പത്തനംതിട്ട: താന്‍ തോല്‍ക്കണമെന്ന് പരസ്യമായി പറഞ്ഞ പിതാവിന് മറുപടിയുമായി എ.കെ.ആന്റണിയുടെ മകനും പത്തനംതിട്ട എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ അനില്‍ ആന്‍ണി. 84 വയസുള്ള ആന്റണിയോട് തനിക്ക് ബഹുമാനമാണുള്ളത്. എന്നാല്‍ സെെന്യത്തെ അവഹേളിച്ച യുഡിഎഫ് സ്ഥാനാര്‍ഥി ആന്റോ ആന്ണിക്കായി പഴയ ആഭ്യന്തരമന്ത്രി സംസാരിച്ചതില്‍ വിഷമമുണ്ടെന്നും അനിൽ ആന്റണി പറഞ്ഞു.
പാക്കിസ്ഥാന്റെ തീവ്രവാദശ്രമങ്ങളെ വെള്ളപൂശാന്‍ ശ്രമിച്ച രാജ്യവിരുദ്ധനായ, ചതിയനായ ഒരു എംപിക്ക് വേണ്ടി സംസാരിച്ചത് ജനങ്ങള്‍ കാണുന്നുണ്ട്. പത്തനംതിട്ടയില്‍ താന്‍ വിജയിക്കും. നരേന്ദ്രമോദി മൂന്നാമതും ഇന്ത്യയുടെ പ്രധാനമന്ത്രിയാകും.അപ്പോഴും കോണ്‍ഗ്രസിലെ കാലഹരണപ്പെട്ട നേതാക്കളും സോണിയാ ഗാന്ധിയുടെയും രാഹുലിന്റെയും കുടുംബത്തിനായി മാത്രം പ്രവര്‍ത്തിക്കുന്നവരും ചന്ദ്രനെ കണ്ട് കുരയ്ക്കുന്ന നായയെ പോലെ കുരച്ചുകൊണ്ടേയിരിക്കുമെന്ന് അനില്‍ പരിഹസിച്ചു.
നിലവില്‍ ഇന്ത്യയെ നയിക്കാന്‍ ബിജെപിക്ക് മാത്രമാണ് കഴിയുക. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ ഇന്ത്യ ഒരുപാട് മുന്നോട്ടുപോയി. രാജ്യവിരുദ്ധ നയങ്ങളാണ് കോണ്‍ഗ്രസിനുള്ളത്. അതിനാലാണ് ജനം അവരെ ദേശീയ രാഷ്ട്രീയത്തില്‍ നിന്നും ചവറ്റുകുട്ടയില്‍ എറിഞ്ഞത്.രാഹുല്‍ ഗാന്ധി നയിക്കുന്ന കോണ്‍ഗ്രസിനെ “പ്രതിപക്ഷ പാര്‍ട്ടി’ എന്ന സ്ഥാനത്തിന് പോലും അര്‍ഹമല്ലാത്ത രീതിയില്‍ ജനം തോല്പിച്ചു. ഇത്തവണയും അവർക്ക് പ്രതിപക്ഷ സ്ഥാനം ലഭിക്കില്ല. ഇത്തവണ എന്‍ഡിഎ 400ല്‍ അധികം സീറ്റുകള്‍ നേടും.
കോണ്‍ഗ്രസ് പാര്‍ട്ടി വെറുമൊരു കുടുംബത്തിന് വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന രാജ്യവിരുദ്ധ പാര്‍ട്ടിയാണ്. കോണ്‍ഗ്രസിനെ രാഹുല്‍ വളര്‍ത്തി വളര്‍ത്തി പാതാളത്തിലെത്തിച്ചു. കാലഹരണപ്പെട്ട നേതാക്കളും ചിന്തകളുമാണ് ആ പാര്‍ട്ടിയിലുള്ളത്.താന്‍ രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ ദേശീയ സെക്രട്ടറിയാണ്, ദേശീയ വക്താവാണ്, ദേശീയ മാനിഫെസ്റ്റോ കമ്മിറ്റിയിലിക്കുന്ന വ്യക്തിയാണ്. 2047ല്‍ ഇന്ത്യയെ വികസിത രാഷ്ട്രമാക്കാന്‍ പ്രവര്‍ത്തിക്കുന്ന കോടിക്കണക്കിന് ബിജെപി പ്രവര്‍ത്തകരില്‍ ഒരാളാണ്. അങ്ങനെയുള്ള താന്‍ യതൊരു പ്രസക്തിയുമില്ലാത്ത കോണ്‍ഗ്രസിലേക്ക് മടങ്ങില്ലെന്നും അനിൽ പറഞ്ഞു.
കഴിഞ്ഞ 15 വര്‍ഷമായി പത്തനംതിട്ടയില്‍ വികസനം ഉണ്ടായിട്ടില്ല. ധാരാളം യുവതീയുവാക്കള്‍ ഉള്ള പത്തനംതിട്ടയില്‍ ഒരു ഐടി പാര്‍ക്കോ ഇന്‍ഡസ്ട്രിയല്‍ പാര്ക്കൊ ഇല്ല. സ്റ്റാര്‍ട്ട് അപ്പുകളൊ കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികളൊ ഇല്ല. ഈ വികസനം ഇല്ലായ്മ മറച്ചുവയ്ക്കാനും ചില തീവ്ര മുസ്ലിം ചിന്താഗതിക്കാരുടെ വോട്ടുകള്‍ നേടാനുമാണ് ആന്റോ ആന്റണി സൈന്യത്തെ അപമാനിച്ചത്. മുന്‍പ് പി.ജെ. കുര്യനും മണ്ഡലത്തിനായി ഒന്നും ചെയ്തിട്ടില്ലെന്നും അനില്‍ ആരോപിച്ചു.