കൊച്ചി: കിഫ്ബി മസാല ബോണ്ട് ഇടപാടിൽ തോമസ് ഐസക്കിനെതിരെ നിർണ്ണായക നീക്കവുമായി ഇ.ഡി. തെരഞ്ഞെടുപ്പ് സമയത്ത് ചോദ്യം ചെയ്യേണ്ടതില്ലെന്ന സിംഗിൾ ബഞ്ച് ഇടക്കാല ഉത്തരവിനെതിരെ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകി. ഇടക്കാല ഉത്തരവ് റദ്ദാക്കണമെന്നാണ് ആവശ്യം. ഇ.ഡി സമൻസിനെതിരായ ഐസക്കിന്റെ ഹർജി റദ്ദാക്കണമെന്നും ആവശ്യം.അപ്പീൽ ഇന്ന് ഡിവിഷൻ ബെഞ്ച് പരിഗണിക്കും.
സ്ഥാനാർഥിയായ ഐസക്കിനെ ഈ സമയത്ത് ചോദ്യം ചെയ്യേണ്ടതില്ലെന്നായിരുന്നു ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. കേസിൽ വേനലവധിക്ക് ശേഷം ഹൈക്കോടതി വിശദമായ വാദം കേൾക്കും. ലോക്സഭാ തെരഞ്ഞെടുപ്പിൽ പത്തനംതിട്ടയിലെ എൽഡിഎഫ് സ്ഥാനാർഥിയായ തോമസ് ഐസക്കിനെ ഈ സമയത്ത് ചോദ്യം ചെയ്യേണ്ടതില്ലെന്നാണ് ഹൈക്കോടതിയുടെ നിലപാട്. കേസിൽ ഐസക്കിനെ ചോദ്യം ചെയ്യേണ്ടതിന്റെ ആവശ്യകതകൾ വ്യക്തമാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചില രേഖകൾ ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്നു.
ഈ രേഖകൾ പരിശോധിച്ചശേഷം ചില ഇടപാടുകളെ കുറിച്ചുള്ള വ്യക്തതക്കായി ഐസക്കിന്റെ വിശദീകരണം ആവശ്യമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ഇത് ഐസക്കിനെ വിളിച്ചുവരുത്തിശേഷം വേണമോ അതോ രേഖാമൂലം മതിയോ എന്ന് ഇ.ഡിക്ക് തീരുമാനിക്കാം. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാൽ ഐസക്കിനെ ഇപ്പോൾ ചോദ്യം ചെയ്യേണ്ടതില്ലെന്നും മറ്റൊരു ദിവസം ഹാജരാകാനുള്ള തീയതി ഐസക് അറിയിക്കണമെന്നും ഇ.ഡി കോടതിയിൽ ആവശ്യപ്പെട്ടു.
എന്നാൽ, ഇക്കാര്യത്തിൽ താൻ നിർദേശങ്ങളൊന്നും നൽകുന്നില്ലെന്ന് ജസ്റ്റിസ് ടി.ആർ. രവി വ്യക്തമാക്കി. ഏതെങ്കിലും തരത്തിലുള്ള നിർദേശം ഇക്കാര്യത്തിൽ നൽകുകയാണെങ്കിൽ അത് താൻ ഐസക്കിനെ നിർബന്ധിക്കുന്നതിന് തുല്യമാകുമെന്നായിരുന്നു കോടതിയുടെ നിലപാട്. തുടർന്ന് ഇ.ഡി സമൻസിനെതിരായ ഐസക്കിന്റെയും കിഫ്ബിയുടെയും ഹരജികൾ വേനലവധിക്ക് ശേഷം വിശദമായി വാദം കേൾക്കാൻ മെയ് 22ലേക്ക് കോടതി മാറ്റിയിരുന്നു.