ഗുവാഹാത്തി: കേന്ദ്രം പൗരത്വ ഭേദഗതി നിയമം (സി.എ.എ) നടപ്പാക്കിയതിന് പിന്നാലെ, ബംഗ്ലാദേശിൽ നിന്നുള്ള മുസ്ലിം കുടിയേറ്റക്കാരെ സ്വദേശികളായി അംഗീകരിക്കാൻ നിബന്ധനകളുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ബംഗാളി അറിയാവുന്ന ബംഗ്ലാദേശി മുസ്ലീങ്ങളെ തദ്ദേശീയരായി അംഗീകരിക്കാൻ വ്യവസ്ഥകൾ പാലിക്കണം.
ശൈശവ വിവാഹവും ബഹുഭാര്യാത്വവും ഉപേക്ഷിക്കണം. രണ്ട് കുട്ടികളേ പാടുള്ളൂ. ബഹുഭാര്യത്വവും ശൈശവ വിവാഹവും അസാമിന്റെ സംസ്കാരമല്ല. പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ വിവാഹം കഴിക്കരുത്. പെൺകുട്ടികളെ ‘ശക്തി’യായി (ദേവി) കാണുന്നതാണ് സംസ്കാരം. കുട്ടികളെ സ്കൂളിൽ അയയ്ക്കണം. മദ്രസയിൽ അയയ്ക്കുന്നതിന് പകരം ഡോകടർമാരും എൻജിനീയർമാരുമാവാൻ പഠിപ്പിക്കണം. പിതാവിന്റെ സ്വത്തവകാശം കുട്ടികൾക്ക് നൽകണം. ‘മിയാസ്’ (ബംഗാളി സംസാരിക്കുന്ന മുസ്ലിങ്ങൾ) ‘സ്വദേശി’കളാകാൻ ഇവയെല്ലാം പാലിക്കണം.
അസം ജനതയുടെ സംസ്കാരം ഉൾക്കൊള്ളാൻ ബംഗാളി കുടിയേറ്റ മുസ്ലിം വിഭാഗക്കാരും തയ്യാറാവണം. അസാമീസ് ആചാരങ്ങൾ പിന്തുടർന്നാൽ അവരെ സ്വദേശികളായി കാണാം
നടപടികൾ മുമ്പേ തുടങ്ങി
ബഹുഭാര്യാത്വം നിരോധിക്കാൻ നിയമം കൊണ്ടുവരുമെന്ന് ഹിമന്ത മുമ്പ് പറഞ്ഞിരുന്നു. 2023ൽ വിദഗ്ദ്ധ സമിതി റിപ്പോർട്ടും സമർപ്പിച്ചിരുന്നു. 2023 ഒക്ടോബറിൽ സർക്കാർ ജീവനക്കാർക്കിടയിലെ ബഹുഭാര്യാത്വം അവസാനിപ്പിക്കാൻ നിർദ്ദേശിച്ചിരുന്നു.ഇതിനുള്ള ബിൽ നിയമസഭയിൽ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പറഞ്ഞെങ്കിലും നടന്നില്ല.ശൈശവ വിവാഹത്തിനെതിരെയും നടപടി ആരംഭിച്ചു. ശൈശവ വിവാഹം ചെയ്ത 3,483 പേരെ അറസ്റ്റ് ചെയ്തു. 5,225 കേസുകൾ രജിസ്റ്റർ ചെയ്തു. 1935 ലെ അസം മുസ്ലിം വിവാഹ, വിവാഹമോചന നിയമം റദ്ദാക്കാനും തീരുമാനിച്ചു. 2011ലെ സെൻസസ് പ്രകാരം ജമ്മു കാശ്മീർ കഴിഞ്ഞാൽ മുസ്ലിം ജനസംഖ്യ കൂടുതലുള്ള സംസ്ഥാനമാണ് അസം. 34 ശതമാനം.