തിരുവനന്തപുരം: അരുണാചൽ പ്രദേശിലെ ഹോട്ടൽ മുറിയിൽ ദമ്പതികളേയും സുഹൃത്തിനേയും ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ തെളിവുകൾ പുറത്ത്. മരിച്ച നവീന്റെ കാറില്‍ നിന്ന് പൊലീസ് പ്രത്യേകതരത്തിലുള്ള കല്ലുകളും ചിത്രങ്ങളും കണ്ടെടുത്തു. ഇവരുടെ പക്കല്‍ നിന്ന് കണ്ടെത്തിയ ഇ-മെയിലില്‍ സൂചിപ്പിച്ചിട്ടുള്ള കല്ലുകളാണ് ഇവയെന്നാണ് കരുതപ്പെടുന്നത്.
‘ഡോൺബോസ്കോ’ എന്ന വിലാസത്തില്‍ നിന്ന് ആര്യയ്ക്ക് വന്ന മെയിലിലാണ് ഈ കല്ലുകളെക്കുറിച്ച് പറയുന്നത്. ഈ മെയിൽ ഐഡിയെക്കുറിച്ചും പൊലീസ് അന്വേഷണം നടക്കുന്നുണ്ട്. ഡോൺബോസ്കോ എന്ന പേരിൽ ആര്യയ്ക്ക് സന്ദേശം അയച്ചത് നവീൻ തന്നെയാണോ എന്നും സംശയമുണ്ട്. യാത്രാച്ചെലവിന് പണം ആവശ്യം വന്നപ്പോള്‍ ആര്യയുടെ ആഭരണങ്ങള്‍ വിറ്റതായും പൊലീസിന് വിവരം ലഭിച്ചു. ആര്യയുടെ മൃതദേഹത്തിൽ സ്വർണാഭരണങ്ങൾ ഉണ്ടായിരുന്നില്ല.
മരിച്ചവർക്ക് വിചിത്ര വിശ്വാസങ്ങളുണ്ടായിരുന്നതായി സൂചനയുണ്ടായിരുന്നു. ദിനോസറുകൾക്ക് വംശനാശം സംഭവിച്ചിട്ടില്ലെന്നാണ് അവരിൽ നിന്ന് കണ്ടെത്തിയ രേഖകളിലുള്ളത്. അവയെ മറ്റ് ഗ്രഹങ്ങളിലേക്ക് മാറ്റിയതാണെന്നും ഭൂമിയിലെ 90 ശതമാനം മനുഷ്യരെയും മൃഗങ്ങളെയും രണ്ട് ഗ്രഹങ്ങളിലേക്ക് കൊണ്ടുപോകുമെന്നുമാണ് ഇവരുടെ വിശ്വാസം. ആന്‍ഡ്രോമീഡ ഗാലക്സിയില്‍ നിന്നുളള ‘മിതി’ എന്ന സാങ്കല്‍പ്പിക കഥാപാത്രവുമായാണ് സംഭാഷണം. വിചിത്രവിശ്വാസങ്ങളടങ്ങിയ 466 പേജുകളുടെ പകര്‍പ്പാണ് പുറത്തുവന്നത്.
ഏപ്രില്‍ രണ്ടിനാണ് അരുണാചല്‍ പ്രദേശില്‍ ഹോട്ടല്‍ മുറിയില്‍ ആര്യയെയും സുഹൃത്തുക്കളും ദമ്പതികളുമായ നവീനെയും ദേവിയെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ഏറെ ദുരൂഹതകളാണ് ഈ സംഭവത്തില്‍ ഇപ്പോഴും നിലനില്‍ക്കുന്നത്.