ഛണ്ഡിഗഡ്: ഐപിഎല്ലിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും വിജയ സാധ്യതയുള്ള കളി കൈവിട്ട് പോകുമെന്ന് തോന്നിയിടത്ത് രാജസ്ഥാന്റെ രക്ഷകനായി ഷിമ്റോൺ ഹെറ്റ്മയർ. താരം 10 പന്തിൽ നേടിയ 27 റൺസാണ് ഒരു പന്ത് ബാക്കി നിൽക്കെ പഞ്ചാബിനെതിരെ വിജയം നേടാൻ രാജസ്ഥാനെ സഹായിച്ചത്. പഞ്ചാബ് ഉയർത്തിയ 148 റൺസ് വിജയലക്ഷ്യം 19.5 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ രാജസ്ഥാൻ മറികടന്നു. സീസണിലെ അഞ്ചാം ജയത്തോടെ രാജസ്ഥാന് പത്ത് പോയിന്റായി. യശ്വസി ജയ്സ്വാൾ (28 പന്തിൽ 39), തനുഷ് കോട്ടിയാൻ (31 പന്തിൽ 24), ക്യാപ്റ്റൻ സഞ്ജു സാംസൺ (14 പന്തിൽ 18), റിയാൻ പരാഗ് (18 പന്തിൽ 23) എന്നിവരാണ് മറ്റ് സ്കോറർമാർ.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന് നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 147 റൺസെടുക്കാനെ സാധിച്ചിള്ളൂ. ക്യാപ്റ്റൻ ശിഖർ ധവാന്റെ അസാന്നിധ്യത്തിൽ സാം കറന്റെ നേതൃത്വത്തിലാണ് പഞ്ചാബ് ഇറങ്ങിയത്. നാല് ഓവറിൽ 23 റൺസ് മാത്രം വിട്ടുകൊടുത്ത് 2 വിക്കറ്റ് വീഴ്ത്തിയ കേശവ് മഹാരാജ്, നാല് ഓവറിൽ 34 റൺസ് വിട്ടുകൊടുത്ത് 2 വിക്കറ്റ് വീഴ്ത്തി ആവേശ് ഖാൻ എന്നിവരുടെ ബോളിങ്ങാണ് പഞ്ചാബിനെ പിടിച്ചുകെട്ടിയത്. ഇംപാക്ട് പ്ലെയറായി ഇറങ്ങി അവസാന ഓവറുകളിൽ തകർത്തടിച്ച അശുതോഷ് ശർമ (16 പന്തിൽ 31), ജിതേഷ് ശർമ (24 പന്തിൽ 29), ലിയാം ലിവിങ്സ്റ്റൻ (14 പന്തിൽ 21), എന്നിവരാണ് പഞ്ചാബിനെ വലിയ തകർച്ചയിൽ നിന്ന് രക്ഷിച്ചത്.