തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വാർത്താസമ്മേളനത്തിലെ പരാമർശത്തിന് ഏഷ്യാനെറ്റ് ന്യൂസ് അവറിൽ മറുപടി നൽകി വിനു വി ജോൺ. ഡൽഹി കലാപവുമായി ബന്ധപ്പെട്ട് മലയാളത്തിലെ രണ്ടു ചാനലുകൾക്ക് കേന്ദ്രസർക്കാർ വിലക്ക് പ്രഖ്യാപിച്ചതിനെയാണ് കേന്ദ്ര വേട്ടയാടലിനു ഉദാഹരണമായി ഇന്നലെ പിണറായി വിജയൻ അവതരിപ്പിച്ചത്. ഏഷ്യാനെറ്റ് ന്യൂസിനെതിരായ ആ മുനവെച്ച വാക്കുകൾക്ക് കൃത്യതയോടെ തുറന്ന മറുപടി നൽകിയാണ് വിനു മുഖ്യനെ പൊളിച്ചടുക്കിയത്.
ഇടുക്കി അതിരൂപത കേരളാ സ്റ്റോറിയെന്ന ചിത്രം കുട്ടികൾക്ക് കാണിച്ചതിനെ കുറിച്ചായിരുന്നു ഇന്നലത്തെ ന്യൂസ് അവർ ചർച്ച. അതിനിടെയാണ് മുഖ്യമന്ത്രി നടത്തിയ വാർത്താസമ്മേളനത്തിൽ രണ്ടു മലയാള വാർത്താചാനലുകളുടെ നിലപാടുകളെ താരതമ്യം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞ വാക്കുകൾ കൂടി കടന്നുവന്നത്. പേര് പറയാതെ എന്നാൽ കേൾക്കുന്നവർക്ക് കൃത്യമായ മനസിലാകുന്ന തരത്തിൽ ഏഷ്യാനെറ്റ് ന്യൂസിനെ കടന്നാക്രമിച്ചുകൊണ്ട് മറ്റൊരു വാർത്താ ചാനലിനെ തലോടി വിടുകയാണ് മുഖ്യമന്ത്രി ചെയ്തത്. ഈ കപടതക്കാണ് വസ്തുതകൾ ചൂണ്ടിക്കാട്ടി വിനു ചുട്ട മറുപടി നൽകിയതും. മുഖ്യമന്ത്രി സ്ഥാനത്തിരുന്ന് ഇങ്ങനെ തരം താഴരുതെന്നും അസത്യങ്ങൾ വിളിച്ചു പറയരുതെന്നും പറഞ്ഞാണ് വിനു വിമർശനം അവസാനിപ്പിച്ചത്.
പിണറായിയുടെ വാക്കുകൾ
കേരളത്തിലെ ചില മാധ്യമങ്ങൾക്കും കേന്ദ്ര സർക്കാർ വേട്ടയാടൽ ഉണ്ടായി. രണ്ടു ചാനലുകളെ വിലക്ക്. അതിലൊരു ചാനൽ ഡൽഹി റിപ്പോർട്ടറെ ബലി കൊടുത്ത് കേന്ദ്ര സർക്കാരിനും സംഘപരിവാറിനും മുന്നിൽ മുട്ടുമടക്കി. മറ്റൊരു ചാനൽ സുപ്രീംകോടതിയിൽ വരെ പോരാട്ടം നടത്തി വിലക്ക് മാറ്റിയെടുത്തുവെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്.
വിനു വി ജോണിന്റെ മറുപടി ഇങ്ങനെ
അതിന്റെ റിയൽ സ്റ്റോറി പറയാം. 2020 മാർച്ച് മാസം 6-ാം തീയതി വെള്ളിയാഴ്ച 7.30 മണിക്ക് വിലക്ക് നേരിട്ട രണ്ട് ചാനലുകളിൽ ഒന്ന് ഏഷ്യാനെറ്റ് ന്യൂസാണ്. മറ്റൊന്ന് മീഡിയാ വണ്ണാണ്. ആ വിലക്ക് പുലർച്ചെ ഒന്നരയോടെ ഏഷ്യാനെറ്റ് ന്യൂസിന് മാറി കിട്ടി. നേരം പുലർന്ന് ഒൻപതരയോടെയായപ്പോൾ മീഡിയാ വണ്ണിനും വിലക്ക് മാറി കിട്ടി. ഏതെങ്കിലും ഒരു ചാനൽ സുപ്രീംകോടതിയിൽ പോയി 48 മണിക്കൂർ വിലക്ക് മാറ്റിയോ എന്ന് അറിയില്ല. അത് അദ്ദേഹം സ്വയം കൽപ്പിച്ചുണ്ടായ കഥയാണ്.
ഡൽഹിയിലെ റിപ്പോർട്ടറെ ബലി കൊടുത്തുവെന്ന് പറഞ്ഞു. അത് ഏഷ്യാനെറ്റ് ന്യൂസിനെ ഉദ്ദേശിച്ചാണ്. ആരേയും മാർച്ച് ആറിന് ബലി കൊടുത്തില്ല. അതിന് ശേഷവും ആ റിപ്പോർട്ടർ രണ്ടു കൊല്ലം ഏഷ്യാനെറ്റ് ന്യൂസിൽ തുടർന്നു. പിന്നീട് രാജിവച്ചു. അന്ന് അയാൾ പറഞ്ഞത് പിണറായി വിജയന്റെ കൈരളി ടിവിയിൽ ദേശീയ തലത്തിൽ ഒരു പദവി വാഗ്ദാനം ചെയ്തിട്ടുണ്ടെന്നായിരുന്നു. മെച്ചപ്പെട്ട പദവിയായതു കൊണ്ടാണ് പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. കൈരളിയിൽ നിന്നും അദ്ദേഹം പിന്നീട് പോയി. കൈരളി ടിവിയിൽ നിന്നും അദ്ദേഹത്തെ എന്തിന് പറഞ്ഞു വിട്ടുവെന്ന് നാളെ മുഖ്യമന്ത്രി വാർത്താ സമ്മേളനം നടത്തി പറയണം. ദി റിയൽ കേരളാ സ്റ്റോറി പോലെ ഇങ്ങനേയും റിയൽ സ്റ്റോറിയുണ്ട്. മുഖ്യമന്ത്രി പദത്തിൽ ഇരുന്ന് ഇങ്ങനെ തരം താഴരുത്. ഇങ്ങനെ അസത്യങ്ങൾ വിളിച്ചു പറയരുത്.