പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവും ബിസിനസുകാരനുമായ റോബര്‍ട്ട് വാദ്ര രാഷ്ട്രീയത്തിലിറങ്ങാനുള്ള ആഗ്രഹം പ്രകടിപ്പിച്ചുകഴിഞ്ഞു. വെറുതെ രാഷ്ട്രീയത്തില്‍ ഇറങ്ങുകയല്ല ഇത്തവണ അമേഠിയിലോ റായ്ബറേലിയിലോ മല്‍സരിച്ചാല്‍ കൊള്ളാമെന്ന് വരെ വാദ്ര പറഞ്ഞു കഴിഞ്ഞു. ഗാന്ധി കുടുംബത്തിലെ അംഗമായിരിക്കുമ്പോള്‍ ബിസിനസിനെക്കാള്‍ നല്ലത് രാഷ്ട്രീയമാണ് നല്ലതെന്നാണ് വാദ്രയുടെ പക്ഷം.
‘ബിജെപി എന്നെയും കുടുംബത്തെയും എന്റെ ബിസിനസുകളെയും കുറിച്ച് പല ആരോപണങ്ങളും പ്രചരിപ്പിച്ചിട്ടുണ്ട്. അതൊക്കെ രാഷ്ട്രീയ പ്രതികാരമാണ്. അതിനാല്‍ ഞാന്‍ രാഷ്ട്രീയത്തിൽ സജീവമായാൽ ആരോപണങ്ങളൊക്കെ പാര്‍ലമെന്റിലും പുറത്തും നേരിടാന്‍ കഴിയും. മാത്രമല്ല എനിക്ക് ജനങ്ങള്‍ക്കായി കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനാവും എന്ന് വിശ്വസിക്കുന്നവരുണ്ട്. ഈ കുടുംബത്തില്‍ നിന്ന് ബിസിനസ് ചെയ്യുന്നതിനെക്കാള്‍ എളുപ്പം രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതാണ്. ഇതുവരെ ഞാന്‍ മാറിനിന്നു. എന്നാല്‍ ഇപ്പോള്‍ പലരും ചേര്‍ന്ന് എന്നെ ഇതിലേക്ക് തള്ളിയിട്ടിരിക്കുകയാണ്’ തന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് റോബര്‍ട്ട് വാദ്രയുടെ വിശദീകരണമാണിത്.
1997ല്‍ പ്രിയങ്കാ ഗാന്ധിയെ വിവാഹം കഴിക്കുമ്പോള്‍ മൊറാദാബാദിലെ പിച്ചള -ചെമ്പ് കരകൗശല കച്ചവടക്കാരനായിരുന്നു റോബര്‍ട്ട് രാജേന്ദ്ര വാദ്ര. ബിസിനസിന്റെ മൊത്തം ടേണോവര്‍ അഞ്ചരക്കോടി രൂപ. എന്നാല്‍ 2023ലെ ആദായ നികുതി വകുപ്പിന്റെ കണക്കനുസരിച്ച് വാദ്രയുടെ മൊത്തം ആസ്തി 17,500 കോടിയിലധികം. 2004 മുതല്‍ 2014 വരെയുള്ള ഒന്നും രണ്ടും യുപിഎ സര്‍ക്കാരുകളുടെ കാലത്താണ് വാദ്ര ഈ സ്വത്തെല്ലാം വാരിക്കൂട്ടിയതെന്ന് ബിജെപി ആരോപിക്കുന്നു. പാക്കിസ്ഥാനിലെ സിയാല്‍കോട്ടില്‍ വേരുകളുളളതാണ് വാദ്രയുടെ കുടുംബം. വിഭജനകാലത്ത് ഉത്തര്‍പ്രദേശിലെ മൊറാദാബാദിലേക്ക് കുടിയേറി. കുടുംബബിസിനസായ കരകൗശല ഉല്‍പ്പന്നങ്ങളുടെ വ്യാപാരമായിരുന്നു പൂർവികർക്ക്. പ്രിയങ്കാ ഗാന്ധിയെ വിവാഹം കഴിച്ചതോടെയാണ് സാധാരണ കുടുംബാംഗമായ വാദ്രയെ ലോകമറിയുന്നത്. പിന്നീട് വാദ്രയുടെ കുടുംബത്തില്‍ ദുരന്തങ്ങളുടെ തുടര്‍ക്കഥയായിരുന്നു. പിതാവ് രാജേന്ദ്രവാദ്രയും സഹോദരന് റിച്ചാര്‍ഡും ആത്മഹത്യ ചെയ്തു. സഹോദരി പ്രിയ 2001ല്‍ കാറപകടത്തില്‍ കൊല്ലപ്പെട്ടു. ഇതോടെ കുടുംബത്തില്‍ റോബര്‍ട്ട് വാദ്ര തനിച്ചായി. ഇവരുടെ മരണത്തെക്കുറിച്ച് ഇപ്പോഴും ദുരൂഹതകൾ അവശേഷിക്കുന്നു.
എന്നാല്‍ 2004ന് ശേഷം കഥ മാറുകയായിരുന്നു. റിയല്‍ എസ്റ്റേറ്റ്, ഹോസ്പിറ്റാലിറ്റി ബിസിനസുകളില്‍ വാദ്ര കുതിച്ചു കയറി. കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ ഭരണത്തിന് കീഴില്‍ വാദ്രക്ക് ആരോടും ചോദിക്കാനും പറയാനുമുണ്ടായിരുന്നില്ല എന്നതാണ് സത്യം. 2014ൽ ബിജെപി അധികാരത്തിലെത്തിയതോടെ വാദ്രയുടെ തേരോട്ടം അവസാനിച്ചു. സോണിയ ഗാന്ധിയുടെ ബിസിനസുകാരൻ മരുമകനെ ബിജെപി നോട്ടമിടാന്‍ തുടങ്ങി. റോബർട്ടിന്റെ ചില അസ്വാഭാവിക ഡീലുകൾ ഓരോന്നായി ഇഡിയും കേന്ദ്ര ഏജന്‍സികളും കുത്തിപ്പൊക്കാന്‍ തുടങ്ങി. നാല് പ്രധാന കേസുകളാണ് റോബര്‍ട്ട് വാദ്രക്കെതിരെ ബിജെപി അധികാരത്തില്‍ വന്നതിന് ശേഷം എടുത്തത്.
1. ഹരിയാന ഡിഎല്‍ഫ് കേസ്
2. വിദേശത്ത് സ്വത്തുക്കൾ സമ്പാദിച്ചതുമായി ബന്ധപ്പെട്ട കേസ്
3. 2009ൽ പെട്രോളിയും ഇടപാടുകളില്‍ നിന്നും അനധികൃതമായി പണം സമ്പാദിച്ച കേസ്
4. ബിക്കാനീര്‍ ഭൂമിയിടപാട് കേസ്
ഇതില്‍ ഏറ്റവും പ്രമാദമായത് ഹരിയാന ഡിഎല്‍ഫ് കേസാണ്. 2013ല്‍ രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ഡിഎല്‍എഫിന് വേണ്ടി 50 ഏക്കര്‍ കൃഷിഭൂമി ഹരിയാനയിലെ ആമിപൂര്‍ ഗ്രാമത്തില്‍ ഏറ്റെടുത്തിരുന്നു. പൊതുജനാവശ്യത്തിനെന്ന പേരില്‍ വളരെ കുറഞ്ഞ വിലക്ക് കര്‍ഷകരില്‍ നിന്നും നിര്‍ബന്ധപൂര്‍വ്വമാണ് ഭൂപീന്ദര്‍ സിംഗ് ഹൂഡെ മുഖ്യമന്ത്രിയായ ഹരിയാനയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇതേറ്റെടുത്തത്. എന്നിട്ട് തുഛമായ വിലക്ക് ഇത് ഡിഎല്ഫിന്റെ പാര്‍പ്പിട സമുച്ചയ പദ്ധതിക്ക് നല്കി. എതിര്‍ത്തു നിന്ന കര്‍ഷകര്‍ക്ക് പോലും നിസാരവിലക്ക് ഭൂമി വിട്ടുകൊടുക്കേണ്ടി വന്നു. വാദ്രയും ഡിഎല്‍എഫുമായുള്ള ബിസിനസ് ബന്ധമാണ് ഇതിന് കാരണമായത്. 2017 മുതല്‍ ഈ കേസ് ഇഡിയുടെ അന്വേഷണത്തിലാണ്.
2005-2009 കാലത്ത് ലണ്ടനില്‍ 1.9 മില്യണ്‍ പൗണ്ടിന്റെ സ്വത്തുക്കൾ അനധികൃതമായി സമ്പാദിച്ചുവെന്ന കേസാണ് മറ്റൊന്ന്. ദുബായ് ആസ്ഥാനമായ മലയാളി വ്യവസായി സിസി തമ്പിയുടെയും ആയുധവ്യാപാരിയായ സഞ്ചയ് ഭണ്ഡാരിയുടെയും പണം കൊണ്ടാണ് ലണ്ടനില്‍ സ്വത്ത് സമ്പാദിച്ചതെന്ന് ഇഡി കണ്ടെത്തി. ഇന്ത്യയില്‍ അനധികൃതമായി ഉണ്ടാക്കിയ പണം നികുതി വെട്ടിക്കാനാണ് വിദേശത്ത് കൊണ്ടുപോയി നിക്ഷേപിച്ചതെന്നാണ് കേസ്. 2009ൽ പെട്രോളിയം ഇറക്കുമതിയുമായി ബന്ധപ്പെട്ട് കോടിക്കണക്കിന് ഡോളറിന്റെ കമ്മീഷന് വാദ്ര അടിച്ചുമാറ്റിയെന്നും ഈ പണം കൊണ്ട് വിദേശത്ത് സ്വത്തുക്കള്‍ സമ്പാദിച്ചിട്ടുണ്ടെന്ന കേസിലും അന്വേഷണം നടക്കുന്നുണ്ട്.
വാദ്രയുടെ ഉടമസ്ഥയിലുള്ള സ്കൈറോക്കറ്റ് ഹോസ്പിറ്റാലിറ്റി അനധികൃതമായി ഭൂമി വാങ്ങിക്കൂട്ടുകയും ആദായ നികുതിയില്‍ നിന്നും രക്ഷപെടാന്‍ വളരെ കുറഞ്ഞ വില രജിസ്ട്രേഷനിൽ കാണിക്കുകയും ചെയ്ത കേസുമുണ്ട്. 2015 ലാണ് ഇഡി ബിക്കാനീറിലെ ഭൂമിയിടപാട് കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. ഈ കേസുകളുടെ ലഗേജുമായി കോണ്‍ഗ്രസിലേക്ക് വരുന്ന റോബര്‍ട്ട വാദ്ര പാർട്ടിക്ക് പൊതുവിലും അളിയൻ രാഹുലിന് വ്യക്തിപരമായും ബാധ്യതയാകുമോ എന്നതാണ് ചോദ്യം. ഏത് സമയവും അകത്തുപോകാവുന്ന ഗുരുതരമായ കേസുകളാണ് ഇവയൊക്കെ. വാദ്ര കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കുകയാണെങ്കിൽ മോദിക്ക് കാര്യങ്ങൾ എളുപ്പമാകും. ഇവയുടെയെല്ലാം പഴി വന്ന് ചേരുന്നത് കോണ്‍ഗ്രസ് എന്ന 135 വര്‍ഷം പാരമ്പര്യമുള്ള പാര്‍ട്ടിയുടെ ചുമലിലായിരിക്കും