കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ നേതാവിനെ അറസ്റ്റ് ചെയ്യാനെത്തിയ എൻഐഎ സംഘത്തിന് നേരെ ആക്രമണം. ഈസ്റ്റ് മിഡ്നാപൂരിലെ ഭൂപതിനഗറിൽ ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. 2022ൽ നടന്ന സ്ഫോടനക്കേസ് അന്വേഷിക്കാൻ ഉദ്യോഗസ്ഥർ എത്തിയപ്പോഴാണ് ആക്രമണം നടന്നത്.
സ്ത്രീകളടക്കം എൻഐഎ സംഘത്തിന്റെ കാറിന് മുന്നിൽ കുത്തിയിരിക്കുകയായിരുന്നു. ഇതിനിടെ ഇഷ്ടികകൾ കൊണ്ടുള്ള ഏറിൽ കാറിന്റെ ചില്ല് തകർന്നു. കഴിഞ്ഞ മാസം സ്ഫോടനവുമായി ബന്ധപ്പെട്ട് എട്ട് തൃണമൂൽ കോൺഗ്രസ് നേതാക്കളെ എൻഐഎ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. ഹാജരാവാതിരുന്നതോടെയാണ് എൻഐഎ വീട്ടിലെത്തിയത്. രണ്ട് മാസം മുമ്പ് ഇഡി ഉദ്യോഗസ്ഥർക്ക് നേരെയും പഞ്ചിമ ബംഗാളിൽ ആക്രമണം നടന്നിരുന്നു. റേഷൻ വിതരണ അഴിമതി കേസിൽ തൃണമൂലിന്റെ ജില്ലാ പരിഷദ് അംഗം ഷാജഹാൻ ഷെയ്ഖിന്റെ വീട്ടിൽ റെയ്ഡിനെത്തിയ ഇ ഡി ഉദ്യോഗസ്ഥർക്ക് നേരെയാണ് അന്ന് ആൾക്കൂട്ടം അക്രമം അഴിച്ചുവിട്ടത്.