ചെന്നൈ: ധോണിയുടെ ഓരോ നിമിഷവും ആഘോഷമാക്കുകയാണ് ആരാധകർ. ഇന്നലെ നടന്ന മത്സരത്തിലും ആർപ്പു വിളികളോടെയാണ് ആരാധകർ തലയെ വരവേറ്റത്. പക്ഷെ ധോണി വിളികൾക്കിടയിൽ ചെവി പൊത്തി നിൽക്കുന്ന കൊൽക്കത്തൻ താരം ആന്ദ്രേ റസലിന്റെ വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. മത്സരത്തിന്റെ 17ാം ഓവറിൽ ശിവം ദുബെ പുറത്തായ ശേഷമായിരുന്നു ധോണി ബാറ്റിങ്ങിനെത്തിയത്. ഇതോടെ സ്റ്റേഡിയത്തിൽ ആർപ്പു വിളികളായി. ശബ്ദം വർധിച്ചോടെ താരം ചെവിപൊത്തി നിന്നു. സ്റ്റേഡിയത്തിലുള്ള ആരാധകരാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്.
മത്സരത്തില്‍ 7 വിക്കറ്റിനാണ് ചെന്നൈ വിജയിച്ചത്. ആദ്യം ബാറ്റു ചെയ്ത നൈറ്റ് റൈഡേഴ്സിന് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 137 റൺസ് മാത്രമാണ് നേടാനാത്. മറുപടി ബാറ്റിങ്ങിൽ ചെന്നൈ 14 പന്തു ശേഷിക്കേ വിജയലക്ഷ്യം മറികടന്നു. ചെന്നൈ ക്യാപ്റ്റൻ ഋതുരാജ് ഗയ്ക്വാദ് അർധ സെഞ്ചറി നേടി. അഞ്ചാമനായി ക്രീസിലെത്തിയ ധോണി ഒരു റണ്ണുമായി പുറത്താകാതെനിന്നു.