ന്യൂഡല്‍ഹി: ഇഡി കസ്റ്റഡിയിലും ഡല്‍ഹി ഭരണം തുടര്‍ന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. ജലവിഭവ വകുപ്പുമായി ബന്ധപ്പെട്ട ഉത്തരവാണ് മുഖ്യമന്ത്രി കെജരിവാള്‍ പുറത്തിറക്കിയത്. മന്ത്രി അതിഷിക്കാണ് മുഖ്യമന്ത്രി ഇതുസംബന്ധിച്ച നോട്ട് കൈമാറിയത്.ഇഡി കസ്റ്റഡിയില്‍ കഴിയവെ അരവിന്ദ് കെജരിവാള്‍ ഇറക്കിയ ആദ്യ ഉത്തരവാണിത്.
തലസ്ഥാന നഗരത്തിലെ ജലദൗര്‍ലഭ്യമാണ് കത്തില്‍ സൂചിപ്പിച്ചതെന്നും, ജലദൗര്‍ലഭ്യം നേരിടുന്ന പ്രദേശങ്ങളില്‍ ടാങ്കറുകളില്‍ കുടിവെള്ളം എത്തിക്കാനും മുഖ്യമന്ത്രി നിര്‍ദേശിച്ചതായി മന്ത്രി അതിഷി വ്യക്തമാക്കി. ഇഡിയുടെ കസ്റ്റഡിയിലിരിക്കുന്ന സമയത്തും തന്നേക്കുറിച്ചല്ല കെജരിവാള്‍ ചിന്തിക്കുന്നത്. മറിച്ച് ഡല്‍ഹിയിലെ ജനങ്ങളെക്കുറിച്ചാണ്, അവരുടെ പ്രശ്നങ്ങളെക്കുറിച്ചാണ്. കേന്ദ്ര ഏജന്‍സികളുടെ അറസ്റ്റൊന്നും ഡല്‍ഹിയിലെ ജനങ്ങള്‍ക്കു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ നിന്നും കെജരിവാളിനെ തടയാനാകില്ലെന്ന് മന്ത്രി അതിഷി അഭിപ്രായപ്പെട്ടു.
മദ്യനയക്കേസില്‍ അറസ്റ്റിലായ അരവിന്ദ് കെജരിവാളിനെ ഈ മാസം 28 വരെയാണ് ഡല്‍ഹി റോസ് അവന്യൂ കോടതി ഇഡി കസ്റ്റഡിയില്‍ വിട്ടത്. കെജരിവാളിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. അറസ്റ്റിലായ ബിആര്‍എസ് നേതാവ് കെ കവിതയെയും കെജരിവാളിനെയും ഒന്നിച്ചിരുത്തിയാണ് ചോദ്യം ചെയ്യുന്നത്. കെജരിവാളിനെതിരെയുള്ള മൊഴികള്‍ മുന്‍നിര്‍ത്തിയാണ് ചോദ്യം ചെയ്യല്‍.