കോട്ടയം: തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ കോട്ടയത്ത് യു.ഡി.എഫിൽ പൊട്ടിത്തെറി. ജില്ലാ യു.ഡി.എഫ് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ രാജിവെച്ചു. കേരള കോൺഗ്രസ് ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്റാണ്. പാർട്ടിയും മുന്നണിയും അവഗണിക്കുന്നുവെന്ന് ആരോപിച്ചാണ് രാജി. സജി കേരള കോൺഗ്രസ് മാണി ഗ്രൂപ്പിൽ ചേരുമെന്നാണ് സൂചന.
കോട്ടയത്തെ യു.ഡി.എഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജിന്റെ അപര സ്ഥാനാർഥികളുടെ നാമനിർദേശ പത്രിക സൂക്ഷ്മ പരിശോധനയിൽ തള്ളിയിരുന്നു. ഇതിന്റെ ആത്മവിശ്വാസത്തിൽ നിൽക്കുന്ന യു.ഡി.എഫിന് കനത്ത തിരിച്ചടിയാണ് സജിയുടെ രാജി. മോൻസ് ജോസഫുമായുള്ള അഭിപ്രായ ഭിന്നതകളാണ് സജിയുടെ രാജിയിൽ കലാശിച്ചത്. ജോസഫ് ഗ്രൂപ്പിന്റെ കോട്ടയത്തെ മുതിർന്ന നേതാവാണ് സജി മഞ്ഞക്കടമ്പിൽ.തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കിപ്പിക്കുന്നില്ലെന്ന പരാതി ഉന്നയിച്ചുകൊണ്ടാണ് രാജി. മോന്‍സ് ജോസഫുമായുള്ള അഭിപ്രായ വ്യാത്യാസമാണ് രാജിക്ക് വഴിവച്ചത്.
കോട്ടയം സീറ്റില്‍ മത്സരിക്കാനുള്ള ആഗ്രഹം നേരത്തേ പരസ്യമായി പ്രകടിപ്പിച്ചയാളാണ് സജി. പിന്നീട് പി.ജെ.ജോസഫ് നേരിട്ട് ഇടപെട്ട് നിയസഭാ തെരഞ്ഞെടുപ്പില്‍ പരിഗണിക്കാമെന്ന് ഉറപ്പ് നല്‍കിയാണ് ഇദ്ദേഹത്തെ അനുനയിപ്പിച്ചത്. എന്നാല്‍ ഫ്രാന്‍സിസ് ജോര്‍ജിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച ശേഷം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍നിന്ന് മോന്‍സ് ജോസഫ് എംഎല്‍എ തന്നെ ബോധപൂര്‍വം മാറ്റിനിര്‍ത്തുകയാണെന്നാണ് സജിയുടെ ആരോപണം. ഇക്കാര്യത്തില്‍ പി.ജെ.ജോസഫിനോട് പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നും സജി പ്രതികരിച്ചു.