തൃശൂർ: എരുമപ്പെട്ടി വെള്ളാറ്റഞ്ഞൂരിൽ മൂന്ന് കുട്ടികളുമായി യുവതി കിണറ്റിൽ ചാടി. രണ്ടു കുട്ടികൾ മരിച്ചു. വെള്ളാറ്റഞ്ഞൂർ പൂന്തിരുത്തിൽ വീട്ടിൽ അഭിജയ് (7) ആദിദേവ് (6) എന്നിവരാണ് മരിച്ചത്. മാതാവ് സയന (29), ഒന്നര വയസ്സുള്ള മകൾ ആഗ്നിക എന്നിവർ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ചൊവ്വാഴ്ച ഉച്ചക്ക് രണ്ടു മണിയോടെയായിരുന്നു സംഭവം. മരിച്ച കുട്ടികളിൽ ഒരാളുടെ മൃതദേഹം വെള്ളറക്കാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലും ഒരാളുടെ മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്.എരുമപ്പെട്ടി സബ് ഇൻസ്പെക്ടർ മഹേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. കുന്നംകുളം അഗ്നി രക്ഷാസേന സ്റ്റേഷൻ ഓഫീസർ ബി. വൈശാഖിന്റെ നേതൃത്വത്തിലുള്ള അഗ്നി രക്ഷാസേനാസംഘം സ്ഥലത്തെത്തി. നാട്ടുകാരും അഗ്നി രക്ഷാസേന ഉദ്യോഗസ്ഥരും ചേർന്ന് ഏറെനേരത്തെ പരിശ്രമത്തിനോടുവിലാണ് നാലുപേരെയും കിണറ്റിൽനിന്നും പുറത്തെത്തിച്ചത്.