ന്യൂഡൽഹി: ഐപിഎൽ വാതുവെയ്പ് കേസിൽ നിന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ്.ശ്രീശാന്ത് രക്ഷപ്പെട്ടത് നിയമത്തിന്റെ അഭാവം മൂലമെന്ന് വെളിപ്പെടുത്തൽ. ഡൽഹി പൊലീസ് മുൻ കമ്മിഷണർ നീരജ് കുമാറാണ് പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. ഇന്ത്യയിൽ കായിക രംഗത്തെ അഴിമതിക്കെതിരെ നിയമമില്ലാത്തത് മൂലമാണ് ശ്രീശാന്ത് രക്ഷപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു. ഓസ്ട്രേലിയയിലും ന്യൂസീലാന്‍ഡിലും എന്തിന് സിംബാബ്വെയിൽ പോലും പ്രത്യേക നിയമമുണ്ട്. ഇന്ത്യയിൽ 2013 മുതൽ കായിക രംഗത്തെ അഴിമതി തടയുന്നതിനുള്ള നിയമം കൊണ്ടുവരുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നുണ്ട്. ബിൽ പാസാക്കുകയാണെങ്കിൽ സാഹചര്യം പൂർണമായും മാറുമെന്നും അദ്ദേഹം കൂട്ടിചേർത്തു. നിയമത്തിന്റെ അഭാവത്തിൽ ശിക്ഷ വിധിക്കാൻ സാധിക്കില്ലെന്നായിരുന്നു കോടതിയുടെ നിലപാട്.
നീരജ് കുമാർ ഡൽഹി പൊലീസ് കമ്മിഷണർ ആയിരിക്കെയാണ് സ്പെഷ്യൽ സെൽ രാജസ്ഥാൻ റോയൽസ് താരങ്ങളായ ശ്രീശാന്ത്, അജിത് ചാന്ദില, അങ്കിത് ചവാൻ എന്നിവരെ വാതുവെയ്പ് കേസിൽ അറസ്റ്റ് ചെയ്തത്. ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് 2019ലാണ് 7 വർഷത്തെ സസ്പെൻഷനായി കുറച്ചത്. 2020 സെപ്റ്റംബറിൽ സസ്പെൻഷൻ കാലാവധി പൂർത്തിയായി. പക്ഷെ ഐപിഎൽ കളിക്കാൻ ബിസിസിഐ അനുമതി നൽകിയിരുന്നില്ല. 37 വർഷത്തെ സേവനത്തിനു ശേഷം 2013 ജൂലൈയിലാണ് നീരജ് കുമാർ വിരമിച്ചത്.