വിശാഖപട്ടണം: ആരാധകർ കാത്ത് നിന്ന നിമിഷത്തിനായിരുന്നു ഇന്നലെ വിശാഖപട്ടണം സ്റ്റേഡിയം സാക്ഷിയായത്. ധോണിയുടെ ബാറ്റിങ്ങ് ആസ്വദിക്കാൻ ആദ്യ രണ്ട് മത്സരത്തിലും സാധിക്കാത്ത ആരാധകർക്ക് ലഭിച്ചത് ഗംഭീര വെടിക്കെട്ട്. 16 പന്തിൽ നാല് ഫോലും മൂന്ന് സിക്സും സഹിതം 37 റൺസ്. മത്സരം ചെന്നൈ 20 റൺസിന് തോറ്റെങ്കിലും ധോണിയുടെ പ്രകടനമായിരുന്നു ഇന്നലത്തെ ഹൈലൈറ്റ്. ഡൽഹിയുടെ 192 റൺസ് പിന്തുടർന്ന ചെന്നൈയുടെ ഇന്നിങ്സ് 171ൽ അവസാനിച്ചു. ഡൽഹിക്കു വേണ്ടി പേസർ മുകേഷ് കുമാർ 3 വിക്കറ്റു വീഴ്ത്തി. ക്യാപിറ്റൽസിന്ർറെ സീസണിലെ ആദ്യ ജയമാണിത്. സ്കോർ: ഡൽഹി ക്യാപിറ്റൽസ് – 20 ഓവറിൽ 5ന് 191, ചെന്നൈ സൂപ്പർ കിങ്സ് – 20 ഓവറിൽ 6ന് 171.
ഓപ്പണർ ഡേവിഡ് വാർണർ (52), ക്യാപ്റ്റൻ ഋഷഭ് പന്ത് (51) എന്നിവർ അർധ സെഞ്ചറി കണ്ടെത്തിയതോടെയാണ് ഡൽഹി 192 റൺസിന്റെ വിജയലക്ഷ്യമുയർത്തിയത്. പൃഥ്വി ഷാ (27 പന്തിൽ 43) റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈക്ക് തകർച്ചയോടെയായിരുന്നു തുടക്കം. സ്കോർ ബോർഡിൽ 7 റൺസ് ചേർക്കുന്നതിനിടെ ഓപ്പണർമാരായ ഋതുരാജ് ഗയ്ക്വാദ് (1), രചിൻ രവീന്ദ്ര (2) എന്നിവരെ നഷ്ടമായി. 30 പന്തിൽ 45 റൺസ് നേടിയ അജിങ്ക്യ രഹാനയുടെയും 34 റൺസ് എടുത്ത ഡാരിൽ മിച്ചലിന്റെയും പ്രകടനമാണ് ചെന്നൈയെ തകർച്ചയിൽ നിന്ന് കര കയറ്റിയത്. ഇംപാക്ട് പ്ലെയറായി ക്രീസിലെത്തിയ ശിവം ദുബെ (17 പന്തിൽ 18) പ്രതീക്ഷിച്ച പ്രകടനം പുറത്തെടുത്തില്ല. സമീർ റിസ്വി റണ്ണൊന്നുമെടുക്കാതെ മടങ്ങിയപ്പോള് 17 പന്തിൽ 21 റൺസുമായി രവീന്ദ്ര ജഡേജ പുറത്താകാതെ നിന്നു. മത്സരം കൈവിട്ടതോടെ ചെന്നൈ പോയിന്റ് ടേബിളിൽ രണ്ടാമതായി. കൊൽത്ത നൈറ്റ് റൈഡേഴ്സാണ് ഒന്നാമത്.