കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസിൽ നീതിന്യായ വ്യവസ്ഥ അതിജീവിതയെ തോൽപ്പിക്കുന്നുവെന്ന് വുമൺ ഇൻ സിനിമ കലക്ടീവ് (ഡബ്ല്യുസിസി). ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയതിൽ കോടതിക്കെതിരെ അതിരൂക്ഷ വിമർശനവുമായി നടി സോഷ്യൽമീഡിയയിലൂടെ രംഗത്തെത്തിയിരുന്നു. മെമ്മറി കാർഡ് തുറന്ന് പരിശോധിച്ചവർക്കെതിരെ കര്‍ശന നടപടിയുണ്ടാകണമെന്നും അതിജീവിതയ്ക്കൊപ്പം നിൽക്കുന്നുവെന്നും ഡബ്ല്യുസിസി പറഞ്ഞു.
മൗലിക അവകാശമായ സ്വകാര്യത നിഷേധിക്കപ്പെട്ടുവെന്നും ഇരയാക്കപ്പെട്ട തനിക്ക് കരുത്ത് പകരേണ്ട കോടതിയിൽ ദുരനുഭവം നേരിട്ടുവെന്നും നടി പറഞ്ഞു. ഇതിലൂടെ തകരുന്നത് മുറിവേറ്റ മനുഷ്യനും അഹങ്കരിക്കുന്നത് മുറിവേൽപ്പിച്ച മനുഷരുമാണെന്ന് സോഷ്യൽമീഡിയയിലൂടെ അവർ പ്രതികരിച്ചു.
മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചെന്ന നടിയുടെ ആരോപണം ശരിവെക്കുന്നതായിരുന്നു ജില്ലാ ജഡ്ജിയുടെ വസ്തുതാന്വേഷണ റിപ്പോർട്ട്. അങ്കമാലി മജിസ്ട്രേറ്റ് ലീന റഷീദ്, ജില്ലാ ജഡ്ജിയുടെ പിഎ മഹേഷ്, വിചാരണ കോടതി ശിരസ്തദാർ താജുദ്ദീൻ എന്നിവർക്കെതിരെയാണ് കണ്ടെത്തൽ. അതേസമയം, കുറ്റക്കാരെ സംരക്ഷിച്ചുള്ള വസ്തുതാന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.