റഷ്യക്ക് മേലുള്ള ഉപരോധം കടുത്തതോടെ യുഎസിൽ നിന്ന് കൂടുതൽ എണ്ണ ഇറക്കുമതി ചെയ്യാൻ ഇന്ത്യ. റഷ്യൻ ക്രൂഡ് ഓയിലിനെതിരെ ഉപരോധം കർശനമാക്കിയതോടെയാണ് ചുവടുമാറ്റം. പ്രതിദിനം 25,000 ബാരൽ ക്രൂഡ് ഓയിൽ അടുത്തമാസം മുതൽ യു.എസിൽ നിന്ന് ഇന്ത്യയിലെത്തും. റഷ്യൻ എണ്ണയുടെ നീക്കം തടസ്സപ്പെടുത്തുമെന്ന് ഭീഷണിയുള്ളതിനാൽ വിവിധ രാജ്യങ്ങളിൽനിന്ന് ഇറക്കുമതി ചെയ്യാനാണ് ലക്ഷ്യമിടുന്നത്.
റിലയൻസ് ഇൻഡസ്ട്രീസ്, വിറ്റോൾ, ഇക്വിനോർ, സിനോകോർ തുടങ്ങിയ കമ്പനികളാണ് അമേരിക്കയിൽ നിന്നുള്ള ഇറക്കുമതിക്ക് തയ്യാറായിട്ടുള്ളത്. യുക്രെയിനുമായുള്ള സംഘർഷത്തെ തുടർന്ന് 2022ലാണ് പാശ്ചാത്യ രാജ്യങ്ങൾ റഷ്യൻ എണ്ണക്ക് ഉപരോധം ഏർപ്പെടുത്തിയത്. എന്നാൽ ഇന്ത്യ ഇറക്കുമതി വർധിപ്പിച്ചു.
റഷ്യയിലെ എണ്ണശുദ്ധീകരണ ശാലകൾകൾക്കെതിരെ ആക്രമണമുണ്ടായതും കനത്ത ഉപരോധത്തെ തുടർന്ന് ഉത്പാദനം കുറച്ചതും ആഗോള വിപണിയിൽ എണ്ണ വില വർധിക്കാനിടയാക്കി. രണ്ടാം ദിവസവും വില ഉയർന്നതോടെ ബ്രന്റ് ക്രൂഡ് ബാരലിന് 86.98 ഡോളർ നിലവാരത്തിലെത്തിട്ടുണ്ട്.