തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിന്റെ ആശങ്കകള്‍ക്ക് താത്കാലിക വിരാമമിട്ട് 3,000 കോടി കടമെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്കി. 5000 കോടി രൂപയാണ് കേരളം ആവശ്യപ്പെട്ടത്. കേരളത്തിന് ഈ സാമ്പത്തിക വര്‍ഷം 37,512 കോടി കടമെടുക്കാന്‍ അവകാശമുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചെങ്കിലും കടമെടുപ്പിനുള്ള അനുമതി ഒരു സംസ്ഥാനത്തിനും നല്‍കിയിരുന്നില്ല.
ഇതോടെയാണ് അനുമതി തരുംവരെ ഇടക്കാല വായ്പക്കുള്ള അനുമതി കേരളം ആവശ്യപ്പെട്ടത്. 3,000 കോടി അടുത്തയാഴ്ച തന്നെ കടമെടുക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളുടെയും വകുപ്പുകളുടെയും കഴിഞ്ഞ വര്‍ഷം പാസാക്കാന്‍ കഴിയാത്ത ബില്ലുകള്‍ പാസാക്കാനാണ് ഈ തുക പ്രധാനമായും ഉപയോഗിക്കുക.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് മെയിന്റനന്‍സ് ഗ്രാന്റിന്റെ ആദ്യഗഡുവായി 1.377 കോടി രൂപ ഇന്നലെ ധനവകുപ്പ് അനുവദിച്ചു. ഇതില്‍ 847.42 കോടി റോഡുകളുടെ അറ്റകുറ്റപ്പണിക്കാണ്. മറ്റുള്ള അറ്റകുറ്റപ്പണികള്‍ക്കായി 529.64 കോടിയും നീക്കിവച്ചു. പഞ്ചായത്തുകള്‍ക്ക് 928.87 കോടി രൂപ ലഭിക്കും. ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക്74.28 കോടി, ജില്ലാ പഞ്ചായത്തുകള്‍ക്ക് 130.19 കോടി, മുന്‍സിപ്പാലിറ്റികള്‍ക്ക് 184.13 കോടി, കോര്‍പ്പറേഷനുകള്‍ക്ക് 59.45 കോടി എന്നിങ്ങനെയാണ് വിഹിതമുള്ളത്, തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് ആദ്യമാസം തന്നെ മെയിന്റനന്‍സ് ഗ്രാന്റ് നല്‍കുന്നത്.