ചൂട് വൻ തോതിൽ കൂടിയതോടെ സംസ്ഥാനത്ത് എസിയുടെ വിൽപ്പന പൊടി പൊടിക്കുന്നു. ഫെബ്രുവരി മുതൽ മെയ് വരെയുള്ള സീസണിൽ രണ്ടര ലക്ഷം എസികൾ വിറ്റഴിയുമെന്നാണ് കച്ചവടക്കാരുടെ പ്രതീക്ഷ. ഇത് ഒരു വർഷത്തെ മൊത്തം വിൽപ്പനയുടെ പകുതിയോളം വരും. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 50-60 ശതമാനമാണ് വർധന. ശരാശരി 4 ലക്ഷം എസികൾ വിറ്റുകൾ പോകുന്ന കേരളത്തിൽ ഈ വർഷം 5 ലക്ഷം എസികൾ വിറ്റുപോകുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്ത് ഒരു വർഷം 90 ലക്ഷം എസികളാണ് വിറ്റ് പോകുന്നത്.
20,000-30,000 രൂപ വരെ വിലയുള്ള മിഡ്-റേഞ്ച് വിഭാഗത്തിലുള്ള എസികൾക്കാണ് ആവശ്യക്കാർ കൂടുതൽ. വേനൽച്ചൂട് ശക്തമാകുന്നതിനാൽ ഏപ്രിൽ, മേയ് മാസങ്ങളിലും കച്ചവടം കൂടുമെന്നാണ് വ്യാപാരികളുടെയും കണക്ക് കൂട്ടൽ. ഇടയ്ക്കിടെയുണ്ടാകുന്ന സ്റ്റോക്കുകളുടെ കുറവ് തിരിച്ചടിയാകുന്നുണ്ട്.