ന്യൂഡൽഹി : മദ്യനയ അഴിമതി കേസിൽ ഇഡി കസ്റ്റഡിയിൽ തുടരുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ദേഹാസ്വാസ്ഥ്യം. 13 ദിവസത്തിനിടെ ശരീരഭാരം നാലര കിലോ കുറഞ്ഞു. ശരീരഭാരം അതിവേഗം കുറയുന്നതിൽ ഡോക്ടർമാർ ആശങ്ക അറിയിച്ചതായി ആംആദ്മി പാർട്ടി അറിയിച്ചു. നിലവിൽ തിഹാർ ജയിലിലാണ് അരവിന്ദ് കെജ്രിവാൾ കഴിയുന്നത്.
മാർച്ച് 21നാണ് അരവിന്ദ് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്യുന്നത്. തുടർന്ന് ഇഡി കസ്റ്റഡിയിലായിരുന്നു കെജ്രിവാൾ. ഇതിനിടെയാണ് ശരീരഭാരം കുറയുന്നത്. അരവിന്ദ് കെജ്രിവാളിന് അടിയന്തര ചികിത്സ ഉറപ്പാക്കണമെന്ന് ആംആദ്മി പാർട്ടി ആവശ്യപ്പെട്ടു. കോടതിയിൽ ഇക്കാര്യം അറിയിക്കും. അതേസമയം ഇ.ഡി അറസ്റ്റും കസ്റ്റഡിയും ചോദ്യം ചെയ്ത് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ സമർപ്പിച്ച ഹർജി ഇന്ന് ഡൽഹി ഹൈക്കോടതിയിൽ പരിഗണിക്കും. മുഖ്യ സൂത്രധാരൻ കെജ്രിവാളാണെന്നും അന്വേഷണത്തോട് ഒരു ഘട്ടത്തിലും സഹകരിച്ചില്ലെന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയിൽ പറഞ്ഞിരുന്നു. ഈ മാസം 15 വരെ അരവിന്ദ് കെജ്രിവാളിനെ റൗസ് അവന്യു കോടതി ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. 14 ദിവസത്തെ ജുഡിഷ്യൽ കസ്റ്റഡിയിലാണ് അരവിന്ദ് കെജ്രിവാളിനെ വിട്ടിരിക്കുന്നത്.