അമേരക്കയും ചൈനയും കിതക്കുമ്പോൾ ഇന്ത്യ കുതിക്കുന്നുവെന്ന വിവരങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ അന്താരാഷ്ട്ര ധനകാര്യ ഏജൻസികൾ പുറത്ത് വിട്ടത്. ഇന്ത്യയാകട്ടെ സമീപ കാലയളവിൽ നടത്തുന്നത് മികച്ച പ്രകടനവും. കഴിഞ്ഞ ഡിസംബർ മുതൽ 80 ദിവസം കൊണ്ട് 5000 സെൻസസ് പോയിന്റാണ് വർധിച്ചത്. സെൻസസ് കണക്കുകളിൽ ഏറ്റവും വേഗത്തിലുള്ള വർധന കൂടിയാണിത്. 1991ലെ 1,000 പോയിന്റില്‍ നിന്ന് 10,000 പോയിന്റ് എത്തിയത് 2006 ഫെബ്രുവരിയിലായിരുന്നു. വിദേശ നിക്ഷേപകരുടെയും മ്യൂച്വല്‍ ഫണ്ടുകളുടെയും നിക്ഷേപം കുതിച്ചതോടെ 2007 നവംബറില്‍ 20,000 പിന്നിടാന്‍ സെന്‍സെക്സിനായി.
പിന്നീട് കനത്ത വെല്ലുവിളികളും ചാഞ്ചാട്ടവും നേരിട്ടാണ് 20,000ത്തില്‍ നിന്ന് 30,000ത്തിലെത്തിയത്. അതിന് പത്ത് വര്‍ഷം വേണ്ടിവന്നു. 40,000ത്തിലെത്താനാകട്ടെ രണ്ട് വര്‍ഷം മാത്രവും. കോവിഡ് മഹാമാരിക്കിടെ രണ്ടുവര്‍ഷത്തിനുള്ളില്‍ 50,000വും കടന്നു. പിന്നീട് വെറും ഏഴുമാസം കൊണ്ട് 60,000 പിന്നിട്ടു. 2023 ഡിസംബറില്‍ 70,000വും കടന്നു. ഇപ്പോഴിതാ വെറും 80 ദിവസംകൊണ്ട് അയ്യായിരം പോയിന്റുകൂടി മുന്നേറി 75,038ലെത്തയിരിക്കുന്നു.
സമീപ കാലയളവിലെ സാമ്പത്തിക മുന്നേറ്റവും ഭരണ സ്ഥിരത സംബന്ധിച്ച പ്രതീക്ഷകളുമാണ് മുന്നേറ്റത്തിന് കാരണമായി വിലയിരുത്തുന്നത്. യുഎസിലെ പണപ്പെരുപ്പ കണക്കുകള്‍ വിപണിയെ അത്രതന്നെ സ്വാധീനിച്ചേക്കില്ലെന്നാണ് നിരീക്ഷണം. തിരഞ്ഞെടുപ്പ് ഫലം പുറത്തുവരും മുമ്പായി സെന്‍സെക്സും നിഫ്റ്റിയും മൂന്ന് ശതമാനംവരെ നേട്ടമുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.