ന്യൂഡൽഹി : നാൽപ്പത്തെട്ട് ലോക്സഭാ സീറ്റുള്ള മഹാരാഷ്ട്രയിൽ ബിജെപി നയിക്കുന്ന എൻഡിഎയ്ക്ക് വൻ തിരിച്ചടിയുണ്ടാകുമെന്ന് ‘ഇന്ത്യ ടുഡേ’ സർവേ ഫലം. 2019ൽ അവിഭക്ത ശിവസേനയ്ക്കൊപ്പം നിന്ന് 41 സീറ്റ് നേടിയ എൻഡിഎ ഇത്തവണ 22ലേക്ക് കൂപ്പുകുത്തുമെന്നാണ് പ്രവചനം. അഞ്ച് സീറ്റുമാത്രമുണ്ടായിരുന്ന പ്രതിപക്ഷസഖ്യം 26ലേക്ക് കുതിക്കും.
വോട്ടുവിഹിതത്തിലും എൻഡിഎയ്ക്ക് വൻ നഷ്ടമാണ്. 51.34 ശതമാനത്തിൽനിന്ന് നാൽപ്പതിലേക്ക് വീഴും. അതേസമയം, 32.07ൽനിന്ന് മഹാ വികാസ് അഘാഡി 45 ശതമാനത്തിലെത്തും. മറ്റുള്ളവർക്ക് 15 ശതമാനമാണ് പ്രവചിക്കുന്നത്. ശിവസേനയെ പിളർത്തി ഏക്നാഥ് ഷിൻഡെയെ കൂടെക്കൂട്ടിയത് നഷ്ടക്കച്ചവടമാണെന്ന ബിജെപി വിലയിരുത്തൽ ശരിവയ്ക്കുന്നതാണ് സർവേഫലം.
ബിജെപി എംപി ഉദ്ധവിനൊപ്പം
ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മഹാരാഷ്ട്ര ബിജെപിയെ ഞെട്ടിച്ച് ജൽഗാവ് എംപി ഉന്മേഷ് പാട്ടീൽ ഉദ്ധവ് താക്കറെയുടെ ശിവസേനയിൽ ചേർന്നു. ഉദ്ധവിന്റെ മുംബൈയിലെ വസതിയിലെത്തിയാണ് അംഗത്വം സ്വീകരിച്ചത്. ശിവസേന ബിജെപിയുമായി ഏറ്റുമുട്ടുന്ന ജൽഗാവിൽ ഇതോടെ പോരാട്ടം തീപാറുമെന്നുറപ്പായി. 2019ൽ നാലുലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ സഭയിലെത്തിയ പാട്ടീലിനെ ഒതുക്കി പകരം സ്മിത വാഗിനെ ബിജെപി സ്ഥാനാർഥിയാക്കിയത് ജൽഗാവിൽ വൻ പൊട്ടിത്തെറി സൃഷ്ടിച്ചിരുന്നു. ചാലിസ്ഗാവ് മുൻ എംഎൽഎകൂടിയായ പാട്ടീൽ എത്തിയത് മഹാ വികാസ് അഘാഡിക്ക് ഉണർവായി. മാറ്റത്തിന്റെ രാഷ്ട്രീയത്തിനാണ് ഉദ്ധവിനൊപ്പം ചേർന്നതെന്ന് പാട്ടീൽ പ്രതികരിച്ചു. ബിജെപിയെ കടന്നാക്രമിച്ച ഉദ്ധവ്, രാജ്യം ഏകാധിപത്യത്തിലേക്ക് നീങ്ങുകയാണെന്ന് വിമർശിച്ചു.