കരുവന്നൂര്‍ ബാങ്ക് തട്ടിപ്പും അതിലെ കള്ളപ്പണമിടപാടും പുറത്ത് വന്നതോടെയാണ് രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് സിപിഎം അക്ഷരാര്‍ത്ഥത്തില്‍ വെട്ടിലായത്. കള്ളപ്പണ ഇടപാടിനെക്കുറിച്ച് കേന്ദ്ര ഏജന്‍സിയായ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് വിശദമായ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് മാത്രമല്ല ആ വിവരങ്ങള്‍ രാഷ്ട്രീയമായി ഉപയോഗിക്കാന്‍ ബിജെപി ശ്രമിക്കുമെന്ന വിവരവും സിപിഎമ്മിനെ ഭയപ്പെടുത്തുന്നുണ്ട്. തുടക്കത്തിലെ പോലെയല്ല ഇപ്പോള്‍ ഈ വിഷയം ബിജെപി കൈകാര്യം ചെയ്യുന്നത്. പ്രധാനമന്ത്രി പോലും കേരളത്തിലെ കമ്യൂണിസ്റ്റ് സര്‍ക്കാരിന് കള്ളപ്പണ ഇടപാടുമായി ബന്ധമുണ്ടെന്ന് ആരോപിക്കുന്നു. ഇത് സിപിഎമ്മിനുണ്ടാക്കുന്ന ഉള്‍ഭയം ചെറുതല്ല. മോദിക്കാലത്ത് ഇഡി വന്നിട്ട് വെറുതെ പോയ ചരിത്രമില്ല. ഇത് പിണറായിക്കും സിപിഎമ്മിനും നന്നായി അറിയാം.
സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസിനെ കൊച്ചി ഓഫീസില്‍ ഇഡി വീണ്ടും ബുധനാഴ്ച ചോദ്യം ചെയ്യുകയാണ്. നേരത്തെ പലതവണ ഇഡി ചോദ്യം ചെയ്ത ആളാണ് വര്‍ഗീസ്. എന്നിട്ടും പാര്‍ട്ടിക്ക് 25ലേറെ രഹസ്യ അക്കൗണ്ടുകള്‍ തൃശൂര്‍ ജില്ലയിലുണ്ടെന്ന കാര്യം അദ്ദേഹം വെളിപ്പെടുത്തിയില്ലത്രെ. ഈ അക്കൗണ്ടുകള്‍ വഴി 100 കോടിയിലേറെ രൂപ കൈമാറ്റം ചെയ്തുവെന്നും ഇഡി കണ്ടെത്തി. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് അന്വേഷണത്തിന് തടസ്സമാകേണ്ട കാര്യമില്ലെന്നാണ് ഇഡിയുടെ തീരുമാനം. ഇതോടെയാണ് വീണ്ടും സിപിഎം നേതാക്കളെ ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നത്. പാര്‍ട്ടി തൃശ്ശൂർ ജില്ലാക്കമ്മിറ്റിയുടെ പേരില്‍ കേവലം നാല് അക്കൗണ്ടുകള്‍ മാത്രമാണുള്ളതെന്നാണ് ആദ്യത്തെ ചോദ്യം ചെയ്യലില്‍ ജില്ലാ സെക്രട്ടറി വെളിപ്പെടുത്തിയത്. എന്നാല്‍ 25 രഹസ്യ അക്കൗണ്ടുകള്‍ കണ്ടെത്തിയതോടെയാണ് കളിമാറിയത്.
സിപിഎമ്മിനെ കുരുക്കിലാക്കുന്ന മറ്റൊന്ന് കൂടി ഇഡി ചെയ്തു. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ വിശദവിവരങ്ങള്‍ വ്യക്തമാക്കിക്കൊണ്ട് തെരഞ്ഞെടുപ്പ് കമ്മിഷനും ധനമന്ത്രാലയത്തിനും റിസര്‍വ് ബാങ്കിനും കത്തു നല്കി. നിയമവും ചട്ടങ്ങളും ലംഘിച്ചാണ് ബാങ്ക് അക്കൗണ്ടുകള്‍ തുറന്നതെന്ന് ഈ കത്തില്‍ വ്യക്തമാക്കുന്നു. കരുവന്നൂരില്‍ മാത്രം150 കോടിയുടെ തട്ടിപ്പ് നടന്നതായാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയിരിക്കുന്നത്. ഈ ബാങ്കില്‍ മാത്രം അഞ്ച് അക്കൗണ്ടുകളാണ് സിപിഎമ്മിനുള്ളത്. തൃശൂരില്‍ സിപിഎമ്മിന് പതിനേഴ് ഏരിയ കമ്മിറ്റികളുടെ പേരില്‍ ഇരുപത്തഞ്ച് അക്കൗണ്ടുകള്‍ വിവിധ ബാങ്കുകളിലും സഹകരണ സംഘങ്ങളിലുമുണ്ട്. ഇവയുടെ വിശദാംശങ്ങളൊന്നും ഇഡി അവശ്യപ്പെട്ടിട്ടും പാര്‍ട്ടി സമര്‍പ്പിച്ചില്ല. എന്നാല്‍ അന്വേഷണ ഏജന്‍സി അതെല്ലാം കണ്ടെത്തുകയും ചെയ്തു. രാഷ്ട്രീയപ്പാര്‍ട്ടികള്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നതിനും സംഭാവന സ്വീകരിക്കുന്നതിനും ഫണ്ട് വിനിയോഗിക്കുന്നതിനും വ്യക്തമായ ചട്ടങ്ങളുണ്ട്. ജനപ്രാതിനിധ്യ നിയമത്തിലും തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗരേഖയിലും ഈ ചട്ടങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. എന്നാല്‍ ഇതൊന്നും സിപിഎം പാലിച്ചില്ലെന്നാണ് ഇഡി കണ്ടെത്തിയിരിക്കുന്നത്.
കരുവന്നൂര്‍ ബാങ്ക് ക്രമക്കേട് സംബന്ധിച്ച് എന്‍ഫോഴ്സ്മെന്റ് കണ്ടെത്തിയിരിക്കുന്ന പ്രധാന കാര്യങ്ങള്‍ ഇവയൊക്കെയാണ്.
1 സിപിഎം നേതാക്കളുടെ നിര്‍ദേശപ്രകാരം സാധാരണക്കാരില്‍ പലരുടെയും വസ്തുവകകള്‍ അവര്‍ അറിയാതെ ഈടുവച്ച് വന്‍ വായ്പകള്‍ അനുവദിച്ചു. ഇതുവഴി വലിയ തോതില്‍ കള്ളപ്പണം വെളുപ്പിച്ചു.
2. അംഗത്വം നല്‍കിയതില്‍ വലിയ ക്രമക്കേട് നടന്നു. പലരുടെയും വിലാസം വ്യാജമാണ്.
3. സ്വര്‍ണ്ണവായ്പ നല്‍കിയതിലും നിയമലംഘനമുണ്ട്. പണയത്തിലിരിക്കുന്ന സ്വര്‍ണ്ണം തന്നെ പല വ്യാജപേരുകളിലും വിലാസങ്ങളിലും വീണ്ടും പണയം വച്ചു പണമെടുത്തു.
4. ഈ പണമെല്ലാം റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ക്ക് ഉപയോഗിച്ചു. ഇതു വഴി കള്ളപ്പണം വെളുപ്പിച്ചു.
സഹകരണമേഖലയിലെ പണം തട്ടിച്ചവര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയതോടെ സിപിഎം നേതാക്കള്‍ക്ക് നെഞ്ചിടിപ്പ് കൂടിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരിക്കൊണ്ടിരിക്കുമ്പോള്‍ ഇഡി കടുത്ത നടപടികളിലേക്ക് നീങ്ങിയാല്‍ പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം ആ തിരിച്ചടി താങ്ങാന്‍ കഴിയില്ല. ബിജെപി ഈ വിഷയം രാഷ്ട്രീയമായി കൈകാര്യം ചെയ്യാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ സിപിഎം വലിയ വില നല്‍കേണ്ടി വരും. കേരളത്തില്‍ ഇനി അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം വേണ്ടെന്ന് നരേന്ദ്രമോദി തീരുമാനിച്ചാല്‍ കരുവന്നൂര്‍ ബാങ്ക് കള്ളപ്പണക്കേസും മാസപ്പടിക്കേസുമൊക്കെ സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം കനത്ത ആഘാതമായിരിക്കും.