ലക്നൗ: ഐപിഎല്ലിൽ ഗുജറാത്തിനെതിരെ കന്നി ജയം സ്വന്തമാക്കി ലക്നൗ സൂപ്പർ ജയന്റ്സ്. 33 റൺസിനായിരുന്നു കെഎൽ രാഹുലിന്റെയും സംഘത്തിന്റെയും വിജയം. 2022ൽ ഗുജറാത്ത് ടൈറ്റൻസും ലക്നൗ സൂപ്പർ ജയന്റ്സും ഐപിഎല്ലിലെത്തിയ ശേഷം പരസ്പരം പോരടിച്ച നാലിലും വിജയിച്ചത് ഗുജറാത്തായിരുന്നു. മത്സരത്തിൽ 3.5 ഓവറിൽ 30 റൺസ് മാത്രം വിട്ടുകൊടുത്ത് 5 വിക്കറ്റ് വീഴ്ത്തിയ യാഷ് ഠാക്കൂറിന്റെ മാസ്മരിക ബോളിങ്ങ് പ്രകടനമാണ് ഗുജറാത്ത് ബാറ്റിങ്ങ് നിരയെ മുട്ടുകുത്തിച്ചത്. നാല് ഓവറിൽ 11 റൺസ് മാത്രം വിട്ടുകൊടുത്ത് മൂന്നു വിക്കറ്റ് വീഴ്ത്തിയ ക്രുണാൽ പാണ്ഡ്യയുടെ പ്രകടനവും നിർണായകമായി. ജയത്തോടെ പോയിന്റ് പട്ടികയിൽ ലക്നൗ മൂന്നാമതെത്തി.
ആദ്യം ബാറ്റു ചെയ്ത ലക്നൗ, നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 163 റൺസെടുത്തത്. അർധ സെഞ്ചറി നേടിയ മാർക്കസ് സ്റ്റോയിനിസ് (43 പന്തിൽ 58), അവസാന ഓവറുകളിൽ ആഞ്ഞടിച്ച നിക്കോളസ് പുരാൻ (22 പന്തിൽ 32*) എന്നിവരുടെ ഇന്നിങ്ങ്സാണ് ലക്നൗവിന് പൊരുതാവുന്ന സ്കോർ സമ്മാനിച്ചത്. മറുപടി ബാറ്റിങ്ങിൽ, ഓപ്പണർ സായ് സുദർശനും (23 പന്തിൽ 31), ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും (21 പന്തിൽ 19) ചേർന്ന് ഭേദപ്പെട്ട തുടക്കമാണ് ഗുജറാത്തിന് നൽകിയത്. പിന്നാലെയെത്തിയ ആർക്കും പിടിച്ചുനിൽക്കാൻ സാധിച്ചില്ല. കെയ്ൻ വില്യംസൻ (5 പന്തിൽ 1), ബി.ആർ.ശരത് (5 പന്തിൽ 2), വിജയ് ശങ്കർ (17 പന്തിൽ 17), ദർശൻ നൽകണ്ഠേ (11 പന്തിൽ 12), റാഷിദ് ഖാൻ (പൂജ്യം) എന്നിവർക്കാർക്കും തിളങ്ങാനായില്ല. രാഹുൽ തെവാത്തിയ (25 പന്തിൽ 30) മാത്രമാണ് അൽപമെങ്കിലും പൊരുതിയത്. ലക്നൗവിനായി നവീൻ ഉൽ ഹഖ്, രവി ബിഷ്ണോയ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.