ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ തിങ്കളാഴ്ച വരെ ഇ.ഡി കസ്റ്റഡിയിൽ തുടരും. നാലു ദിവസത്തേക്ക് കൂടിയാണ് കെജ്രിവാളിന്റെ കസ്റ്റഡി കാലാവധി ഡൽഹി റോസ് അവന്യു കോടതി നീട്ടിയത്. ഏപ്രിൽ ഒന്നിന് രാവിലെ 11.30നു മുൻപായി കെജ്രിവാളിനെ കോടതിയിൽ ഹാജരാക്കണമെന്നാണ് നിർദേശം.
അതേസമയം, കെജ്രിവാളിന് ഡൽഹി മുഖ്യമന്ത്രിയായി തുടരാം. കെജ്രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നു നീക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി. നിലവിലെ സാഹചര്യത്തിൽ കോടതി ഇടപെടൽ സാധ്യമല്ലെന്നു ജഡ്ജി പറഞ്ഞു. കേസിന്റെ മെറിറ്റിലേക്കു കടക്കാതെയാണു ഹർജി തള്ളിയത്. കെജ്രിവാളിന്റെ ഭാര്യ സുനിത, മന്ത്രിമാരായ അതിഷി, സൗരഭ് ഭരദ്വാജ് എന്നിവരും കോടതിയിൽ എത്തിയിരുന്നു. തന്റെ അറസ്റ്റിനു പിന്നിൽ വലിയ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നു കോടതിയിലേക്കു കൊണ്ടുപോകുന്നതിനിടെ കെജ്രിവാൾ മാധ്യമങ്ങളോടു പറഞ്ഞു. കെജ്രിവാള് ചോദ്യം ചെയ്യലിനോടു സഹകരിക്കുന്നില്ലെന്നും ഏഴുദിവസം കസ്റ്റഡിയിൽ വേണമെന്നും ഇ.ഡി കോടതിയിൽ വാദിച്ചു. കേസിലെ മറ്റു പ്രതികൾക്കൊപ്പമിരുത്തി കെജ്രിവാളിനെ ചോദ്യം ചെയ്യണമെന്നും പഞ്ചാബിലെ മുതിർന്ന എക്സൈസ് ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യണമെന്നും ഇ.ഡി വ്യക്തമാക്കി.
കോടതിയിൽ സംസാരിക്കണമെന്നു കെജ്രിവാൾ ആവശ്യപ്പെട്ടു. പറയാനുള്ളത് എഴുതിത്തന്നുകൂടെയെന്ന കോടതിയുടെ ചോദ്യത്തിനു സംസാരിക്കുക തന്നെ വേണമെന്നു കെജ്രിവാൾ പറഞ്ഞു. എന്നാൽ അഞ്ചുമിനിറ്റിൽ കൂടുതൽ സംസാരിക്കാൻ കെജ്രിവാളിന് അനുമതിയില്ലെന്നു കോടതി അറിയിച്ചു. തനിക്കെതിരായ കുറ്റം തെളിഞ്ഞിട്ടില്ല, സിബിഐ 31,000 പേജുകളുള്ള കുറ്റപത്രവും ഇഡി 25,000 പേജുള്ള കുറ്റപത്രവും സമർപ്പിച്ചു. അവ ഒന്നിച്ചു വായിച്ചാലും എന്തിനാണ് എന്നെ അറസ്റ്റ് ചെയ്തതെന്ന ചോദ്യം അവിടെത്തന്നെ നിൽക്കുന്നു? ഈ മൊഴികൾ ഒരു മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യാൻ പര്യാപ്തമാണോ? തന്റെ വസതിയിൽ മന്ത്രിമാർ എത്തിയെന്ന് പറഞ്ഞുകൊണ്ട് അറസ്റ്റ് ചെയ്യാമോ എന്നും കെജ്രിവാൾ ചോദിച്ചു.
നേരത്തേ അറസ്റ്റിലായവർക്കുമേൽ തന്റെ പേരു പറയാൻ സമ്മർദമുണ്ടായി. ഇ.ഡിക്കു തന്റെ അറസ്റ്റ് രേഖപ്പെടുത്താൻ നേരത്തേ പദ്ധതിയുണ്ടായിരുന്നു. മദ്യനയ അഴിമതിയിലെ ഇ.ഡി പറയുന്ന 100 കോടി എവിടെ എന്നും കെജ്രിവാൾ ചോദിച്ചു. ബിജെപി പണം വാങ്ങിയെന്നു കേജ്രിവാൾ പറഞ്ഞു. പി.ശരത് ചന്ദ്ര റെഡ്ഡി ബിജെപിക്ക് 55 കോടി നൽകിയെന്നു കെജ്രിവാൾ പറഞ്ഞു. 50 കോടി നൽകിയതു താൻ അറസ്റ്റിലായതിനു ശേഷമാണെന്നും ഇതിന്റെ തെളിവുകൾ ഉണ്ടെന്നും കെജ്രിവാൾ പറഞ്ഞു.സൗത്ത് ഗ്രൂപ്പിൽനിന്ന് 100 കോടി രൂപ എഎപി കോഴ വാങ്ങിയെന്ന് ഇ.ഡി കോടതിയിൽ പറഞ്ഞു. ഡിജിറ്റൽ തെളിവുകൾ ശേഖരിക്കാനായില്ലെന്നും കെജ്രിവാൾ പാസ്വേഡ് നൽകുന്നില്ലെന്നും ഇ.ഡി പറഞ്ഞു. എന്നാൽ അന്വേഷണവുമായി സഹകരിക്കാൻ തയാറാണെന്നു കെജ്രിവാൾ പറഞ്ഞു. റോസ് അവന്യു കോടതിക്ക് പുറത്ത് കെജ്രിവാളിന് എതിരെ അഭിഭാഷകർ പ്രതിഷേധിച്ചു. കെജ്രിവാളിന്റെ ചിത്രത്തിൽ ബീയർ ഒഴിച്ച് പ്രതിഷേധിച്ച അഭിഭാഷകനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.