ബെംഗളൂരു: ആദ്യം സുനിൽ നരെയ്നും ഫിൽ സാൾട്ടും. പിന്നീട് വെങ്കിടേഷ് അയ്യരും ശ്രേയസ് അയ്യരും. ഐപിഎല്ലിൽ ബെംഗളൂരുവിന്റെ 182 റൺസ് മറികടക്കാൻ കൊൽക്കത്തക്ക് വേണ്ടി വന്നത് നാലേ നാല് ബാറ്റർമാർ. വന്നവരെല്ലാം വെടിക്കെട്ട് നടത്തിയപ്പോൾ സൂപ്പർ താരം ആന്ദ്രേ റസലിനെ കാഴ്ചക്കാരനാക്കി കൊൽക്കത്തക്ക് 7 വിക്കറ്റിന്റെ ആധികാരിക ജയം. ആരാധകർക്ക് മുമ്പിൽ ഈ സീസണിൽ തോൽക്കുന്ന ആദ്യ ടീമായി ബെംഗളൂരു. അതും 19 പന്ത് ബാക്കി നിൽക്കെ. മുഹമ്മദ് സിറാജും യാഷ് ദയാലും അൽസാരി ജോസഫും പൊതിരെ തല്ലുവാങ്ങി.
സുനിൽ നരെയ്ൻ (22 പന്തിൽ 47), ഫിൽ സാൾട്ട് (22 പന്തിൽ 30) എന്നിവരുടെ വെടിക്കെട്ടിൽ പവർപ്ലേയിൽ തന്നെ കൊൽക്കത്ത 80ന് മുകളിൽ സ്കോർ ചെയ്തു. പിന്നാലെയെത്തിയ വെങ്കിടേഷ് അയ്യർ ( 30 പന്തിൽ 50), ശ്രയേസ് അയ്യർ (24 പന്തിൽ 39) എന്നിവരുടെ ബാറ്റിങ്ങിലൂടെ കൊൽക്കത്ത വിജയം പെട്ടെന്ന് എത്തിപ്പിടിക്കുകയായിരുന്നു. നേരത്തെ 83 റൺസെടുത്ത കോഹ്ലിയുടെ മികവിലാണ് ബെംഗളൂരു 182ൽ എത്തിയത്. ടൂർണമെന്റിൽ 181 റൺസുമായി ഓറഞ്ച് ക്യാപ്പ് കോഹ്ലി സ്വന്തമാക്കി. മിച്ചൽ സ്റ്റാർക്ക് നാല് ഓവറിൽ 47 റൺസ് വഴങ്ങി ഒരിക്കൽ കൂടി നിരാശപ്പെടുത്തി.