ന്യൂഡൽഹി: മഹാരാഷ്ട്രയിലെ കോൺഗ്രസ് നേതാവ് സഞ്ജയ് നിരുപത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കി. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിലാണ് നടപടി. കോണ്‍ഗ്രസ് സംസ്ഥാന സമിതി യോഗമാണ് അച്ചടക്ക നടപടിയ്ക്ക് ശിപാർശ ചെയ്തത്. ആറു വർഷത്തേക്കാണ് നടപടി. പുറത്താക്കിയതിനു പിന്നാലെ സഞ്ജയ് ഏക്നാഥ് ഷിൻഡേയുടെ ശിവസേനയിൽ ചേരുമെന്നാണ് അറിയുന്നത്. മുംബൈ നോർത്ത് വെസ്റ്റ് സീറ്റ് നൽകുമെന്നാണ് വിവരം.
2005 ൽ ശിവസേനയിൽ നിന്നും കോൺഗ്രസിലെത്തിയ സഞ്ജയ് നിരുപം 2009 ൽ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. നാലുവർഷം പിസിസി അധ്യക്ഷ സ്ഥാനവും വഹിച്ച സഞ്ജയ് മഹാരാഷ്ട്രയിൽ ശിവസേനയുമായുള്ള കോൺഗ്രസിന്റെ സഖ്യത്തെ ശക്തമായിഎതിർത്തിരുന്നു. മുംബൈയിൽ ആറ് സീറ്റുകളിൽ മത്സരിക്കാനാണ് ശിവസേന കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയത്. ഇത് കോണ്‍ഗ്രസിനെ തകർക്കാനുള്ള നീക്കമാണെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസ് സഖ്യം ഉപേക്ഷിക്കണമെന്നും സഞ്ജയ് നിരുപം ആവശ്യപ്പെട്ടിരുന്നു. പാർട്ടിക്കെതിരെ സംസാരിക്കുന്ന അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കുമെന്ന് നേരത്തെ മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ നാനാ പടോലെ വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് സംസ്ഥാന സമിതി നടപടി സ്വീകരിച്ചത്.