കൊച്ചി: തൃപ്പുണുത്തുറ എംഎല്‍എ കെ ബാബുവിന് അനുകൂലമായ ഹൈക്കോടതി വിധി വിചിത്രവിധിയെന്ന് സിപിഎം നേതാവ് എം സ്വരാജ്. ഹൈക്കോടതിയില്‍ തെളിവുകളെല്ലാം ബോധ്യപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. വിധി മറിച്ചാണ് വന്നിരിക്കുന്നതെന്നും സ്വരാജ് പറഞ്ഞു. തെരഞ്ഞെടുപ്പില്‍ കെ ബാബു വിജയിച്ചത് ചോദ്യം ചെയ്തുകൊണ്ടുള്ള തന്റെ ഹര്‍ജി ഹൈക്കോടതി തള്ളിയതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സ്വരാജ്.ജസ്റ്റിസ് പിജി അജിത് കുമാറിന്റെ ബെഞ്ചാണ് വിധി പറഞ്ഞത്.
കേസ് വിജയിച്ചോ പരാജയപ്പെട്ടോ എന്നതല്ല താന്‍ കാണുന്നതെന്നും ഇത് തെറ്റായ സന്ദേശമാണ് സമൂഹത്തിന് പകര്‍ന്നുനല്‍കുകയെന്നും സ്വരാജ് പറഞ്ഞു. ഈ വിധി ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തും. നാളെ വിശ്വാസികളായ ആളുകള്‍ക്കിടയില്‍ അവര്‍ ആരാധിക്കുന്ന ദൈവങ്ങളുടെ ചിത്രങ്ങള്‍ സ്ലിപ്പില്‍ അച്ചടിച്ച് വീടുവീടാന്തരം കൊടുത്താലും അതൊന്നും കുഴപ്പമില്ലെന്ന തോന്നലാണ് ഈ വിധിയുണ്ടാക്കുകയെന്നും സ്വരാജ് പറഞ്ഞു.വിധി നാധിപത്യത്തിന്റെ അന്തസത്ത ചോര്‍ത്തിക്കളയുന്നതാണെന്ന് പറഞ്ഞ സ്വരാജ് പാര്‍ട്ടിയും വക്കീലുമായി കൂടിയാലോചിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും പറഞ്ഞു. വിധി പകര്‍പ്പ് കിട്ടിയ ശേഷം ഇതുസംബന്ധിച്ച് കൂടുതല്‍ പ്രതികരിക്കാമെന്നും സ്വരാജ് കൂട്ടിച്ചേര്‍ത്തു.
വോട്ടര്‍മാര്‍ക്ക് നല്കിയ സ്ലിപ്പില്‍ സ്ഥാനാര്‍ഥിയുടെ ചിത്രത്തിനൊപ്പം ശബരിമല അയ്യപ്പന്റെ ചിത്രം ഉപയോഗിച്ചതടക്കമുള്ള വിഷയങ്ങളാണ് എം സ്വരാജിന്റെ പരാതിക്ക് ആധാരം. താന്‍ തോറ്റാല്‍ അയ്യപ്പന് തോല്ക്കുന്നതിനു തുല്യമാണെന്നു കാണിച്ച് ബാബു മണ്ഡലത്തില്‍ പ്രചാരണം നടത്തിയെന്നും പരാതിയിലുണ്ട്. ജാതി, മതം, ഭാഷ, സമുദായം എന്നിവയുടെ പേരില്‍ വോട്ട് ചോദിക്കരുതെന്ന ചട്ടം ലംഘിച്ച ബാബുവിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണം എന്നായിരുന്നു സ്വരാജിന്റെ ആവശ്യം.