വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ) യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ പിന്തുണ കോണ്‍ഗ്രസിനും യുഡിഎഫിനും ഗുണമാണോ ദോഷമാണോ ഉണ്ടാക്കുക എന്ന കാര്യത്തില്‍ ആര്‍ക്കും ഒരു രൂപവുമില്ല. നിരോധിത സംഘടനയായ എൻഡിഎഫിന്റെ ഭൂരിപക്ഷം പ്രവർത്തകരും ഉൾക്കൊള്ളുന്ന രാഷ്ട്രീയ സംഘടനാ രൂപമായ എസ്ഡിപിഐയുടെ പിന്തുണ തള്ളാനും കൊള്ളാനും വയ്യ എന്ന അവസ്ഥയിലാണ് കോണ്‍ഗ്രസ്. സിപിഎം ഇത് എങ്ങനെ രാഷ്ട്രീയമായി ഉപയോഗിക്കുമെന്ന ഭയം അവര്‍ക്ക് നന്നായുണ്ട്. എസ്ഡിപിഐയോട് പിന്തുണ ആവശ്യപ്പെട്ടിട്ടില്ലന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന് പറയുമ്പോഴും മുസ്ലിം വോട്ടുകളെ തങ്ങള്‍ക്ക് പിന്നില്‍ ഉറപ്പിച്ച് നിര്‍ത്താന്‍ ഈ പിന്തുണകൊണ്ടു സാധിക്കുമെന്ന വിശ്വാസം കോണ്‍ഗ്രസിനുണ്ട്. ഭരണവിരുദ്ധവികാരം മൂലം പെട്ടിയിൽ വീഴാനിടയുള്ള ഹിന്ദു- ക്രിസ്ത്യന്‍ വോട്ടുകള്‍ ഈ പിന്തുണയുടെ പേരില്‍ നഷ്ടപ്പെടുമോ എന്ന ഭയവും ഐക്യമുന്നണിക്കുണ്ട്.
2006ലെ നിയമസഭാ തെരഞ്ഞെടുപ്പു മുതല്‍ കോണ്‍ഗ്രസിന് മുസ്ലിം വോട്ടുകള്‍ ഗണ്യമായി നഷ്ടപ്പെടുന്ന പ്രവണത കാണുന്നുണ്ട്. മുസ്ലിം ലീഗിന് വോട്ടു കിട്ടുമെങ്കിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് ഈ സമുദായത്തിന്റെ വോട്ടുകള്‍ പലപ്പോഴും കിട്ടാറില്ല. പ്രത്യേകിച്ച് മലബാര്‍ മേഖലയില്‍. കോഴിക്കോട്, കാസര്‍കോട് തുടങ്ങിയ ജില്ലകളില്‍ നിന്നും ഒരു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിയമസഭയില്‍ എത്തിയിട്ടു തന്നെ ദശാബ്ദങ്ങളായി. മലബാറില്‍ മുസ്ലിംലീഗിന്റെ ബലത്തില്‍ നിന്നു പിഴക്കുന്ന പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറുകയും ചെയ്തു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസിന് അവശേഷിച്ച മുസ്ലിം വോട്ടുകള്‍ കൂടി നഷ്ടപ്പെടുന്ന അവസ്ഥയുണ്ടായി.
എന്നാല്‍ കേരളത്തിൽ രാഷ്ട്രീയ കാലാവസ്ഥ മാറി വരുന്നതിന്റെ ലക്ഷണം കോണ്‍ഗ്രസും സിപിഎമ്മും ഒരു പോലെ മനസിലാക്കുന്നുണ്ട്. റിയാസ് മൗലവിയുടെ കൊലപാതകക്കേസിലെ പ്രതികളെ കോടതി വിട്ടയച്ചതിനെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം ഇത് വെളിവാക്കുന്നു. പാലസ്തീന് ഐക്യദാര്‍ഡ്യ സദസും സിഎഎ വിരുദ്ധ യോഗങ്ങളുമെല്ലാം ദിനംപ്രതിയെന്നോണം നടത്തിയെങ്കിലും അവസാനം ലോക്സഭാ തെരഞ്ഞെടുപ്പു വന്നപ്പോള്‍ തൂണും ചാരി നിന്ന കോണ്‍ഗ്രസ് അതിന്റെയെല്ലാം ഫലം കൊണ്ടുപോകുമോ എന്നതാണ് സിപിഎമ്മിന്റെ ഇപ്പോഴത്തെ ടെൻഷൻ. മുസ്ലിം സംഘടനകളുടെ പ്രീതിക്ക് വേണ്ടി ആര്‍എസ്എസുമായി പരസ്യമായി ഏറ്റുമുട്ടല്‍ നടത്താനും മുഖ്യമന്ത്രിക്ക് കഴിയില്ല. അങ്ങിനെയുണ്ടായാല്‍ എന്ത് സംഭവിക്കുമെന്നും അദ്ദേഹത്തിനറിയാം.
മുസ്ലിം വോട്ടിനെ എക്കാലവും തന്റെ പക്ഷത്ത് നിര്‍ത്താന്‍ പിണറായി വിജയന് ചെയ്യാത്ത പണിയില്ല. എന്നാല്‍ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മധ്യത്തില്‍ തന്നെ ആ സ്വപ്നം തകരുമെന്ന് അദ്ദേഹത്തിന് ബോധ്യമായി കഴിഞ്ഞു. ഇനി അതിന് ബദലായി ഹിന്ദു ക്രിസ്ത്യന്‍ വോട്ടുകള്‍ സമാഹരിക്കാന്‍ വേണ്ട സമയവും ഇല്ല. എസ്ഡിപിഐ ഒരു ചെറുപാര്‍ട്ടിയാണെങ്കിലും മുസ്ലിം സമൂഹത്തിലെ പൊതുവെയുള്ള മനോഗതിയെ പ്രതിഫലിപ്പിക്കാന്‍ അവര്‍ക്ക് കഴിയും. റിയാസ് മൗലവി വധത്തിലും ആലപ്പുഴ ഷാന്‍ വധക്കേസ് വിചാരണ പോലും നടക്കാതെ ഇഴഞ്ഞു നീങ്ങുന്നതിലുമുള്ള പ്രതിഷേധം സമസ്ത കേരളാ ജംയുത്തല്‍ ഉലമ അഥവാ സമസ്ത തങ്ങളുടെ മുഖപത്രത്തിന്റെ എഡിറ്റോറിയലിലൂടെ ശക്തമായി പ്രകടിപ്പിക്കുകയുണ്ടായി. കേരളത്തിലെ മുസ്ലീം സമൂഹത്തിനിടയില്‍ ശക്തമായ സ്വാധീനമുള്ള പുരോഹിത സംഘടനയാണ് സമസ്ത. അവരുടെ ശക്തമായ പ്രതികരണം വന്നതിന് ശേഷമാണ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചത്.
മുസ്ലിം സമുഹത്തിലെ വിവിധ സംഘടനകള്‍ കുറച്ച് ദിവസങ്ങളായി ലോക്സഭാ തെരഞ്ഞെടുപ്പില്‍ എടുക്കേണ്ട തന്ത്രങ്ങളെക്കുറിച്ച് അനൗദ്യോഗികമായി ആശയവിനിമയം നടത്തിവരുന്നുണ്ടായിരുന്നു. സിഎഎ സംഭവത്തിലെടുത്ത കേസുകള്‍ പിന്‍വലിക്കാത്തത് അടക്കമുള്ള കാര്യങ്ങള്‍ ഈ ചര്‍ച്ചകളില്‍ കടന്നുവന്നു. മുഖ്യമന്ത്രിയും ഇടതുപക്ഷവും കൈക്കൊള്ളുന്ന രാഷ്ട്രീയ നിലപാടുകള്‍ മുസ്ലിം സമൂഹത്തെ പ്രീണിപ്പിക്കാന്‍ മാത്രം ഉദ്ദേശിച്ചുകൊണ്ടുള്ളതാണെന്നും അല്ലാതെ ആത്മാര്‍ത്ഥത കൊണ്ടല്ലെന്നുമുള്ള വികാരം വിവിധ മുസ്ലിം സംഘടനകള്‍ പലപ്പോഴും തുറന്ന് പ്രകടിപ്പിച്ചിരുന്നു.
ഗാസയുടെയും, സിഎഎയുടെയും പേര് പറഞ്ഞ് തങ്ങളെ പറ്റിക്കാനാണോ സിപിഎം ശ്രമിക്കുന്നതെന്നുമുള്ള സംശയവും അവര്‍ പങ്കുവച്ചിരുന്നു. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തെ മുഖ്യമന്ത്രി ഭയക്കുന്നുണ്ടെന്നും അത് കൊണ്ടാണ് ആര്എസഎസിനോട് അദ്ദേഹത്തിന് മൃദുസമീപനമുളളതെന്നും ഈ സംഘടനകള്‍ വിശ്വസിക്കുന്നു. എസ്ഡിപിഐ പോലുള്ള സംഘടന യുഡിഎഫിന് പരസ്യമായി പിന്തുണ നല്‍കാനും സമസ്ത പോലുള്ള പണ്ഡിതസഭ പിണറായിയെ തുറന്നെതിര്‍ക്കാനും തയ്യാറായത് ഇതുമൂലമാണ്. കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ഈ പിന്തുണ ഓര്‍ക്കാപ്പുറത്ത് കിട്ടിയ ബിരിയാണി പോലെയായി. അത് ദഹിക്കുമോ പുളിച്ചുതികട്ടുമോ എന്നൊക്കെ ജൂണ്‍ നാലിന് അറിയാം.