ജയ്പുർ: വെടിക്കെട്ട് ബാറ്റിങ്ങുമായി ക്യാപ്റ്റൻ സഞ്ജുവും ഡെത്ത് ഓവറിൽ ബൗളർമാരും തിളങ്ങിയപ്പോൾ ഐപിഎൽ 17–ാം സീസണിൽ രാജസ്ഥാൻ റോയൽസിന് തകർപ്പൻ തുടക്കം. സീസണിലെ ആദ്യ മത്സരത്തിൽ രാജസ്ഥാൻ ലക്നൗ സൂപ്പർ ജയന്റ്സിനെ 20 റൺസിന് തോൽപിച്ചപ്പോൾ പ്ലെയർ ഓഫ് ദ് മാച്ചായത് 52 പന്തിൽ 82 റൺസുമായി പുറത്താകാതെ നിന്ന സഞ്ജു സാംസൺ. ആദ്യം ബാറ്റു ചെയ്ത രാജസ്ഥാൻ 193 റൺസ് നേടിയപ്പോൾ ലക്നൗവിന്റെ മറുപടി 173ൽ അവസാനിച്ചു. സ്കോർ: രാജസ്ഥാൻ 20 ഓവറിൽ 4ന് 193. ലക്നൗ 20 ഓവറിൽ 6ന് 173.
മത്സരത്തിൽ ലക്നൗ ബോളർമാർ രാജസ്ഥാന്റെ ഓപ്പണർമാരെ തുടക്കത്തിലേ പുറത്താക്കി. 9 പന്തിൽ 11 റൺസുമായി പതുങ്ങിനിന്ന ജോസ് ബട്ലറെ നവീൻ ഉൽ ഹഖ് പുറത്താക്കിയപ്പോൾ 3 ഫോറും ഒരു സിക്സുമായി ആക്രമണം തുടങ്ങിയ യശസ്വി ജയ്സ്വാൾ (12 പന്തിൽ 24) മുഹ്സിൻ ഖാന്റെ ഇരയായി. പവർപ്ലേയിൽ 2 നിർണായക വിക്കറ്റുകൾ നേടിയതിന്റെ ആശ്വാസത്തിൽ നിന്ന ലക്നൗ ബോളർമാരെ സഞ്ജുവും റയാൻ പരാഗും (29 പന്തിൽ 43) ചേർന്ന് തലങ്ങും വിലങ്ങും പ്രഹരിക്കുന്നതാണ് പിന്നീട് കണ്ടത്.
സഞ്ജുവിനൊപ്പം മൂന്നാം വിക്കറ്റിൽ 93 റൺസ് നേടിയശേഷമാണ് പരാഗ് പുറത്തായത്. രണ്ടാം ഓവറിൽ ക്രീസിലെത്തിയശേഷം പുറത്താകാതെ നിന്ന സഞ്ജു 6 സിക്സും 3 ഫോറും നേടി കാണികൾക്കു വിരുന്നൊരുക്കി. 194 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ലക്നൗവിന്റെ തുടക്കം തകർച്ചയോടെയായിരുന്നു. 11 റൺസിനിടെ ആദ്യ 3 വിക്കറ്റുകൾ നഷ്ടം. എന്നാൽ ക്യാപ്റ്റൻ കെ.എൽ.രാഹുലും (44 പന്തിൽ 58) നിക്കോളാസ് പുരാനും (41 പന്തിൽ 64 നോട്ടൗട്ട്) മധ്യ ഓവറുകളിൽ ആഞ്ഞടിച്ച് ലക്നൗവിന് പ്രതീക്ഷ നൽകി. അവസാന 4 ഓവറിൽ ജയിക്കാൻ 49 റൺസ് വേണ്ടിയിരുന്ന ലക്നൗവിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചത് രാജസ്ഥാന്റെ ഡെത്ത് ഓവർ ബോളിങ്ങാണ്.
17–ാം ഓവറിലെ ആദ്യ പന്തിൽ സന്ദീപ് ശർമ രാഹുലിനെ പുറത്താക്കിയത് വഴിത്തിരിവായി. 18–ാം ഓവറിൽ 4 റൺസ് മാത്രം വഴങ്ങിയ അശ്വിൻ മാർകസ് സ്റ്റോയ്നിസിന്റെ (3) വിക്കറ്റെടുക്കുകയും ചെയ്തു. അവസാന 2 ഓവറിൽ 38 റൺസെന്ന നിലയിലേക്ക് വിജയലക്ഷ്യം ഉയർന്നതോടെ ലക്നൗവിന്റെ വിജയ മോഹങ്ങൾ പൊലിഞ്ഞു.