ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് പ്രതിപക്ഷ പാർട്ടികളുടെ മുന്നണിയായ “ഇന്ത്യ’ പ്രഖ്യാപിച്ച മഹാറാലി ഡൽഹി രാംലീല മൈതാനിയിൽ ഇന്നു നടക്കും. റാലിക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. റാലിക്ക് ഡൽഹി പൊലീസ് അവസാന നിമിഷം അനുമതി നൽകി.
കോണ്ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, എൻസിപി അധ്യക്ഷൻ ശരദ് പവാർ, എസ്പി അധ്യക്ഷൻ അഖിലേഷ് യാദവ് അടക്കം പ്രമുഖർ റാലിയിൽ പങ്കെടുക്കും.മമത ബാനർജിയും എം.കെ. സ്റ്റാലിനും പ്രതിനിധികളെ അയയ്ക്കുമെന്നും സംഘാടകർ അറിയിച്ചു.
മദ്യനയക്കേസിൽ കെജരിവാളിനെ ഇഡി അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് ഇന്ത്യ സഖ്യം ഡൽഹിയിൽ മഹാറാലി പ്രഖ്യാപിച്ചത്. റാലിയിൽ പങ്കെടുക്കാൻ ഡൽഹിയിലെ പാർട്ടി പ്രവർത്തകർക്ക് കോണ്ഗ്രസ്, ആം ആദ്മി പാർട്ടി നേതൃത്വം നിർദേശം നൽകി. ഡൽഹിയിൽ സഖ്യത്തിൽ മത്സരിക്കുന്ന ഇരു പാർട്ടികളും ഞായറാഴ്ച നടക്കുന്ന റാലി തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള തുടക്കമാക്കി മാറ്റും.