ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിലെ പ്രമുഖ മാധ്യമങ്ങളെല്ലാം പ്രീപോള്‍ സര്‍വ്വേ ഫലങ്ങള്‍ പുറത്ത് വിട്ടുകൊണ്ടിരിക്കുകയാണല്ലോ. തെരഞ്ഞെടുപ്പ് വിശകലനരംഗത്തെ രാജ്യത്തെ പ്രധാന ഏജന്‍സികളുമായി സഹകരിച്ചുകൊണ്ടാണ് കേരളത്തിലെ പ്രമുഖ ദിനപത്രങ്ങള്‍ അടക്കമുള്ള മാധ്യമങ്ങള്‍ തങ്ങളുടെ സര്‍വ്വേഫലങ്ങള്‍ അവതരിപ്പിക്കുന്നത്. കേരളത്തിലെ എല്ലാ അസംബ്ളി മണ്ഡലങ്ങളിലും നടത്തിയ സര്‍വ്വേ പ്രകാരമാണ് പ്രീപോള്‍ ഫലങ്ങള്‍ തയ്യാറാക്കിയതെന്നാണ് ഈ മാധ്യമങ്ങളുടെ അവകാശവാദം. എന്നാല്‍ തെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയാന്തരീക്ഷം സൂഷ്മമായി വീക്ഷിക്കുന്നവര്‍ക്ക് വലിയ അത്ഭുതമൊന്നും ഈ പ്രീപോള്‍ ഫലങ്ങള്‍ ഉണ്ടാക്കുന്നില്ല എന്നതാണ് വസ്തുത. സാധാരണ മലയാളിയുടെ ദൈനംദിന രാഷ്ട്രീയ ചര്‍ച്ചകളില്‍ അവര്‍ നടത്തുന്ന പ്രവചനങ്ങള്ക്കപ്പുറമൊന്നും വലിയ ഏജന്‍സികളുമായി സഹകരിച്ചു നടത്തിയ ഈ പ്രീപോള്‍ ഫലങ്ങള്‍ നല്‍കുന്നില്ല. തിരുവനന്തപുരത്ത് ശശി തരൂര്‍ ജയിക്കുമെന്ന് പറയാന്‍ പ്രത്യേകിച്ച് ഒരു സർവേയുടെയും ആവശ്യമില്ല. ആറ്റിങ്ങലിലും കണ്ണൂരിലും യുഡിഎഫും എല്‍ഡിഎഫും ഒപ്പത്തിനൊപ്പമാണെന്നും തൃശൂരില്‍ കെ മുരളീധരനാണ് മുന്തൂക്കമെന്നുമൊക്കെ പ്രചാരണം നിരന്തരം കണ്ടുകൊണ്ടിരിക്കുന്ന ശരാശരി മലയാളിക്ക് അവനവന്റെ സാമാന്യ രാഷ്ട്രീയ ബോധം കൊണ്ട് മനസ്സിലാക്കാൻ കഴിയും.
പ്രീപോള്‍ ഫലങ്ങള്‍ കേരളം പോലുള്ള സംസ്ഥാനത്ത് പലപ്പോഴും വോട്ടിംഗ് ഫലത്തെ സ്വാധീനിക്കാറില്ല. ഉന്നതമായ രാഷ്ട്രീയാവബോധം പുലര്‍ത്തുന്ന സമൂഹമാണ് കേരളം എന്നതുകൊണ്ടാണിത്. അരനൂറ്റാണ്ടായി ഒരേ പാര്‍ട്ടിക്ക് തന്നെ വോട്ടു ചെയ്യുന്ന നിരവധി പേരെ കണ്ടുമുട്ടാന്‍ കഴിയുന്ന ലോകത്തില ഏക പ്രദേശം കേരളമായിരിക്കും. മാധ്യമ അജണ്ടകളില്‍ കുരുങ്ങുന്ന സ്വഭാവവും പൊതുവിൽ കേരളത്തിലെ വോട്ടര്‍മാർക്കില്ല. വളരെ അപൂര്‍വ്വമായി മാത്രമേ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നടക്കുന്ന സംഭവവികാസങ്ങള്‍ കേരളത്തിലെ വോട്ടിംഗ് നിലയെ ബാധിച്ചിട്ടുള്ളു. രാജീവ് ഗാന്ധിയുടെ വധം, 2006ല്‍ പാർട്ടി തീരുമാനത്തിന് വിരുദ്ധമായി വിഎസ് അച്യുതാനന്ദന് മല്‍സരിക്കാന്‍ സീറ്റ് നല്‍കേണ്ടി വന്നത്, 2019ല്‍ അപ്രതീക്ഷിതമായി രാഹുല്‍ഗാന്ധി വയനാട്ടില്‍ മല്‍സരിക്കാനെത്തിയത് മുതലായ സംഭവങ്ങള്‍ക്ക് മാത്രമേ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ജനങ്ങളുടെ രാഷ്ട്രീയ തീരുമാനങ്ങളെ സ്വാധീനിക്കാന്‍ കഴിഞ്ഞിട്ടുള്ളു. അതുകൊണ്ട് തന്നെ പ്രീപോള്‍ ഫലങ്ങളിലൂടെ ദൃശ്യമാധ്യമങ്ങളുടെ വ്യുവര്‍ഷിപ്പ് അല്പനേരം കൂട്ടാമെന്നല്ലാതെ കാര്യമായ രാഷ്ട്രീയമാറ്റമൊന്നും ഉണ്ടാക്കാന്‍ കഴിയില്ല.
പ്രമുഖ രാഷ്ട്രീയപാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും ഇത്തരം പ്രീപോള്‍ സര്വ്വേഫലങ്ങളിൽ കാര്യമായി ഗൗനിക്കാറില്ല. കഴിഞ്ഞ ലോക്സഭാ തെരെഞ്ഞെടുപ്പില്‍ ഒരു സർവേയും യുഡിഎഫിന് 19 സീറ്റുകള്‍ പ്രവചിച്ചിരുന്നില്ല. എന്നാല്‍ രാഹുല്‍ ഗാന്ധി മല്സരിക്കാനെത്തിയപ്പോൾത്തന്നെ ഇടതുമുന്നണി അപകടം മണത്തിരുന്നു. അതോടൊപ്പം ശബരിമല വിഷയം കൂടിയായപ്പോള്‍ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയേല്‍ക്കാന്‍ സാധ്യതയുണ്ടെന്ന് ഇടതുകേന്ദ്രങ്ങള്‍ തിരിച്ചറിഞ്ഞു. എന്നാല്‍ കേരളത്തെ ഒരുപോലെ അമ്പരിപ്പിച്ചുകൊണ്ട് യുഡിഎഫിന് അന്ന് 20ല്‍ 19 സീറ്റുകളും കിട്ടി. ജയിച്ച സീറ്റുകളിൽ 1989ന് ശേഷം ഐക്യമുന്നണിക്ക് നേടാൻ കഴിയാത്ത കാസര്‍കോട്, ആറ്റിങ്ങല്‍ (ചിറയന്‍കീഴ്) എന്നിവയും 91ന് ശേഷം ജയിക്കാത്ത ആലത്തൂര്‍ (ഒറ്റപ്പാലം) പാലക്കാട് സീറ്റുമുണ്ടായിരുന്നു.
പ്രീപോള്‍ സര്‍വ്വേ എന്നത് മാധ്യമങ്ങള്‍ക്ക് പരസ്യവരുമാനം നേടിക്കൊടുക്കാനുള്ള ഒരു ബിസിനസ് തന്ത്രം എന്നതിനപ്പുറം കേരളത്തില്‍ മറ്റൊന്നുമല്ല. കഷ്ടിച്ച് നാലോ അഞ്ചോ മണ്ഡലങ്ങളില്‍ മാത്രമേ ആരു ജയിക്കുമെന്ന കാര്യത്തില്‍ ഈ ഘട്ടത്തില്‍ അല്‍പ്പം വ്യക്തതക്കുറവുള്ളൂ. ബാക്കിയുള്ളയിടങ്ങളിലെല്ലാം ഫലം എന്തായിരിക്കുമെന്ന് ഏതാണ്ടൊക്കെ ഉറപ്പാണ്. കേരളത്തിലെ രണ്ട് പ്രമുഖ മുന്നണികള്‍ക്കും തങ്ങള്‍ക്ക് എത്ര സീറ്റുകള്‍ നേടാന്‍ കഴിയും എന്നതിനെക്കുറിച്ചൊരു ഏകദേശ ധാരണയുണ്ട്. തുടക്കത്തില്‍ സൂചിപ്പിച്ച പ്രകാരം രാഹുല്‍ ഗാന്ധിയുടെ കഴിഞ്ഞ തവണത്തെ വരവ് പോലുള്ള സംഭവവികാസങ്ങള്‍ രൂപപ്പെട്ടാല്‍ മാത്രമേ ആ ധാരണ തെറ്റാറുള്ളു. അല്ലെങ്കില്‍ പൊതുവേ രാഷ്ട്രീയ മുന്നണികള്‍ കണക്കുകൂട്ടുന്നതിൽ ചെറിയ മാറ്റങ്ങള്‍ മാത്രമേ തെരെഞ്ഞെടുപ്പ് ഫലത്തില്‍ ഉണ്ടാകാറുള്ളു.
കേരളത്തിലെ ലോക്സഭാ പ്രീപോള്‍ സര്‍വ്വേ ഫലങ്ങള്‍ അത്ര വിപുലമായി ചര്‍ച്ച ചെയ്യപ്പെടേണ്ട ഒന്നല്ല. എക്സിറ്റ് പോള്‍ ഫലങ്ങളാണ് കുറെയെങ്കിലും രാഷ്ട്രീയക്കാരുടെ ചങ്കിടിപ്പ് കൂട്ടുന്നത്. പ്രീപോള്‍ സര്‍വ്വേകള്‍ എത്ര എതിരായാലും തെരഞ്ഞെടുപ്പിന് ഒരാഴ്ചമുന്പ് അവയെല്ലാം ഒരുപരിധിവരെ പരിഹരിച്ച് പോകാനുള്ള മെക്കാനിസം എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുമുണ്ട്. അതുകൊണ്ടുതന്നെ പ്രീപോള്‍ സര്വ്വേഫലങ്ങള്ക്ക് കേരളത്തിലെ രാഷ്ട്രീയകക്ഷികളാരും അമിത പ്രധാന്യം നല്‍കുന്നുമില്ല.