കൊച്ചി: കിഫ്ബി മസാല ബോണ്ട് വഴിയുള്ള ഫണ്ട് ചെലവഴിച്ചതിൽ പ്രഥമദൃഷ്ട്യാ എങ്കിലും ക്രമക്കേട് കണ്ടെത്തിയിട്ടുണ്ടെങ്കിൽ അത് ബോധ്യപ്പെടുത്താൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) ഹൈക്കോടതി നിർദേശം. മസാല ബോണ്ടുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി നിരന്തരം സമൻസ് അയയ്ക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി മുൻ ധനമന്ത്രി തോമസ് ഐസക്ക് സമർപ്പിച്ച ഹർജിയും കിഫ്ബിയുടെ ഹർജിയും പരിഗണിച്ചു കൊണ്ടായിരുന്നു ജസ്റ്റിസ് ടി.ആര്. രവിയുടെ നിര്‍ദേശം. കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും. അതുവരെ തത്സ്ഥിതി തുടരാനും കോടതി നിർദേശം നല്കി.
നേരത്തേ, കിഫ്ബിയുമായി ബന്ധപ്പെട്ട കേസിൽ വാദം കേൾക്കുന്നത് മേയ് 22ലേക്ക് കോടതി നീട്ടിവച്ചിരുന്നു. എന്നാൽ അടിയന്തര സാഹചര്യമുണ്ടാകുന്ന ഘട്ടത്തിൽ കോടതിയെ സമീപിക്കാം എന്നും നിര്‍ദേശിച്ചിരുന്നു. ഈ കേസ് പരിഗണിച്ചതിന്റെ പിറ്റേന്ന് ഇ.ഡി സമൻസ് അയച്ചതോടെയാണ് ഐസക് ഈ മാസം ഒന്നിന് വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്. രണ്ടിന് നേരിൽ ഹാജരാകണമെന്നായിരുന്നു ഇ.ഡി നിര്‍ദേശം. ഇ.ഡി വീണ്ടും സമൻസ് അയച്ചതിനെതിരെ ഐസക്ക് നൽകിയ ഉപഹർജി ഈ മാസം ഒന്നിന് കോടതി പരിഗണിക്കുകയും ഏപ്രിൽ 5 വരെ നിലവിലെ സ്ഥിതി തുടരാൻ നിർദേശം നൽകുകയും ചെയ്തിരുന്നു. തുടർന്നാണ് ഇന്ന് കേസ് പരിഗണിച്ചത്.
കേസ് അന്വേഷണത്തിന്റെ ഭാഗമായല്ല മൊഴിയെടുക്കാൻ വിളിപ്പിക്കുന്നത് എന്ന് നേരത്തെ പറഞ്ഞിരുന്ന ഇ.ഡി ഇപ്പോൾ സമൻസിൽ പോലും അന്വേഷണം എന്നു തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത് എന്ന് ഐസക്കിനു വേണ്ടി ഹാജരായ ജയ്ദീപ് ഗുപ്ത ചൂണ്ടിക്കാട്ടി. കേസ് േനരത്തെ തീരുമാനിച്ചതു പോലെ മേയ് 22ലേക്ക് മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഐസക്കിന്റെ പത്തനംതിട്ടയിലെ സ്ഥാനാർഥിത്വം സംബന്ധിച്ച കാര്യങ്ങളും ഇതിനിടെ വാദത്തിൽ ഉയർന്നുവന്നു. തിരഞ്ഞെടുപ്പു കഴിഞ്ഞാൽ അദ്ദേഹം ഹാജരാകാൻ സന്നദ്ധനാണോ എന്ന കോടതിയുടെ ചോദ്യത്തോട്, തനിക്ക് അക്കാര്യത്തിൽ സ്വന്തം നിലയിൽ മറുപടി പറയാൻ കഴിയില്ലെന്ന് അഭിഭാഷകൻ വ്യക്തമാക്കി.
കിഫ്ബിയുമായി ബന്ധപ്പെട്ട് 2021 മുതൽ തുടരുന്ന അന്വേഷണമാണ്. എന്നാൽ ഇതുവരെ യാതൊരു ക്രമക്കേടും അവർക്കു കണ്ടെത്താനായിട്ടില്ല. കിഫ്ബി ഉദ്യോഗസ്ഥർ നാലു തവണ ഹാജരായി 7000 പേജുകൾ വരുന്ന രേഖകൾ സമർപ്പിച്ചു. ഈ നടപടി തുടർന്നു കൊണ്ടിരിക്കുന്നതല്ലാതെ എന്താണ് ക്രമക്കേട് എന്ന് വ്യക്തമാക്കാൻ ഇ.ഡിക്ക് കഴിഞ്ഞിട്ടില്ലെന്ന് കിഫ്ബിക്ക് വേണ്ടി ഹാജരായ അഡ്വ. അരവിന്ദ് ദത്താർ ചൂണ്ടിക്കാട്ടി. തോമസ് ഐസക് മന്ത്രിയെന്ന നിലയിലും കെ.എം. ഏബ്രഹാം സിഇഒ എന്ന നിലയിലുമാണ് ചുമതലകൾ വഹിച്ചത്. ഇവർക്ക് പകരം പദവികളിൽ ആരു വന്നാലും അവരാകും ആ ചുമതലയിൽ. അതുകൊണ്ട് കിഫ്ബിയുടെ ദൈനംദിന കാര്യങ്ങൾ ഇവരല്ല നടത്തുന്നതെന്നും കിഫ്ബി വാദിച്ചു.
എന്നാൽ, കിഫ്ബി സമർപ്പിച്ച രേഖകളുടെ അടിസ്ഥാനത്തിലാണ് കൂടുതൽ വിവരങ്ങൾ അറിയാൻ ഐസക്കിനെ വിളിപ്പിക്കുന്നതെന്ന വാദം ഇ.ഡി. ആവർത്തിച്ചു. തുടർന്നാണ് ഫണ്ട് എന്തിനു വേണ്ടിയാണോ അനുവദിച്ചത്, അതിനല്ലാതെ ചെലവഴിച്ചതുമായി ബന്ധപ്പെട്ട് ക്രമക്കേട് ഉണ്ടെങ്കിൽ കോടതിയെ ബോധ്യപ്പെടുത്താൻ ജസ്റ്റിസ് ടി.ആർ. രവി നിർദേശിച്ചത്. അന്വേഷണ ഏജൻസികൾ അവർ അന്വേഷിക്കുന്ന കാര്യം വെളിപ്പെടുത്തേണ്ടതില്ല. അത് അംഗീകരിക്കുന്നു. എന്നാൽ എന്തിനാണ് ഒരാളെ ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തുന്നത് എന്നതിൽ പ്രഥമദൃഷ്ട്യാ എങ്കിലും കാരണമുണ്ടെന്ന് ബോധ്യപ്പെടണം. ഇത് ചൊവ്വാഴ്ച പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി.