തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍, അത് പാര്‍ലമെന്റിലേക്കായാലും നിയമസഭയിലേക്കായാലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കായാലും സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയാണ് പ്രചാരണയന്ത്രത്തെ ചലിപ്പിക്കുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്നത്. ഗുരുതരമായ രോഗം ബാധിച്ചുകിടക്കുമ്പോള് പോലും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുഴുവൻ ഉത്തരവാദിത്തവും പാർട്ടി സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണനാണ് ഏറ്റെടുത്ത് നടത്തിയത്. വിഎസ് അച്യുതാനന്ദന് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ നടന്ന തെരെഞ്ഞെടുപ്പുകളിലെല്ലാം തന്ത്രങ്ങള്‍ ആവിഷ്കരിച്ചതും പ്രചാരണത്തിന് നേതൃത്വം നല്കിയതും പിണറായി വിജയനായിരുന്നു. അതിനു മുമ്പ് സംസ്ഥാനസെക്രട്ടറിമാരായിരുന്ന ഇകെ നായനാരും വിഎസ് അച്യുതാന്ദനുമായിരുന്നു സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് നായകര്‍.
എന്നാല്‍ ഇപ്പോഴത്തെ സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് മുഖ്യമന്ത്രി പിണറായി വിജയനു പിന്നിലുള്ള സ്ഥാനം മാത്രേമേയുള്ളുവെന്നാണ് സിപിഎം നേതാക്കള്‍ തന്നെ അടക്കം പറയുന്നത്. അതിശക്തരായ മുന്‍ഗാമികളുടെ കേവലം നിഴല്‍ മാത്രമായി പാർട്ടി സെക്രട്ടറി സ്ഥാനത്ത് എംവി ഗോവിന്ദന് മാറി എന്നാണ് സിപിഎമ്മിന്റെ സീനിയര്‍ നേതാക്കള്‍ പലരും അഭിപ്രായപ്പെടുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ എല്ലാ ചരടുകളും പിണറായിയുടെ കയ്യിലാണ്. പിണറായി പറയുന്നതിന്റെ പ്രതിധ്വനി മാത്രമാണ് എംവി ഗോവിന്ദന്റേത് എന്ന അവസ്ഥയാണിപ്പോള്‍. സീനിയര്‍ നേതാക്കളായ ഇടതുമുന്നണി കണ്‍വീനര്‍ ഇപി ജയരാജനും കേന്ദ്രകമ്മിറ്റിയംഗം എകെ ബാലനും പാര്‍ട്ടിയെ അപകടത്തിലാക്കുന്ന പ്രസ്താവനകള്‍ നടത്തിയപ്പോഴും അതിനെ നിയന്ത്രിക്കാന്‍ ബാധ്യതയുളള എംവി ഗോവിന്ദന് കാര്യമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല.
വിഎസും നായനാരും സംസ്ഥാന സെക്രട്ടറിമാരായായിരുന്ന കാലയളവില്‍ ഇഎംഎസ് ഒഴികെ ഏത് നേതാവിനും പാര്‍ട്ടി സെക്രട്ടറിയുടെ അനുമതിയോടെയേ ശബ്ദിക്കാനാകുമായിരുന്നുള്ളു. ബിജെപി സ്ഥാനാര്‍ത്ഥികള്‍ വളരെ മികച്ചവരാണെന്ന ഇപി ജയരാജന്റെ വിവാദപ്രസ്താവനയെക്കുറിച്ച് പിണറായി വിജയനല്ലാതെ മറ്റാര്‍ക്കും പ്രതികരിക്കാന്‍ പോലും പറ്റിയില്ല. ഇതിനുമുമ്പുള്ള സംസ്ഥാന സെക്രട്ടറിമാരായിരുന്നെങ്കില് ഇപി ജയരാജനെ പരസ്യമായി ശാസിക്കുമായിരുന്നുവെന്നും പ്രമുഖ സിപിഎം നേതാക്കള്‍ പലരും രഹസ്യമായി സമ്മതിക്കുന്നു. സീനിയറായ ഇപി ജയരാജനെ തഴഞ്ഞാണ് ഗോവിന്ദനെ പിണറായി സെക്രട്ടറി കസേരയിൽ ഇരുത്തിയതെന്ന കാര്യവും ഓർക്കണം.
പൊളിറ്റ്ബ്യുറോ അംഗമായിട്ടും കേരളത്തിലെ പാര്‍ട്ടിയില്‍ ഇപ്പോഴും എംവി ഗോവിന്ദന് വലിയ സ്വാധീനമില്ല. പാര്‍ട്ടിയുടെ നയവും അഭിപ്രായവും പൊതുവേദിയിൽ പറയാന്‍ പോലും അദ്ദേഹത്തിന് അനുവാദമില്ലെന്നാണ് ഒരു പഴയ വിഎസ് ഗ്രൂപ്പ് നേതാവ് പറഞ്ഞത്. പിണറായി വിജയന് പറയുന്നത് ആവര്‍ത്തിച്ചുറപ്പിക്കുക അല്ലെങ്കിൽ പിന്താങ്ങുക എന്ന ദൗത്യം മാത്രമേ അദ്ദേഹത്തിനുളളു. പാര്‍ട്ടിയുടെ അഭിപ്രായം പുറത്ത് വരുന്നത് പലപ്പോഴും പാർട്ടി സെക്രട്ടറിയായ എംവി ഗോവിന്ദനില്‍ നിന്നല്ല മറിച്ച് മുഖ്യമന്ത്രിയില്‍ നിന്നാണ് എന്നത് ശ്രദ്ധിക്കപ്പെടേണ്ട വസ്തുതയാണ്. സിപിഎമ്മിന്റെയോ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെയും സ്വഭാവം അനുസരിച്ച് അത് ഒരിക്കലും സംഭവിക്കാനാവാത്ത കാര്യമാണ്. 1987-91 കാലത്ത് നായനാര്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ എകെജി സെന്ററിലിരുന്നു ഭരണം നിയന്ത്രിച്ച വിഎസ് അച്യുതാനന്ദനെ ചില നേതാക്കളെങ്കിലും ഉള്‍പ്പുളകത്തോടെ ഓര്‍ക്കുന്നുണ്ട്.
കേരളത്തില്‍ നിന്നും സിപിഎമ്മിന് കൂടുതൽ എംപിമാരുണ്ടായില്ലെങ്കില് മരപ്പട്ടി, ഈനാംപേച്ചി ചിഹ്നങ്ങളിൽ വോട്ടുചെയ്യേണ്ടിവരുമെന്ന കേന്ദ്രകമ്മിറ്റിയംഗം എകെ ബാലന്റെ പ്രസ്താവനയും തെരഞ്ഞെടുപ്പിന്റെ മധ്യത്തില്‍ സിപിഎമ്മിനുണ്ടാക്കിയ പരുക്ക് ചെറുതല്ല. സിപിഎം മല്‍സരിക്കുന്നത് ബിജെപിയെ തോല്‍പ്പിക്കാനല്ല മറിച്ച് സ്വന്തം ചിഹ്നം സംരക്ഷിക്കാനാണെന്നാണ് കോണ്‍ഗ്രസിന്റെ തുടർ പ്രചാരണം. ബാലന്റെ ഈ പ്രസ്താവന കോണ്‍ഗ്രസിനും യുഡിഎഫിനും ആയുധമായി. എന്നിട്ടും ബാലനെ തിരുത്താനോ ഈ നിലപാട് ശരിയല്ലന്ന് അസന്നിഗ്ധമായി പറയാനോ എംവി ഗോവിന്ദന് കഴിഞ്ഞില്ല.
സിപിഎം സംസ്ഥാന സെക്രട്ടറിമാരില്‍ വിഎസ് അച്യുതാനന്ദന് ഒഴികെ എല്ലാവരും കണ്ണൂരുകാരായിരുന്നു. കരുത്തരായിരുന്നു കണ്ണൂരില്‍ നിന്നുള്ള സെക്രട്ടറിമാരെല്ലാം. (അവരെ കവച്ചുവെക്കാന്‍ കഴിഞ്ഞത് കൊണ്ടാണ് വിഎസ് പാർട്ടി നേതൃത്വത്തിൽ എത്തിയത്) എന്നാല്‍ എംവി ഗോവിന്ദനെ ആ ഗണത്തില്‍ പെടുത്താന്‍ സിപിഎം നേതാക്കളാരും ഒരുക്കമല്ല. പിണറായി വിജയനെതിരെ സിപിഎമ്മില്‍ അടുത്തകാലത്ത് ഉരുണ്ടുകൂടിയ ചെറിയ വിമതനീക്കം പാളിപ്പോയത് ഗോവിന്ദന്റെ പിണറായിഭയം മൂലമായിരുന്നുവെന്നാണ് നേതാക്കള്‍ പറയുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണം രണ്ടാം ഘട്ടത്തിലേക്ക് കടക്കുമ്പോഴും സിപിഎം സംസ്ഥാന സെക്രട്ടറിയുടെ നിലപാടുകളും പ്രസ്താവനകളും പിണറായി വിജയന്റെ പ്രതിധ്വനി മാത്രമാകുന്നതിന്റെ അതൃപ്തിയും നിരാശയും പാർട്ടി നേതാക്കള്‍ പലരും പങ്കുവയ്കുന്നുണ്ട്. പാര്‍ട്ടിയുടെ രാഷ്ട്രീയം ജനങ്ങള്‍ക്ക് മുന്നില്‍ പ്രഖ്യാപിക്കുകയും എതിരാളികള്‍ക്ക് രാഷ്ട്രീയമായി തന്നെ മറുപടി പറയുകയും ചെയ്യേണ്ടത് സെക്രട്ടറിയുടെ ഉത്തരവാദിത്തമാണ്. എന്നാല്‍ ഇവിടെ പിണറായി വിജയന് ഡബിള്‍ റോള്‍ കളിക്കുമ്പോള്‍ പാർട്ടി സെക്രട്ടറിക്ക് നോക്കി നില്ക്കാന് മാത്രമേ കഴിയുന്നുള്ളു. പ്രഗല്ഭര് പുറത്ത് നിക്കുമ്പോഴാണ് അവരെയെല്ലാം വെട്ടിനിരത്തി തന്നെ ഈ സ്ഥാനത്തേക്ക് പിണറായി കൊണ്ടുവന്നതെന്ന് ഗോവിന്ദന് നന്നായി അറിയാം. ആ കടപ്പാട് എന്നും അദ്ദേഹത്തിനുണ്ടാവുമല്ലോ