ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ മുന്‍ വക്താവ് രോഹന് ഗുപ്ത ബിജെപിയില്‍ ചേര്‍ന്നു. മാര്‍ച്ച് 22 നാണ് അദ്ദേഹം കോണ്‍ഗ്രസില്‍ നിന്നും രാജി വച്ചത്. കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി, ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി വിനോദ് തവ്ഡെ എന്നിവരുടെ സാന്നിധ്യത്തിലാണ് രോഹന് ഗുപ്ത അംഗത്വം സ്വീകരിച്ചത്.
വ്യക്തിഹത്യയും നിരന്തര അപമാനവും കാരണമാണ് താന്‍ പാര്‍ട്ടി വിടുന്നതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഇത്തവണ ഗുജറാത്തിലെ അഹ്മദാബാദ് ഈസ്റ്റില്‍ ഗുപ്തയ്ക്ക് കോണ്‍ഗ്രസ് സീറ്റ് നല്‍കിയിരുന്നുവെങ്കിലും പിതാവിന്റെ അനാരോഗ്യവും എതിര്‍പ്പും ചൂണ്ടിക്കാട്ടി പിന്നീട് സ്ഥാനാര്‍ഥിത്വത്തില്‍നിന്നു പിന്മാറുകയായിരുന്നു. ഇതിന് പിന്നാലെയാണ് 15 വര്‍ഷത്തെ സേവനത്തിനു ശേഷം രോഹന് ഗുപ്ത പാര്‍ട്ടി വിട്ടത്. നിരന്തരമായ അപമാനവും വ്യക്തിഹത്യയും കാരണം 15 വര്‍ഷം സേവിച്ച പാര്‍ട്ടി വിടുകയാണെന്നാണ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കു നല്കിയ രാജിക്കത്തില്‍ രോഹന് ഗുപ്ത കുറിച്ചത്.
എ.ഐ.സി.സി കമ്മ്യൂണിക്കേഷന്‍ വിഭാഗത്തിലെ ഒരു നേതാവിനെതിരെ ആരോപണമുയര്‍ത്തിയായിരുന്നു അദ്ദേഹത്തിന്റെ രാജി. രോഹന് ഗുപ്തയുടെ പിതാവ് രാജ്കുമാര് ഗുപ്ത രണ്ടു പതിറ്റാണ്ടോളം പ്രതിനിധീകരിച്ച മണ്ഡലമാണ് അഹ്മദാബാദ് ഈസ്റ്റ്. ഇവിടെ മത്സരിക്കുന്നതില്‍ പിതാവ് അതൃപ്തി രേഖപ്പെടുത്തിയെന്നാണ് സ്ഥാനാര്‍ഥിത്വത്തില്‍നിന്നു പിന്മാറാന് രോഹന് ഗുപ്ത കാരണമായി നേരത്തെ പറഞ്ഞിരുന്നത്.