കാർ വാഹന പ്രമികൾക്ക് സന്തോഷ വാർത്ത. പുതിയ സാമ്പത്തിക വർഷത്തിൽ വിവിധ കമ്പനികളുടെതായി 4 കാറുകൾ ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. മഹീന്ദ്രയുടെ എസ്യുവി XUV300, ടാറ്റ ആൾട്രോസ് റേസർ, സ്കോഡ സൂപ്പർബ് സെഡാൻ, മാരുതി സുസുക്കി സ്വിഫ്റ്റ് എന്നിവയാണ് വിപണിയിലേക്കെത്തുന്നത്. ഏപ്രിൽ ആദ്യ വാരത്തോടു കൂടി കാറുകൾ ഇന്ത്യയിലെത്തുമെന്നാണ് സൂചന.
മഹീന്ദ്രയുടെ എസ്യുവിയായ XUV300 പുതിയ രൂപത്തിൽ ഏപ്രിൽ മാസത്തിൽ വിപണിയിലെത്തുമെന്നാണ് വിവരം. എൽഇഡി ഹെഡ്ലൈറ്റ്, ഡിആർഎൽ യൂണിറ്റുകൾ, എൽഇഡി ടെയിൽലൈറ്റ്, പുതിയ അലോയ് ഡിസൈൻ തുടങ്ങി ഡിസൈനിലും ഫീച്ചറുകളിലുമെല്ലാം മാറ്റങ്ങളുമായാണ് എത്തുക. മറ്റൊരു വാഹനമായ ടാറ്റ ആൾട്രോസ് റേസർ സ്റ്റാൻഡേർഡ് പ്രീമിയം ഹാച്ച്ബാക്കിൻ്റെയും ഐ-ടർബോ പതിപ്പിൻ്റെയും കൂടുതൽ ശക്തമായ പതിപ്പാണ്.
ഇന്ത്യയിൽ വിപണി വീണ്ടും ലക്ഷ്യമിട്ട് എത്തിയിരിക്കുകയാണ് സ്കോഡ സൂപ്പർബ് സെഡാൻ. മുമ്പ് 34- 37 ലക്ഷം വരെയാണ് വില വന്നിരുന്നത്. ഫീച്ചറുകൾ കൂടുതലായ സൂപ്പർബ് 43 ലക്ഷം രൂപയോളം എക്സ്ഷോറൂം വിലയുണ്ടാവുമെന്നാണ് സൂചന. മാരുതി സുസുക്കി സ്വിഫ്റ്റ് അതിൻ്റെ നാലാം തലമുറ ഇന്ത്യയിലേക്ക് എത്തിക്കാൻ ഒരുങ്ങുകയാണ്. പുതിയ ഡിസൈൻ, നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള പുത്തൻ ഫീച്ചറുകൾ, നവീകരിച്ച എഞ്ചിൻ എന്നിവയോടെയാണ് പുതിയ സ്വിഫ്റ്റ് എത്തുക.