കോഴിക്കോട്: ഐസിയു പീഡനക്കേസിലെ അതിജീവിതയെ പിന്തുണച്ച നഴ്സിംഗ് ഓഫീസര്‍ പി.ബി.അനിതയ്ക്ക് കോഴിക്കോട്ട് മെഡിക്കല്‍ കോളജില്‍ തന്നെ നിയമനം നല്കി മുഖം രക്ഷിക്കാൻ സർക്കാർ. വ്യാപകപ്രതിഷേധമുയര്‍ന്നതിന് പിന്നാലെയാണ് നീക്കം.ഇതുസംബന്ധിച്ച് ഉടന്‍ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. കോടതി വിധി പരിശോധിക്കാനാണ് സമയമെടുത്തതെന്നും നിയമനം നല്‍കില്ലെന്ന് ആരോഗ്യമന്ത്രി പറഞ്ഞില്ലെന്നുമാണ് വിശദീകരണം.
അതിജീവിതയുടെ സുരക്ഷയുമായി ബന്ധപ്പെട്ട് അനിതയ്ക്ക് വീഴ്ച പറ്റിയതായി ഡിഎംഇയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാണെന്നും അതുകൊണ്ടാണ് ഇവരെ ജോലിയില്‍ തിരിച്ചെടുക്കാത്തതെന്നുമായിരുന്നു ആരോഗ്യമന്ത്രി വീണാ ജോർജ് വെള്ളിയാഴ്ച പ്രതികരിച്ചത്. പിന്നീട് അതിജീവിതയെ പിന്തുണച്ചെന്ന് കരുതി ഇവരുടെ ഭാഗത്തുനിന്നുണ്ടായ തെറ്റിനെ ന്യായീകരിക്കാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞിരുന്നു.ആരോഗ്യമന്ത്രിയെ ന്യായീകരിച്ച് മുഖ്യമന്ത്രിയും ഇന്ന് രംഗത്തെത്തിയിരുന്നു. ആരോഗ്യമന്ത്രി പറഞ്ഞത് ശരിയാണെന്നായിരുന്നു പ്രതികരണം.
അതേസമയം ഹൈക്കോടതി ഉത്തരവ് ലഭിച്ചിട്ടും തിരികെ ജോലിയിൽ പ്രവേശിക്കാൻ അനുവദിക്കാത്തതിനെ തുടർന്ന് കഴിഞ്ഞ ആറ് ദിവസമായി അനിത മെഡിക്കൽ കോളജിന് മുന്നിൽ പ്രതിഷേധം തുടരുകയാണ്. ഇവർക്ക് പിന്തുണയുമായി കേസിലെ അതിജീവിതയും സമരപന്തലിൽ ഉണ്ടായിരുന്നു.എന്നാൽ ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാനായിരുന്നു സർക്കാർ നീക്കം. ഇതിനെതിരേ വ്യാപക പ്രതിഷേധം ഉണ്ടായതോടെ ഇവർക്ക് കോഴിക്കോട്ട് തന്നെ ജോലി നൽകാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു.