മുംബൈ: ഐപിഎല്ലിൽ ഏറ്റവും കൂടുതൽ ചാമ്പ്യൻമാരായ രണ്ട് ടീമുകൾ, ശക്തമായ ആരാധക പിന്തുണ, രോഹിത്തും ധോണിയും മുഖമായി നിൽക്കുന്നു, ഇങ്ങനെ നിരവധി പ്രത്യേകതകൾ നിറഞ്ഞതാണ് ചെന്നൈ-മുംബൈ മത്സരം. ഐപിഎല്ലിൽ ഏറ്റവും കൂടുതൽ കാഴ്ചക്കാരുള്ള മത്സരം കൂടിയാണിത്. ഇന്ന് വാങ്കഡേയിലും വീറും വാശിക്കും ഒട്ടും കുറവ് വരില്ല. ധോണിയും രോഹിത്തും സ്ഥാനമൊഴിഞ്ഞതോടെ പുതിയ നായകന്മാർക്ക് കീഴിലാണ് ഇരു ടീമുകളും മത്സരിക്കുന്നത്. രാത്രി 7.30ക്കാണ് മത്സരം.
അവസാന രണ്ട് മത്സരങ്ങളിലെ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് മുംബൈ ഇറങ്ങുന്നത്. വിക്കറ്റ് വേട്ടയിൽ ഒന്നാമതുള്ള ജസ്പ്രീത് ബുമ്രയും പരുക്ക് മാറി തിരിച്ചെത്തി ബെംഗളൂരുവിനെതിരെ വെടിക്കെട്ട് നടത്തിയ സൂര്യകുമാർ യാദവും അടങ്ങുന്ന മുംബൈ നിര ശക്തമാണ്. ബൗളിംഗിൽ ബുമ്രയൊഴികെ മറ്റാരും തിളങ്ങുന്നില്ല എന്നതാണ് മുംബൈയെ അലട്ടുന്ന പ്രധാന പ്രതിസന്ധി.
സന്തുലിതമായ ടീമുമായാണ് ചെന്നൈ ഈ സീസണിലും ഇറങ്ങിയത്. തുടർച്ചയായ രണ്ട് പരാജയങ്ങൾക്ക് ശേഷം വിജയവഴിയിൽ തിരിച്ചെത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ടീമുള്ളത്. ഓൾറൗണ്ടർമാരടക്കം സമ്പന്നമായ ചെന്നൈ ഇന്ന് ടീമിൽ വരുത്തുന്ന മാറ്റങ്ങൾ നിർണായകമാണ്. ചേസിംഗ് അനുകൂലമായ ഗ്രൗണ്ടിൽ ആദ്യം ബാറ്റ് ചെയ്യേണ്ടി വന്നാൽ വലിയ സ്കോർ നേടാൻ ബാറ്റ്സ്മാൻമാരെ കൂടുതൽ ഉൾപ്പെടുത്തിയേക്കും. ഫാസ്റ്റ് ബൗളർ പതിരാന ടീമിൽ തിരിച്ചെത്താനും സാധ്യതയേറെയാണ്.