ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ രാഹുല്‍ ഗാന്ധിക്കെതിരെ വയനാട്ടില്‍ മല്‍സരിക്കാന്‍ കേന്ദ്ര നേതൃത്വം നിയോഗിച്ചിരിക്കുകയാണ്. ബിജെപിക്ക് എട്ടു ശതമാനം മാത്രം വോട്ടുള്ള മണ്ഡലമാണ് വയനാട്. സികെ ജാനു, എപി അബ്ദുള്ളക്കുട്ടി എന്നിവരുടെ പേരുകളാണ് വയനാട്ടിലേക്ക് ബിജെപി സംസ്ഥാന നേതൃത്വം നിര്‍ദേശിച്ച് ഡല്‍ഹിക്കയച്ചത്. താരതമ്യേന ആൾബലം കുറഞ്ഞ മണ്ഡലത്തിന് അത്ര പ്രാധാന്യം സംസ്ഥാനനേതൃത്വം കൊടുത്തിരുന്നില്ല. എന്നാല്‍ അവിടെ സംസ്ഥാന അധ്യക്ഷന്‍ സുരേന്ദ്രന് തന്നെ മല്സരിക്കട്ടെയെന്നായിരുന്നു കേന്ദ്ര നേതൃത്വത്തിന്റെ അപ്രതീക്ഷിത തീരുമാനം. മുൻകാലങ്ങളിൽ കെ സുരേന്ദ്രന് മല്‍സരിച്ചതെല്ലാം അത് നിയമസഭയിലേക്കായാലും ലോക്സഭയിലേക്കായാലും ബിജെപിക്ക് സ്വാധീനവും മെച്ചപ്പെട്ട വോട്ടുശതമാനവുമുള്ള സീറ്റുകളിലായിരുന്നു. എന്നാല്‍ ബിജെപി താരതമ്യേനേ അപ്രധാനം എന്ന് കണക്കാക്കുന്ന വയനാട്ടിലേക്ക് സുരേന്ദ്രനെപ്പോലൊരു സംസ്ഥാനനേതാവിനെ മല്‍സരിപ്പിക്കാന്‍ എന്ത് കൊണ്ടായിരിക്കും കേന്ദനേതൃത്വം തീരുമാനിച്ചത് എന്ന ചോദ്യമാണ് ഉയരുന്നത്.
വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരെ കടുത്ത പോരാട്ടം നടത്തിയെന്ന് അഖിലേന്ത്യാതലത്തില്‍ വിശദീകരിക്കാനുള്ള നീക്കമാണ് സുരേന്ദ്രന്റെ സ്ഥാനാർത്ഥിത്വത്തിലൂടെ തങ്ങൾ നടത്തുന്നതെന്ന രസകരമായ വിശദീകരണം ചില ബിജെപി നേതാക്കള്‍ പങ്കുവെക്കുന്നുണ്ട്. എന്നാല്‍ ഇതിൽ വസ്തുതയൊന്നുമില്ലെന്നാണ് ബിജെപിയുടെ അകത്തളങ്ങളില്‍ നിന്നും ലഭിക്കുന്ന സൂചന. കേരള ബിജെപിയിലെ ഗ്രൂപ്പിസവും തമ്മില്‍ത്തല്ലും തെരഞ്ഞെടുപ്പിനെ ബാധിക്കാതിരിക്കാനുള്ള അടവിന്റെ ഭാഗമായാണ് സുരേന്ദ്രനെ ചുരം കടത്തിവിടുന്നതെന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. തൃശൂരില്‍ സുരേഷ്ഗോപി, തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖര്‍ തുടങ്ങിയവര്‍ മല്‍സരിക്കുന്നത് സംസ്ഥാന നേതൃത്വത്തിന്റെ താല്‍പ്പര്യത്തിന് വിരുദ്ധമായാണ്. തൃശൂരില്‍ ആര്‍എസ്എസിലെ ഒരു വിഭാഗവും സുരേഷ് ഗോപിക്കെതിരാണ്. ബിജെപി സംസ്ഥാന നേതൃത്വം കൊടുത്ത ലിസ്റ്റ് അനുസരിച്ചല്ല കേരളത്തിലെ ബിജെപി സ്ഥാനാര്‍ത്ഥികളെ കേന്ദ്രനേതൃത്വം പ്രഖ്യാപിച്ചത്.
സംസ്ഥാന അധ്യക്ഷന്‍ എന്ന നിലയില്‍ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകാതെ പ്രചാരണത്തിന് ചുക്കാന്‍ പിടിക്കേണ്ടയാളാണ് കെ സുരേന്ദ്രന്. എന്നാല്‍ സുരേന്ദ്രനെ പ്രചാരണത്തിന്റെ ചുമതല പൂര്‍ണ്ണമായും ഏല്‍പ്പിക്കുന്നത് അത്ര ശുഭകരമാകില്ലെന്ന് ബിജെപി കേന്ദ്ര നേതൃത്വത്തിന് ബോധ്യമായിരുന്നു. ഇതേത്തുടര്‍ന്നാണ് സുരേന്ദ്രന് വയനാട്ടില്‍ മല്‍സരിക്കട്ടെയെന്ന തീരുമാനം വന്നത്. 2019ല്‍ രാഹുല്‍ ഗാന്ധിക്കെതിരെ മല്‍സരിച്ചത് ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയായിരുന്നു. കിട്ടിയത് 78,816 വോട്ട്. ഇത്തവണ സുരേന്ദ്രന് മല്‍സരിച്ചാല്‍ കൂടുതല്‍ വോട്ട് കിട്ടുമെന്ന് ബിജെപിക്കറിയാം. എങ്കിലും ഇത്തവണ എട്ടുശതമാനത്തില്‍ നിന്നും എത്ര കണ്ട് മുകളില്‍ പോകുമെന്ന കാര്യത്തില്‍ ബിജെപി കേന്ദ്ര നേതൃത്വത്തിനും സംശയമുണ്ട്. ഇടതുമുന്നണിയുടെയും കോണ്‍ഗ്രസിന്റെയും ശക്തരായ നേതാക്കള്‍ മല്‍സരിക്കുന്ന മണ്ഡലത്തില്‍ ബിജെപി മാത്രം ദുര്‍ബ്ബല സ്ഥാനാര്‍ത്ഥിയെ ഇറക്കുന്നത് രാഷ്ട്രീയമായി തിരിച്ചടിയുണ്ടാക്കുമെന്ന് ദേശീയ നേതൃത്വം പാർട്ടിക്കുള്ളിൽ വിശദീകരിക്കുന്നു. രാഹുലിനെതിരെ മല്‍സരിക്കാന്‍ അബ്ദുള്ളക്കുട്ടിയോ സികെ ജാനുവോ മതിയാകില്ലെന്നും അതിന് കേരളത്തിലെ ബിജെപിയിലെ ഏറ്റവും കരുത്തനായ നേതാവ് തന്നെ വേണമെന്നും കേന്ദ്രം തന്ത്രപരമായി നിലപാടെടുത്തു.
മറ്റൊന്നുകൂടിയുണ്ട്. രാജീവ് ചന്ദ്രശേഖറും സുരേഷ് ഗോപിയുമെല്ലാം സംസ്ഥാന നേതൃത്വത്തെക്കുറിച്ച് പല പരാതികളും കേന്ദ്ര നേതാക്കളോട് പറഞ്ഞിരുന്നു. ഈ രണ്ടുപേരും സ്വന്തമായി സന്നാഹമൊരുക്കിയാണ് പ്രചാരണം മുന്നോട്ടു കൊണ്ടുപോകുന്നത്. സംസ്ഥാന ഘടകത്തിൽ നിന്നും തങ്ങള്‍ക്ക് കാര്യമായ പിന്തുണ തെരഞ്ഞെടുപ്പിന് മുമ്പും പ്രചാരണരംഗത്തും കിട്ടുന്നില്ലെന്നുള്ള പരാതികളാണ് സുരേഷ് ഗോപിയും രാജീവ് ചന്ദ്രശേഖറും പ്രധാനമായും ഉന്നയിച്ചിരുന്നത്. ഇത് മനസിലാക്കിയ കേന്ദ്ര ബിജെപി നേതൃത്വം ഈ രണ്ടു മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിൽ കാര്യമായ കൈകടത്തലുകള്‍ വേണ്ടെന്ന് സംസ്ഥാന നേതൃത്വത്തിന് നിർദ്ദേശം നല്‍കിയിരുന്നു. തൃശൂരിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ബിജെപി അഖിലേന്ത്യാ നേതൃത്വം നേരിട്ടാണ് വീക്ഷിക്കുന്നതും വിശകലനം ചെയ്യുന്നതും. നരേന്ദ്രമോദിയുടെ തൃശൂരിലെ റോഡ്ഷോ പോലും കേന്ദ്ര ബിജെപി നേതൃത്വത്തിന്റെ മേല്‍നോട്ടത്തിലായിരുന്നു. കോർപറേറ്റ് ബിസിനസ്സുകാരനായ രാജീവ് ചന്ദ്രശേഖര്‍ പ്രൊഫഷണൽ രീതിയിൽ സ്വന്തമായി പ്രചാരണസംവിധാനമുണ്ടാക്കിയാണ് മുന്നോട്ടു പോകുന്നത്.
കെ സുരേന്ദ്രന് ഒരു ‘എന്‍ഗേജ്മെന്റ്’ കൊടുത്ത് മാറ്റി നിര്‍ത്തിയാല്‍ കേരളഘടകത്തിലെ തമ്മില്‍ത്തല്ല് അല്പമെങ്കിലും കുറയുമല്ലോ എന്നാണ് ബിജെപിയുടെ കേന്ദ്രനേതൃത്വം കരുതുന്നത്. സുരേന്ദ്രന് സ്വന്തം തെരഞ്ഞെടുപ്പിന്റെ ഉത്തരവാദിത്വം നല്കിയാല് അദ്ദേഹവും അടുപ്പക്കാരുമെല്ലാം വയനാട്ടിൽ കേന്ദ്രീകരിക്കുമെന്നാണ് ദില്ലി നേതാക്കളുടെ പ്രതീക്ഷ. സുരേന്ദ്രൻ വയനാട്ടിൽ കൂടുതൽ ശ്രദ്ധിക്കുന്നതോടെ, പാർട്ടിക്ക് മികച്ച പ്രകടനം കാഴ്ച്ചവെക്കാന്‍ കഴിയുമെന്ന് കേന്ദ്രനേതൃത്വം വിശ്വസിക്കുന്ന തൃശൂര്‍ അടക്കമുള്ള മണ്ഡലങ്ങളില്‍ സംസ്ഥാനനേതാക്കളുടെ ‘ശല്യം’ ഉണ്ടാകില്ലെന്നും ഡല്‍ഹിയിലെ നേതൃത്വത്തിനറിയാം. സുരേഷ് ഗോപിയോട് സംസ്ഥാന ബിജെപിയിലെ ഇരുവിഭാഗങ്ങൾക്കും താല്പര്യമില്ല. രാജീവ് ചന്ദ്രശേഖറിനോടും ഏതാണ്ട് അങ്ങനെ തന്നെ. സംസ്ഥാന നേതാക്കളെയൊക്കെ ഇവരുടെ മണ്ഡലങ്ങളിൽ നിന്നും മാറ്റിനിര്‍ത്തിയാല്‍ അത്രയും തലവേദന കുറയുമല്ലോ എന്നാണ് ദേശീയ നേതൃത്വത്തിന്റെ ചിന്ത. വയനാട്ടില്‍ പ്രമുഖ സ്ഥാനാർത്ഥിയെ നിയോഗിച്ചുവെന്ന് സമാധാനിക്കുകയും ചെയ്യാം. അതോടൊപ്പം ചില മണ്ഡലങ്ങളിലെ കാലുവാരലിനും പാരവയ്പിനും ഇലക്ഷൻ കാലത്തെങ്കിലും അല്പം ശമനമുണ്ടാവുകയും ചെയ്യും.