഏത് സമയത്തും അകത്ത് പോകുമെന്ന പേടിയിലാണ്. മാസപ്പടിക്കേസില്‍ ക്ളിഫ് ഹൗസിന്റെ വാതിലിൽ ഇഡി മുട്ടുമെന്ന ഭീതിയുമുണ്ട്. തൃശൂരില്‍ സുരേഷ് ഗോപിയുടെ ജയം മാത്രമേ സിപിഎമ്മിന്റെ ഈ ഭീതികളെല്ലാം അകറ്റാന്‍ പര്യാപ്തമാവൂ എന്നാണ് ചില രാഷ്ട്രീയനിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്.
മേയര്വര്ഗീസിന്റെ സുരേഷ് ഗോപി വാഴ്ത്തല്‍ യുഡിഎഫ് നിന്തരമായി ആരോപിക്കുന്ന സിപിഎം ബിജെപി അന്തര്‍ധാരയുടെ സാക്ഷ്യപത്രമാണോ? തെരഞ്ഞെടുപ്പിന് കേവലം12 ദിവസം മാത്രം ബാക്കി നില്‍ക്കേ ഇടതുപക്ഷത്തിന്റെ മേയര്‍, ബിജെപി സ്ഥാനാര്‍ത്ഥിയെ പരസ്യമായി പുകഴ്ത്തുന്നത് നല്ലൊരു രാഷ്ട്രീയ മാതൃകയല്ല. വിഎസ് സുനില്‍കുമാറിനെ പരാജയപ്പെടുത്താനുളള നീക്കങ്ങള്‍ മുന്നണിക്കുളളില്‍ തന്നെ നടക്കുന്നുണ്ടെന്ന് ആദ്യം മുതലെ പലരും സംശയിക്കുന്നുണ്ട്. കേരളത്തിലെ എന്നല്ല ഇന്ത്യയിലെ തന്നെ ബിജെപിയുടെ ചരിത്രത്തില്‍ ആദ്യമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരാഴ്ചക്കുള്ളില്‍ രണ്ടുതവണ എത്തുകയും റോഡ്ഷോയിലടക്കം പങ്കെടുക്കുകയും ചെയ്തത് തൃശൂരിലാണ്. അത്രയേറെ പ്രധാന്യമാണ് ബിജെപി തൃശൂര്‍ മണ്ഡലത്തിനും സുരേഷ് ഗോപിക്കും നല്‍കിയിരിക്കുന്നത്. ഇത് മുഖ്യമന്ത്രിക്കും സിപിഎമ്മിനുമൊക്കെ നന്നായി അറിയാം. കേരളത്തില്‍ നിന്നും ബിജെപിക്ക് ഒരു എംപിയുണ്ടാവുകയാണെങ്കില് അത് സുരേഷ്ഗോപിയാകണമെന്നാണ് നരേന്ദ്രമോദിയുടെ ആഗ്രഹം. മോദിയാഗ്രഹിച്ചാല് അതു നടന്നുവെന്നാണ് അര്‍ത്ഥം.
എന്നാല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി കെ മുരളീധരന് വന്നതോടെ സുരേഷ് ഗോപിയുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റു എന്നത് വസ്തുതയാണ്. ഇടതുവോട്ടുകളില്‍ ബിജെപി നോട്ടുമിടുന്നുണ്ട് എന്നതും തൃശൂരിലെ തെരഞ്ഞെടുപ്പിന്റെ മുന്നോട്ടുള്ള പോക്കിനെ സ്വാധീനിച്ചു. ലെഫ്റ്റ് വോട്ടുകളില്‍ സുരേഷ് ഗോപിക്ക് അനുകൂലമായ ട്വിസ്റ്റുണ്ടാകുമോ? അതിന്റെ സൂചനയാണോ മേയറുടെ സുരേഷ് ഗോപി പുകഴ്ത്തലിന് പിന്നിൽ ? കടുത്ത സംശയങ്ങള്‍ക്ക് വഴിവെക്കുന്നതാണിത്. കെ മുരളീധരന് സ്ഥാനാര്‍ത്ഥിയായതോടെ കോണ്‍ഗ്രസ് വോട്ടുകളില്‍ ചോര്‍ച്ചയുണ്ടാകാനുള്ള സാധ്യത നന്നെ കുറവാണ്. ബിജെപി പ്രതീക്ഷിക്കുന്നത് ഇടതുവോട്ടുകളിലെ താരതമ്യേന ചെറുതല്ലാത്ത വ്യതിചലനങ്ങളാണ്. അത്തരമൊരു മാറ്റത്തിന്റെ ലാഞ്ചന മേയര്‍ വര്‍ഗീസിന്റെ വാക്കുകളിലുണ്ടോ? ഒന്നുറപ്പാണ്. തൃശൂരിലെ ഇടതുസ്ഥാനാര്‍ത്ഥി വിഎസ് സുനില്‍കുമാര്‍ നേരിടുന്നത് സ്വന്തം പാളയത്തിനകത്തെ പടയെയാണ്. ആ പടനയിക്കുന്നവര്‍ സുനില്കുമാറിനേക്കാളുമൊക്കെ ശക്തരായ നേതാക്കളുമാണ്