പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാന്‍ ഉടൻ ഇന്ത്യ സന്ദര്‍ശിക്കുമെന്ന് ടെസ്ല ഉടമ ഇലോണ്‍ മസ്ക്. ഇന്ത്യയില്‍ ടെസ്ല ഇലക്ട്രിക് വാഹനങ്ങളുടെ ഉത്പാദനം ആരംഭിക്കുമെന്ന ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് സാമൂഹിക മാധ്യമമായ എക്സിലൂടെയുള്ള പ്രഖ്യാപനം. ഏപ്രില്‍ 22ന് ഡല്‍ഹിയിലായിരിക്കും കൂടികാഴ്ചയെന്നാണ് സൂചന. ഇന്ത്യയില്‍ ടെസ്ല നടപ്പാക്കാനിരിക്കുന്ന പദ്ധതികളെക്കുറിച്ചുള്ള പ്രഖ്യാപനം കൂടിക്കാഴ്ചയ്ക്ക് പിന്നാലെ നടത്തിയേക്കും.
തിരഞ്ഞെടുപ്പിലേക്ക് രാജ്യം നീങ്ങുന്ന സമയത്താണ് ഇലോണ്‍ മസ്കിന്റെ ഇന്ത്യാ സന്ദര്‍ശനമെന്നതാണ് പ്രത്യേകത. ഇത് തെരഞ്ഞെടുപ്പിൽ ഗുണമാകുമെന്ന് ബിജെപിയും കണക്ക് കൂട്ടുന്നു. ഇന്ത്യ പുതിയ വൈദ്യുത വാഹന നയം ടെസ്ല ഉള്‍പ്പെടെയുള്ള കമ്പനികള്‍ക്ക് ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് സഹായിക്കുന്നതാണ്. നിലവില്‍ രാജ്യത്ത് നിര്‍മാണ കേന്ദ്രം തുടങ്ങാന്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസുമായി ടെസ്ല പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയതായി അടുത്തിടെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഇന്ത്യന്‍ വിപണിയിലേക്ക് കടക്കുന്നതിനായി കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി ടെസ്ല ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും രാജ്യത്തെ ഉയര്‍ന്ന ഇറക്കുമതി തീരുവ മൂലം നടന്നിരുന്നില്ല. എന്നാല്‍ അടുത്തിടെ കേന്ദ്ര സര്‍ക്കാര്‍ പുത്തന്‍ വൈദ്യുത വാഹന നയം കൊണ്ടുവന്നതോടെയാണ് പ്രതിസന്ധിക്ക് അവസാനമായത്.
പുത്തന്‍ വൈദ്യുത വാഹന നയ മൂലം 500 മില്യണ്‍ ഡോളറിന്റെ നിക്ഷേപം രാജ്യത്ത് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൂന്ന് വര്‍ഷത്തിനുള്ളില്‍ ഉത്പാദനം ആരംഭിച്ചാൽ നിശ്ചിത എണ്ണം വൈദ്യുത വാഹനങ്ങളുടെ ഇറക്കുമതി നികുതി നിരക്ക് കേന്ദ്രം കുറയ്ക്കും. ഇതോടെ ഇറക്കുമതി ചെയ്യുന്ന ഇലക്ട്രിക് വാഹനങ്ങളുട വിലയില്‍ ഗണ്യമായ കുറവുണ്ടായേക്കും.