കല്‍പ്പറ്റ: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ഥി സിദ്ധാര്‍ത്ഥന്റെ മരണം അന്വേഷിക്കുന്ന സിബിഐ സംഘം കോളജിൽ എത്തി പരിശോധന നടത്തി. കോളജിലെ റാഗിങ് വിരുദ്ധ സ്ക്വാഡിന്റെ റിപ്പോര്‍ട്ടുകള്‍, ക്ലാസ് രജിസ്റ്റര്‍ ഉള്‍പ്പെടെയുള്ള രേഖകൾ സിബിഐ പരിശോധിച്ചു. ഇന്ന് സിദ്ധാർത്ഥന്റെ അച്ഛന്റെയും അമ്മാവന്റെയും മൊഴി രേഖപ്പെടുത്തും.
കോളജ് ഹോസ്റ്റൽ, സിദ്ധാർഥൻ ആൾക്കൂട്ട വിചാരണയ്ക്കിരയായ 21-ാം നമ്പർ മുറി, നടുമുറ്റം, വാട്ടർ ടാങ്ക് സ്ഥാപിച്ച കോളജ് കാമ്പസിനകത്തെ കുന്ന് എന്നിവിടങ്ങളെല്ലാം കഴിഞ്ഞ ദിവസം അന്വേഷണസംഘമെത്തി പരിശോധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് റാഗിങ്ങുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളും രേഖകളും പരിശോധിച്ചത്. റിപ്പോർട്ടുകൾ സിബിഐ കസ്റ്റഡിയിലെടുത്തു. സംഭവ ദിവസം ഹോസ്റ്റലിലുണ്ടായിരുന്ന വിദ്യാർഥികളുടെയും സിദ്ധാർത്ഥന്റെ സഹപാഠികളുടെയും മൊഴി സിബിഐ രേഖപ്പെടുത്തി. ഇന്നും നാളെയുമായി കൂടുതൽ വിദ്യാർഥികളുടെ മൊഴി രേഖപ്പെടുത്തും. വൈത്തിരി റെസ്റ്റ് ഹൗസിൽ പ്രവർത്തിക്കുന്ന ക്യാമ്പ് ഹൗസിലേക്ക് വിളിച്ചുവരുത്തിയാണ് വിദ്യാർഥികളുടെ മൊഴി സിബിഐ രേഖപ്പെടുത്തിയത്.
മുൻ ഡീൻ ഡോ. എംകെ നാരായണൻ, അസി.വാർഡൻ ഡോ. കാന്തനാഥൻ എന്നിവരെയും വിളിച്ചുവരുത്തും. കല്പറ്റ പൊലീസ് 20 പേരെയാണ് പ്രതിചേർത്തിട്ടുള്ളത്. എന്നാൽ കേസിൽ കൂടുതൽ പ്രതികളുണ്ടാകുമെന്ന സൂചനയാണ് സിബിഐയുടെ എഫ്ഐആറിൽ പറയുന്നത്. 21-ാമത്തെ പ്രതിയുടെ സ്ഥാനത്ത് അജ്ഞാതൻ എന്നാണ് ചേർത്തിരിക്കുന്നത്.